കോട്ടയം: ആഗോള കത്തോലിക്കാസഭയ്ക്കും ഭാരതസഭയ്ക്കും ഈടുറ്റ സംഭാവനകള്‍ നല്കിയ പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു മാര്‍ ജോസഫ് പൗവ്വത്തിലെന്നും അദ്ദേഹത്തിന്റെ നിസ്തുല സേവനങ്ങള്‍ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്റ് എന്ന നിലയില്‍, സഭ കടന്നുപോയ പ്രതിസന്ധികളുടെ കാലഘട്ടങ്ങളില്‍ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് മാര്‍ പൗവ്വത്തില്‍ വഹിച്ചത്. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മാര്‍ പൗവ്വത്തില്‍ നടത്തിയ വലിയ ശുശ്രൂഷകളും സേവനങ്ങളും ഉറച്ച നിലപാടുകളും എക്കാലവും സ്മരിക്കപ്പെടും. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെട്ട പല സന്ദര്‍ഭങ്ങളിലും അദ്ദേഹം സധൈര്യം മുന്നോട്ടു വന്ന് എടുത്തിട്ടുള്ള ഉറച്ച തീരുമാനങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് കൂടുതല്‍ കരുത്തേകുന്നതാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി ഇന്ത്യയില്‍ ഏറ്റവും ശക്തമായ പോരാട്ടം നടത്തി. സഭയിലെ അല്‍മായ സമൂഹത്തെ സഭയിലും പൊതുസമൂഹത്തിലും മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാനും വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പൊതുവായ വിഷയങ്ങളില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തനനിരതമാക്കുവാനും അദ്ദേഹം വഹിച്ച നേതൃത്വം സഭാ ചരിത്രത്തിലെ ധന്യ മുഹൂര്‍ത്തങ്ങളാണെന്നും അനുശോചനസന്ദേശത്തില്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍