രാഹുൽ, നിങ്ങൾ തനിച്ചല്ല ; ഞങ്ങൾ കൂടെയുണ്ട് : വായ് മൂടി കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യൂഎസ്എ

Spread the love

ഹൂസ്റ്റൺ: ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ.

മാർച്ച് 26നു ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ച് നടന്ന ഹൂസ്റ്റൺ സമ്മേളനം വ്യത്യസ്തമായ പ്രതിഷേധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

ഹൂസ്റ്റണിലെ യോഗത്തിൽ പങ്കെടുക്കുത്തവർ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടിയാണ് പ്രതിഷേധിച്ചത്.

ഇന്ത്യൻ ജനാധിപത്യം വിഭാവന ചെയ്യുന്ന അമൂല്യമായ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ്. ആ അമൂല്യമായ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഏതറ്റം വരെയും പോരാടുമെന്ന് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷ്യേധ്യ നേതാവ് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്കു ശക്തി പകരുവാൻ ഒഐസിസിയുഎസ്എ ഉറച്ചു നിൽക്കുമെന്ന് ഒഐസിസി പ്രവർത്തകർ പ്രതിജ്ഞയെടുത്തു.

നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ഉത്‌ഘാടനം ചെയ്തു. നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ റീജിയനുകളെയും ചാപ്റ്ററുകളെയും പങ്കെടുപ്പിച്ചു വിവിധ നഗരങ്ങളിൽ പ്രതിഷേധ യോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് ഇവർ അറിയിച്ചു.

ഇന്ന് ഫ്ളോറിഡായിലെ ഡേവിയിൽ ഗാന്ധി സ്‌ക്വയറിൽ ഫ്ലോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുമ്പിൽ പ്രവർത്തകർ ഉപവാസം നടത്തുന്നുണ്ടെന്നും അറിയിച്ചു.

ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി സ്വാഗതമാശംസിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചു.

സ്റ്റാഫോർഡ് സിറ്റി കൌൺസിൽമാനും മേയർ സ്ഥാനാർത്ഥിയുമായ കെൻ മാത്യു, ഒഐസിസി സതേൺ റീജിയണൽ ഭാരവാഹികളായ ട്രഷറർ സഖറിയ കോശി, വൈസ് പ്രസിഡന്റുമാരായ പൊന്നു പിള്ള, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയിൽ ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ ടോം വിരിപ്പൻ, റോയ് വെട്ടുകുഴി, സെക്രട്ടറിമാരായ ഫിന്നി രാജു ഹൂസ്റ്റൺ, ബാബു ചാക്കോ, ബിനോയ് ലുക്കോസ് തത്തംകുളം (സോഷ്യൽ മീഡിയ ചെയർ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോയ് എൻ.ശാമുവേൽ, ജോർജ് കൊച്ചുമ്മൻ, തോമസ് കൊരട്ടിയിൽ, വർഗീസ് രാജേഷ് മാത്യു, ഡാനിയേൽ ചാക്കോ,രാജീവ് റോൾഡൻ തുടങ്ങിയവർ സമ്മേളത്തിന് നേതൃത്വം നൽകി.

ജനാധിപത്യ ഇന്ത്യയെ അന്ധകാരത്തിലേക്ക് തള്ളിയിടാനുള്ള ബിജെപി ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ശക്തിയോടെ എതിർക്കും. രാഹുലിനെയോ കോൺഗ്രെസ്സിനെയോ നിശ്ശബ്ദരാക്കാവുവാൻ ബിജെപിയ്ക്ക് കഴിയില്ല. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോയുടെ ഉജ്ജ്വല വിജയത്തിൽ വിറളി പൂണ്ട ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറന്തള്ളണം. ഇന്ത്യയുടെ മതേതരത്വ കാഴ്ചപ്പാടുകൾ നിലനിൽക്കണം, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. പങ്കെടുത്തവർ എല്ലാവരും ചർച്ചയിൽ സജീവമായി പങ്കെടുത്തു

16 വർഷം തുടർച്ചയായി സ്റ്റാഫോർഡ് സിറ്റി കൌൺസിൽ അംഗമായി പ്രവർത്തിയ്ക്കുന്ന, ഇപ്പോൾ മേയർ സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന ഹൂസ്റ്റൺ മലയാളികളുടെ അഭിമാനമായ കെൻ മാത്യുവിന് യോഗം പൂർണ പിന്തുണയും വിജയാശംസയും നേർന്നു.

ചാപ്റ്റർ സെക്രട്ടറി ബിജു ചാലയ്ക്കൽ നന്ദി പ്രകാശിപ്പിച്ചു.

Author