കാസര്‍ഗോഡ് മറ്റൊരു ചുവടുവയ്പ്പ്: കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാര്‍ത്ഥ്യം

Spread the love

സംസ്ഥാന സര്‍ക്കാരിന്റെ 9.41 കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. 3.33 കോടി രൂപ ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങള്‍ ലഭ്യമാക്കി. 2.85 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം എന്നിയും ഒരുക്കി.
ആശുപത്രി അണുവിമുക്തമായെന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനായി സാമ്പിള്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം, നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള ഐസിയു എന്നിവ പ്രവര്‍ത്തനമാരംഭിക്കും.
കാസര്‍ഗോഡിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നല്‍കി വരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കാസര്‍ഗോഡ് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് സേവനം ലഭ്യമാക്കി. ആദ്യമായി കാര്‍ഡിയോളജിസ്റ്റിനെ അനുവദിച്ചു. കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാക്കി. സി.സി.യു, ഇ.ഇ.ജി മെഷീന്‍ സ്ഥാപിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി ആരംഭിച്ചു. ന്യൂറോളജി, നെഫ്രോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒ.പികളും മറ്റെല്ലാ സ്‌പെഷ്യാലിറ്റി ഒപികളും ആരംഭിച്ചു. ഇതുകൂടാതെയാണ് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാര്‍ത്ഥ്യമാകുന്നത്. ഇത് ഈ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

Author