കരിപ്പൂർ വിമാനത്താവള വികസനം: ഭൂവുടമകളുടെ ഹിയറിങ് നടത്തി

Spread the love

കരിപ്പൂർ വിമാനത്താവളത്തിലെ റിസ ഏരിയ വർധിപ്പിക്കുന്നതിനായി മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭാ പ്രദേശത്തും ഭൂമിയേറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കുമായി പ്രത്യേക സമിതി ഹിയറിങ് നടത്തി. പള്ളിക്കൽ വില്ലേജിലെ ഹിയറിങ് രാവിലെ പത്തിന് കരിപ്പൂർ നഴ്‌സറി ഹാളിലും നെടിയിരുപ്പ് വില്ലേജിലേത് ഉച്ചക്ക് 2.30ന് കൊണ്ടോട്ടി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലുമാണ് നടന്നത്. റിപ്പോർട്ട് പ്രകാരം ഇരു വില്ലേജുകളിലുമായി ഏറ്റെടുക്കുന്ന ഭൂമിയിൽ 94 കുടുംബങ്ങളാണ് താമസിക്കുന്നത്. 62 വീടുകളെയും 32 ഏക്കർ കൃഷി ഭൂമിയെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കും. ജനവാസ കേന്ദ്രത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ നാട്ടുകാരുടെ പരാതി സർക്കാറിനെ ബോധ്യപ്പെടുത്തുമെന്നും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഹിയറിങിനെത്തിയ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമിയേറ്റെടുക്കലിനു ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ പ്രേംലാൽ, ഡെപ്യൂട്ടി തഹസിൽദാർ കിഷോർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഭൂവുടമകളുമായി സംസാരിച്ചത്. യോഗത്തിൽ പ്രദേശവാസികളും ഭൂമിയും വീടും നഷ്ടമാകുന്നവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. സ്ഥലം വിട്ടുനൽകുന്നവർക്ക് അർഹമായ ആനുകൂല്യവും പുനരധിവാസ പാക്കേജും നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) ദീർഘിപ്പിക്കുന്നതിനായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പള്ളിക്കൽ വില്ലേജിൽ നിന്നും ഏഴും നെടിയിരുപ്പ് വില്ലേജിൽ നിന്ന് ഏഴര ഏക്കറുമാണ് ഇതിൽ ഉൾപ്പെടുക. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്മെന്റിന്റെ നേതൃത്വത്തിലാണ് സാമൂഹിക ആഘാത പഠനം. ഇതിന്റെ കരട് റിപ്പോർട്ട് കഴിഞ്ഞ മാസം ഡെപ്യൂട്ടി കളക്ടർക്ക് കൈമാറിയിരുന്നു.

Author