സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളെ ഞെരിച്ച് കൊല്ലുന്ന ക്രഷര്‍ യൂണിറ്റുകള്‍ക്ക് തുല്യമെന്ന് കെ.സുധാകരന്‍ എംപി

Spread the love

നികുതി അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളെ ഞെരിച്ച് കൊല്ലുന്ന ക്രഷര്‍ യൂണിറ്റുകളായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

അഴിമതിയും ധൂര്‍ത്തും സാമ്പത്തിക കെടുകാര്യസ്ഥതയും കൊണ്ട് കാലിയായിപ്പോയ ഖജനാവ് നിറയ്ക്കാന്‍ കറവപശുവിനെപ്പോലെയാണ് പിണറായി പൊതുജനത്തെ കാണുന്നത്. സര്‍വത്ര മേഖലയിലും വിലക്കയറ്റം കൊണ്ട് ജീവിക്കാന്‍ പൊറുതിമുട്ടിയ ജനം പിണറായി ഭരണം കഴിയുന്നതുവരെ കൂട്ടത്തോടെ കേരളത്തില്‍ നിന്നും പലായനം ചെയ്യേണ്ട ഗതികേടിലാണ്.ഇരുപത് മുതല്‍ അമ്പത് ശതമാനം വരെയാണ് ഓരോ ഉത്പന്നങ്ങള്‍ക്കുംവിലവര്‍ധിച്ചത്.പലവ്യഞ്ജനങ്ങള്‍,പച്ചക്കറി,മാംസം,മരുന്ന്, തുടങ്ങിയവ ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിക്കുകയാണ്.

Supplyco staff to get 8.33 % bonus

സപ്ലെെക്കോയുടെയും ഹോര്‍ട്ടികോര്‍പ്പിന്‍റെയും നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവന്നിരുന്ന ഈദ്-ഈസ്റ്റര്‍-വിഷു ഉത്സവകാലത്തെ ആദായവില്‍പ്പന ചന്തകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ ഇത്തവണ ഗുരുതര അലംഭാവം കാട്ടി. വിഷുവിന് രണ്ടു ദിവസം മുന്‍പ് ആദായവില്‍പ്പന ചന്തകള്‍ തുറക്കുമെന്ന് പറഞ്ഞ് ഭക്ഷ്യമന്ത്രി ജനങ്ങളുടെ ബുദ്ധി പരീക്ഷിക്കുകയാണ്. സാധാരണക്കാരന്‍ പട്ടിണിയിലും അര്‍ധപട്ടിണിയിലും കിടന്ന് ദുരിതം പേറുമ്പോള്‍ മന്ത്രിമാര്‍ ആഢംബര സൗകര്യം മെച്ചപ്പെടുത്തുന്ന തിരക്കിലാണ്. ജനങ്ങളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കാന്‍ വിവിധ വകുപ്പുകള്‍ പരസ്പരം മത്സരിക്കുകയാണ്. പാല്‍,ഇന്ധനം,വെള്ളക്കരം,വെെദ്യുതി നിരക്ക്,ഭൂനികുതി,ഓട്ടോ ബസ്സ് ചാര്‍ജ്ജ് തുടങ്ങിയ വര്‍ധിപ്പിച്ച് ജനത്തിന്‍റെ നടുവൊടിക്കുന്നതിലുള്ള ആത്മാര്‍ത്ഥത അവര്‍ പ്രകടിപ്പിച്ചു. ഇതിന് പുറമെ
കെട്ടിട പെര്‍മിറ്റ് ഫീസില്‍ 19 മടങ്ങ് അന്യായവര്‍ധനവരുത്തി വന്‍ പിടിച്ചുപറിയാണ് നടത്തുന്നത്.കെട്ടിട പെര്‍മിറ്റിന് ഉയർന്ന ഫീസ് ഈടാക്കുന്നത് സാധാരണക്കാരോടുള്ള കടുത്ത അനീതിയാണ്.മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയുള്ള വിപണി ഇടപെടലും ഫലപ്രദമല്ല. വറ്റല്‍ മുളകിന്‍റെ വില റെക്കാര്‍ഡിലെത്തി.അരി,പയര്‍,പരിപ്പ്,ഉഴുന്ന്,നാരങ്ങ,പച്ചമുളക്,ഇഞ്ചി,പടവലം,ചേമ്പ് എന്നിവയുടെ വില വാണം പോലെ കുതിക്കുമ്പോഴും കേരളത്തിലെ കര്‍ഷകര്‍ക്ക് പട്ടിണിക്കഞ്ഞിയാണ്. കൃഷിനാശം സംഭവിച്ച 1.48 ലക്ഷം കര്‍ഷകര്‍ക്കുള്ള വിള ഇന്‍ഷുറന്‍സ് സഹായം പോലും സര്‍ക്കാര്‍ നല്‍കിയില്ല. കര്‍ഷകര്‍ വിളയിറക്കാതായാല്‍ ആഭ്യന്തര ഉത്പാദനത്തെ അത് കാര്യമായി ബാധിക്കും. ഇതിലൂടെ ഇറക്കുമതി ഉത്പന്നങ്ങളുടെ വിലനിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടാകുമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

നികുതി വര്‍ധിപ്പിച്ച് ജനത്തെ ദ്രോഹിക്കുക എന്നതിന് അപ്പുറം മന്ത്രിമാര്‍ക്ക് സ്വന്തം വകുപ്പ് ശ്രദ്ധിക്കാന്‍ സമയമില്ല. സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനദ്രോഹ നികുതികള്‍ അടിച്ചേല്‍പ്പിച്ച് ജനത്തെ ശിക്ഷിച്ചു. അധികാരം ജനത്തെ പീഡിപ്പിക്കാനുള്ള ഉപാധിയായി എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭരണപരാജയവും പിടിപ്പുകേടും മറയ്ക്കാന്‍ ജനത്തിന് മേല്‍ നികുതി ഭീകരത അടിച്ചേല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വര്‍ധിപ്പിച്ച നികുതി കുറച്ച് ജനത്തിന് തെല്ലെങ്കിലും ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ കോമാളി കൂട്ടത്തെ നേരിടാന്‍ പൊതുജനത്തെ അണിനിരത്തി ശക്തമായ സമരപരമ്പരകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

Author