ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്ക് നിര്ബന്ധംസംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിലുമാണ്. 85 ശതമാനം കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് 60 വയസിന് മുകളിലുള്ളവരിലാണ്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരാണ്. കിടപ്പുരോഗികള്‍, വീട്ടിലെ പ്രായമുള്ളവര്‍ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകണം. പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്ക് ധരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്ത് പോയി വരുന്നവർ വളരെയധികം ശ്രദ്ധിക്കണം. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകാതെ അവര്‍ ഇത്തരം വിഭാഗക്കാരുമായി അടുത്തിടപഴകരുത്. ഇടയ്ക്കിടയ്ക്ക് സാനിറ്റൈസറോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കേണ്ടതാണ്. ജീവിതശൈലീ രോഗങ്ങളുള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും, കുട്ടികളും കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തണം. ആശുപത്രികളിലും മാസ്ക് നിര്‍ബന്ധമാണ്. മറ്റ് സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്.എല്ലാ ജില്ലകളും കൃത്യമായി കോവിഡ് അവലോകനങ്ങള്‍ തുടരണം. ആശുപത്രി സജ്ജീകരണങ്ങള്‍ സര്‍ജ് പ്ലാനനുസരിച്ച് വര്‍ധിപ്പിക്കണം. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികളുടെ പ്രത്യേകം യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. കെയര്‍ ഹോമുകളിലുള്ളവര്‍, കിടപ്പ് രോഗികള്‍, ട്രൈബല്‍ മേഖലയിലുള്ളവര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. കെയര്‍ ഹോമുകള്‍, വൃദ്ധ സദനങ്ങള്‍ തുടങ്ങിയ പ്രത്യേക പരിചരണം ആവശ്യമുള്ളയിടങ്ങളിലെ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാരുമായി ഇടപെടുന്നവർ എന്‍ 95 മാസ്ക് ധരിക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തേണ്ടതാണ്.