ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ എന്റെ ഒരു ദിവസം (DAC) – ലാലി ജോസഫ്

Spread the love

മജീഷ്യന്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് ഭിന്ന ശേഷികാര്‍ക്ക് വേണ്ടി നടത്തുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററും മാജിക്ക് പ്ലാനറ്റിനേയും കുറിച്ച് സോഷ്യല്‍ മീഡീയായില്‍ കൂടി വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ ഇനി നാട്ടില്‍ അവധിക്ക് പോകുമ്പോള്‍ ആ സ്ഥലം സന്ദര്‍ശിക്കണം എന്ന ഒരു ആഗ്രഹം എന്റെ ഉള്ളില്‍ തോന്നി തുടങ്ങി. ആഗ്രഹിക്കുക എന്നത് വളരെ എളുപ്പം ആണ് പക്ഷെ അത് നടപ്പില്‍ വരുത്തുമ്പോഴാണ് നമ്മള്‍ വിജയം കാണുന്നത്. ബ്രസിലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്‌ലോ ‘ദ ആല്‍കെമിസ്റ്റ് ‘ എന്ന നോവലില്‍ പറയുന്നുണ്ട് എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ്ണമനസോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അവന്റെ സഹായത്തിനെത്തും. എന്തിനെങ്കിലും വേണ്ടി ഉള്ളിന്റെയുള്ളില്‍ എപ്പോഴെങ്കിലും ഉത്ഘടമായൊരു ദാഹമുണര്‍ന്നാല്‍ ഉറപ്പിച്ചോളൂ, അവിടെ പ്രപഞ്ചാത്മാവിന്റെ സാന്നിദ്ധ്യമുണ്ട് ആ ശക്തി അവനെ മുന്നോട്ട് തന്നെ നയിക്കും.. ലോകത്തിലെ ഏറ്റവും വലിയ സത്യവും ഇതു തന്നെയാണ്.

എന്റെ നാട് കോട്ടയം ഡിസ്്രടിക്റ്റിക്കിലെ വൈക്കം ആണ്. ഒരു നീണ്ട യാത്ര ചെയ്താലേ തിരുവനന്തപുരത്ത് കഴക്കുട്ടത്തുള്ള മുതുകാട് സാറിന്റെ വളരെ പ്രത്യേകതയുള്ള ആര്‍ട്ട് സ്‌ക്കൂളില്‍ എത്തുകയുള്ളു. യാത്രകളും വായനയും അറിവ് നേടി തരും എന്ന് എവിടേയോ വായിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.

നാട്ടിലെ എന്റ അവധി ദിവസം ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 1 വരെയായിരുന്നു. ഫെബ്രുവരി 25, 26 തീയതികളില്‍ ഇന്‍ഡ്യയിലെ ആദ്യത്തെ ഡിസെബിലിറ്റി ആര്‍ട്ട് ഫെസ്റ്റ്‌വെല്‍ ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നു അതിനോടനുബന്ധിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 1000 ത്തില്‍ പരം കുട്ടികള്‍ പങ്കെടുക്കുന്നുണ്ടെന്നുള്ള വാര്‍ത്ത പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നു. ആ തിരക്കിട്ട ദിവസം ഒഴിവാക്കികൊണ്ടുള്ള ഒരു ദിവസം തിരഞ്ഞെടുത്തു. അങ്ങിനെ ഫെബ്രുവരി 21ാം തീയതി പോകുവാന്‍ തീരുമാനിച്ചു.

ഈ സമയങ്ങളില്‍ മനസില്‍ കൂടി ഒരുപാടു ചോദ്യങ്ങള്‍ കടന്നു കൂടി. അതായത് ഞാന്‍ വൈയ്ക്കത്തു നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യ്ത് അവിടെ ചെന്നു കഴിഞ്ഞാല്‍ എന്താണ് അവിടെ ഇത്രമാത്രം കാണാന്‍ ഉള്ളത്? ഈ സ്ഥാപനം സന്ദര്‍ശിച്ചു വന്നിട്ടുള്ള ആരേയും ഞാന്‍ നേരിട്ടു കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ ഞാന്‍ എടുത്ത തീരുമാനം ഉചിതമാണോ എന്ന ഒരു സന്ദേഹം ഉണ്ടായി. ‘ നിത്യജീവിതത്തിലെ അനുഭവങ്ങളോരോന്നും ഓരോ നിമിത്തങ്ങളാണ്’ അകാരണമായി മനസില്‍ തെളിയുന്ന ചില പ്രത്യേക തോന്നലുകള്‍, ഉള്‍വിളികള്‍ ഇതൊക്കെ നിമിത്തങ്ങളാണെന്ന് പഴയ ആള്‍ക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്യശ്യമായ ഏതോ ഒരു ശക്തിയാണ് ഓരോ വ്യക്തിയുടേയും ജീവിതത്തിലെ ഓരോരോ സംഭവങ്ങളേയും കൂട്ടിയിണക്കുന്നത്. നിമിത്തങ്ങളില്‍ എനിക്ക് വിശ്വാസമുണ്ട്. അല്‍ക്കമിസ്റ്റ് നോവലില്‍ പറഞ്ഞതു പോലെ എന്തായാലും മുന്‍മ്പോട്ടു വച്ച കാല്‍ മുന്‍മ്പോട്ടു തന്നെ പേകട്ടെ എന്നു തീരുമാനിച്ചു. എന്റെ അടുത്ത ബന്ധത്തിലുള്ള ക്രിസ്റ്റീന്‍ റോസ് ടോജോ ഈ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയെ ഞാന്‍ ആഗ്രഹം അറിയിച്ചു. റജീന വളരെ സന്തോഷത്തോടു കൂടി തന്നെ ആഗ്രഹത്തെ വരവേറ്റു. എനിക്കുവേണ്ടി ജോലിയില്‍ നിന്ന് ഞാന്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ച ദിവസം അവധിയെടുക്കുകയും ചെയ്തു.

അങ്ങിനെ പറഞ്ഞതു പ്രകാരം എന്റെ ഡൈവര്‍ അജയനും എന്റെ ബന്ധത്തില്‍പ്പെട്ട മറ്റു രണ്ടു പേരും കൂടി ഫെബ്രുവരി 21 ന് വൈയ്ക്കത്തു നിന്നു തിരുവനന്തപുരത്തുള്ള മാജിക്ക് പ്ലാനറ്റ് കാണാന്‍ അതിരാവിലെ യാത്ര തിരിച്ചു. ഞങ്ങള്‍ക്ക് എല്ലാംവര്‍ക്കും കിസ്റ്റീന്റെ അമ്മ പ്രഭാത ഭക്ഷണം തയ്യാറാക്കിയിരുന്നു. ക്രിസ്റ്റീന്‍ ബഡ് റൂമില്‍ ഇരുന്ന് തന്റെ ഫോണില്‍ നോക്കികൊണ്ട് കളിക്കുകയായിരുന്നു. അവിടെ ക്രിസ്റ്റീന്റെ സഹോദരന്‍ ജോണ്‍ പോള്‍, ഗ്രാന്റ്മദര്‍, ക്രിസ്റ്റിന്റെ പപ്പ ടോജോ തോമസും ഉണ്ടായിരുന്നു. ഭക്ഷണം തയ്യാറാക്കുന്നതിന്റെ ഇടയിലും റജിന ക്രിസ്റ്റീന് പല പല നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുണ്ടായിരുന്നു.

അതിന്റെയിടയില്‍ ഞങ്ങളെ കീ ബോര്‍ഡ് വായിപ്പിച്ചു കേള്‍പ്പിക്കാന്‍ റജീനാ പറയുന്നുണ്ടായിരുന്നു. ആ സമയത്ത് ക്രിസ്റ്റീന്‍ കീ ബോര്‍ഡ് വായിച്ചു കേള്‍പ്പിക്കാന്‍ തയ്യാറായിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ ക്രിസ്റ്റീന്‍ മറ്റൊരു മുറിയില്‍ പോയിരുന്ന് കീ ബോര്‍ഡ് വായിക്കുന്നതു കണ്ടു. പറയുന്നത് എല്ലാം മനസിലാകുന്നുണ്ടെങ്കിലും ഒരു ചെറിയ പിടി വാശി ഉണ്ടോ എന്ന ഒരു സംശയം എനിക്ക് തോന്നി. ടോജോയും റജിനായും ക്രിസ്റ്റിന്‍നു വേണ്ടിയാണ് തിരുവനന്തപുരത്ത് ഫ്‌ളാറ്റ് വാടകക്ക് എടുത്ത് താമസിക്കുന്നത്. ടോജോ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിട്ട് ജോലി ചെയ്യുന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ക്രിസ്റ്റീന്‍ സ്‌ക്കൂളില്‍ പോകാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. റജീനാ ഞങ്ങളോടു പറഞ്ഞു നിങ്ങള്‍ താഴോട്ടു പൊയേ്‌ക്കോളുക. എന്റെ വണ്ടിയെ നിങ്ങള്‍ ഫോളോ ചെയ്താല്‍ മതി.

റജീന ഓടിച്ചിരുന്ന വണ്ടിയെ ഞങ്ങള്‍ ഫോളോ ചെയ്തു. ഏകദേശം ഒന്‍മ്പത് മണിയോടു കൂടി ഞങ്ങള്‍ മാജിക്ക് പ്ലാനറ്റില്‍ എത്തി ചേര്‍ന്നു. ഒരു ബസ് നിറയെ സ്‌ക്കൂള്‍ കുട്ടികളെ കൊണ്ട് മാജിക്ക് പ്ലാനറ്റ് കാണിക്കുവാന്‍ കൊണ്ടു വന്നിട്ടുണ്ടായിരുന്നു. ഗേറ്റ് കടന്നപ്പോഴേ എനിക്ക് തോന്നിയ ഒരു കാര്യം ഇത് കാണേണ്ട ഒരു സ്ഥലം തന്നെയാണ്. ഈ യാത്ര ഒരു അനുഗഹമായിട്ട് തന്നെ എനിക്കു തോന്നി.

യാത്ര തിരിക്കുന്നതിനു മുന്‍മ്പ് തന്നെ റജീന എന്നോടു ഒരു കാര്യം പറഞ്ഞിരുന്നു. മുതുകാട് സാറിനെ കാണുന്ന കാര്യത്തില്‍ ഒരു ഉറപ്പു തരുവാന്‍ പറ്റുകയില്ല. അപ്പോയിന്റ്‌മെന്റ് എടുത്തു വരുന്നവര്‍ക്കു പോലും പലപ്പോഴും സാറിനെ കാണുവാന്‍ സാധിച്ചിട്ടില്ല. കാരണം സാര്‍ അത്രക്കു തിരക്കില്‍ കൂടെയാണ് കടന്നു പോകുന്നത്. സാറിനെ കണ്ടില്ലങ്കിലും അവിടുത്തെ കുട്ടികളേയും അവരുടെ പ്രവര്‍ത്തനങ്ങളും കാണമല്ലോ. സാറിനെ കാണുവാന്‍ സാധിച്ചാല്‍ അത് ഒരു വലിയ ഭാഗ്യമായിരിക്കും. ഞങ്ങള്‍ മുതുകാട് സാറിന്റെ ഓഫീസിന്റെ വാതുക്കല്‍ എത്തിയപ്പോള്‍ പെട്ടെന്ന് ഒരു കാര്‍ അവിടെ വന്നു നില്‍ക്കുകയും സാര്‍ കാറില്‍ നിന്ന് ഇറങ്ങി ഓഫീസിലേക്ക് കയറി പോകുന്നത് കണ്ടു. ആ സമയത്ത് എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുമായിരുന്നില്ല.. റജീന പറഞ്ഞു നമ്മള്‍ക്ക് ഷോയ്ക്ക് കയറാം അത് കഴിഞ്ഞിട്ട് സാറിനെ അടുത്തു കാണുവാനുള്ള സൗകര്യം ഒരുക്കാം

അഞ്ച് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഡിഫറന്റലി ഏബിള്‍ഡ് കുട്ടികളുടെ ഒരു ആര്‍ട്ട് സ്‌ക്കൂള്‍ ആണിത്. Different Art Centre ( DAC) എന്നാണ് ഈ സ്ഥാപനത്തെ അറിയപ്പെടുന്നത്. സെ്‌പെഷ്യലി ഏബിള്‍ഡ് കുട്ടികളെ എഡ്യുക്കേറ്റ് ചെയ്യുക എന്നുള്ളതാണ്. ഈ സ്ഥാപനത്തിന്റെ ലക്ഷ്യം..

ഞങ്ങള്‍ ആദ്യത്തെ ഷോ കാണുവാന്‍ വേണ്ടി കയറി. ഏതോ ഒരു സ്‌ക്കൂളില്‍ നിന്നു വന്ന കുറെ കുട്ടികളും അവരുടെ കൂട്ടത്തില്‍ വന്ന ടീച്ചേഴ്‌സും ഈ ഷോ കാണുവാനായിട്ട് ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. സര്‍ക്കസും തമാശും എല്ലാം കൂടിയിട്ടുള്ള ഒരു കളര്‍ഫൂള്‍ ഷോയായിരുന്നു. ആ കുട്ടികള്‍ വളരെയധാകം ആവേശഭരിതമായിട്ടാണ് ഒരോ ഷോക്കും കയറുന്നതായി ഞാന്‍ കണ്ടത്.

അവിടെ നിന്ന് ഞങ്ങളെ അടുത്ത ഷോയിലേക്ക് കയറി. ആ സ്റ്റേജിന്റെ പേര് ബീധോവന്‍ ബഗ്‌ളാവ് എന്നായിരുന്നു. മൂസിക്കിനു വേണ്ടി പണിത ഒരു സ്റ്റേജ് ആയിരുന്നു. ഗ്രേറ്റ് മൂസിഷ്യന്‍ ബിധോവന്റെ ഓര്‍മ്മക്കു വേണ്ടി പണികഴിപ്പിച്ചിട്ടുള്ളതാണ് ഈ മൂസിക്ക് ആര്‍ട്ട്. ശാരീരകമായും മാനസികമായും പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഇത് ഒരു തെറാപ്യുട്ടിക്ക് മെഡിസിനായും ഉപകരിക്കും. ഈ സ്റ്റേജിന്റെ ഉല്‍ഘാടനം 2019 ആഗസ്റ്റ് രണ്ടാം തീയതി ശ്രീ ശ്രികുമാരന്‍ തമ്പിയും, ശ്രിമതി കെ. സ്. ചിത്ര, ശ്രി. എം. ജയചന്ദ്രനും കൂടി നിര്‍വ്വഹിച്ചു എന്ന് അവിടുത്തെ ഫലകങ്ങളില്‍ കൂടി അറിയുവാന്‍ സാധിച്ചു. അവിടെ ഞങ്ങള്‍ കുട്ടികളുടെ മനോഹരമായ പാട്ടുകള്‍ ആസ്വദിച്ചു. പിന്നീട് ഞങ്ങളെ കൊണ്ടു പോയത് ഡാന്‍സ് ആര്‍ട്ട് സ്റ്റേുജ് ആയ ജലേയോ മഹലിലേക്കാണ്. ആ സ്റ്റേജിന്റെ ഉള്‍ഭാഗം കണ്ട് ഞാന്‍ ഞെട്ടി പോയി. അത്രക്ക് മനോഹരമായ ഒരു പുരാതനകാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലുള്ള ഒരു ആര്‍ക്കിടെക്ചറായിരുന്നു. ഇതിന്റെ ഉള്‍വശം. ഇതിന്റെ മനോഹാരിത കണ്ടു തന്നെ അറിയണം. പറഞ്ഞു മനസിലാക്കാന്‍ പറ്റുകയില്ല.

മെന്റലി ചലഞ്ചുള്ള കുട്ടികള്‍ക്ക് ഡാന്‍സ് അവതരിപ്പിക്കുവാനുള്ള ഒരു വേദിയാണിത്. ഡാന്‍സ് ഒരു ഫിസിക്കല്‍ ആക്റ്റിവിറ്റി മാത്രമല്ല അവരുടെ സെന്‍സിനെ ഉത്തേജിപ്പിക്കാനും മോട്ടോര്‍ കോര്‍ഡിനേഷനും ഇത് വളരെയധികം ഉപകരിക്കും. ഈ സെന്റര്‍ ഉല്‍ഘാടനം ചെയ്തത് സെപ്റ്റംബര്‍ 2019 തില്‍ ബഹുമാനപ്പെട്ട റിട്ടേയഡ് ജഡ്ജി ബി. കമല്‍ പാഷയും, ശ്രിമതി ലക്ഷമി ഗോപാലസ്വാമിയുമാണ്.

പിന്നീട് ഞങ്ങള്‍ പോയത് ആഞ്ചലോസ് ആര്‍ട്ട് ട്രീ കാംബസിലേക്കായിരുന്നു. ഈ സ്ഥലം പെയിംന്റിംഗും മറ്റു ക്രയേറ്റിവ് ആര്‍ട്‌സിനും വേണ്ടിയുള്ളതാണ് സംസാരിക്കാന്‍ സാധിക്കാത്ത കുട്ടികളെയായിരുന്നു അവിടെ കൂടുതലും കാണാന്‍ സാധിച്ചത്. ബധിരതയും മൂകതയും തളം കെട്ടി നില്‍ക്കുന്ന സ്ഥലം. ഈ കലാവിരുതില്‍ കൂടെയായിരുന്നു അവരുടെ കമ്മ്യൂണിക്കേഷന്‍ നടത്തിയിരുന്നത്. ഒരു വലിയ പുളിമരത്തിന്റെ താഴെയായിരുന്നു അവര്‍ പെയിന്റിംഗ് നടത്തിയിരുന്നത്. ബ്രഷും പെയിന്റും കൂടി കലര്‍ന്ന ഒരു കളര്‍ഫുള്‍ ലോകമായിരുന്നു ആ മരത്തിന്റെ താഴെ ഞാന്‍ കണ്ടത്. ഈ കല ഇവരെ സ്വയം പര്യാപ്തതയില്‍ എത്തിക്കുവാനും അവരില്‍ ഉള്ള മോട്ടോര്‍ സ്‌ക്കില്ലിനെ ഉണര്‍ത്തുവാനും ഈ ആര്‍ട്ടിന് സാധിക്കും. 100 ല്‍ കൂടുതല്‍ പെയിന്റിംഗിന്റെ കലാവിരുതുകള്‍ അവിടെ കാണാന്‍ സാധിച്ചു. ഈ പെയിംന്റിഗ് എല്ലാം കുട്ടികള്‍ അവരുടെ കൈകള്‍ കൊണ്ടു വരച്ചതാണ്. പെയിംന്റിംഗ് കലയെ സ്‌നേഹിക്കുന്നവര്‍ക്ക് വില കൊടുത്തു വാങ്ങുകയും ചെയ്യാം. ഈ സ്റ്റേജ് ഉല്‍ഘാടനം ചെയ്തത് ശ്രി. കനായി കുഞ്ഞുരാമനും ശ്രി. മുരളി തുമ്മാരകുടിയും ആണ്.

പീന്നീട് ഞങ്ങള്‍ പോയത് 5 ാംമ ത്തെ സ്റ്റേജ് ആയ കാമിലേ കാസ്‌കാഡ (Film making) യിലേക്കായിരുന്നു. ഈ സ്റ്റേജിന്റെ മുഖ്യമായ ഉദ്ദേശം സിനിമയും ആയി ബന്ധപ്പെട്ട എഡിറ്റിംഗ്, സിനിമാറ്റോഗ്രാഫി, കംബോസിംഗ് ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഇതിന്റെ ഉള്ളില്‍ ഞങ്ങളെ ഒരു ഷോ കാണിച്ചു. ഒരു പുരാതന കഥയെ ആസ്പദമാക്കിയിട്ടുള്ള ഒരു നാടകമായിരുന്നു. മാറി മാറി വരുന്ന ബാക്ക്ഗ്രൗണ്‍ സെറ്റിംഗ്, സംഗിതം അഭിനയം ഈ ഒരു ഷോ നിങ്ങള്‍ അനുഭവിച്ചു തന്നെ അറിയണം. എഴുതി വിവരിക്കാന്‍ എന്നെ കൊണ്ടു സാധിക്കില്ല. ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി . ഇതിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത് ഫിലിം ഡയറക്റ്റര്‍ ശ്രി. കമലും ആക്ടര്‍ ക്രി മധുവും ആണ്.

ഇതിനു ശേഷം ഞങ്ങളെ കൊണ്ടു പോയത് ആദ്യത്തെ സ്റ്റേജായ ഇന്‍ഡ്യ ഫോര്‍ട്ടിലേക്കാണ്. ഒരു കാര്യം പറയാന്‍ വിട്ടു പോയി. ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ആകെ ഏഴ് സ്റ്റേജുകളുണ്ട്. വ്യത്യസ്ഥമായ കാര്യങ്ങള്‍ക്കു വേണ്ടി പണി കഴിപ്പിച്ചിട്ടുള്ളതാണ് ഈ ഏഴു സ്റ്റേജുകളും. 1. ഇന്‍ഡ്യ ഫോര്‍ട്ട് 2.ബീധോവന്‍ ബഗ്‌ളാവ്( Art of Music) 3. ജലയോ മഹല്‍( Dance Art) 4. ആഞ്ചലയോ ആര്‍ട്ട്ട്രി( Colors & creativity) 5. കാമിലേ കാസ്‌കാഡേ (Film making)) 6. വണ്ടര്‍ വിഗ്‌സ് ( Creative Stage) 7. ഡിഫറന്റ് തോട്ട് സെന്റര്‍.(Education center)

ഇന്‍ഡ്യ ഫോര്‍ട്ടില്‍ ഞങ്ങള്‍ കണ്ടത് കുട്ടികളുടെ മള്‍ട്ടി ടാലന്റഡ് ആക്റ്റിവിറ്റിസ് ആയിരുന്നു. ഡ്രാമാറ്റിക് വികാരങ്ങളുടെ ഒരു സംഗിതസദസ് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. അവരുടെ സൗന്ദര്യം, ദേഷ്യം, സന്തോഷം എല്ലാം ഈ ഷോയില്‍ കൂടെ അവര്‍ കാണിച്ചു തന്നു. ഇന്‍ഡ്യ ഫോര്‍ട്ടില്‍ ഞാന്‍ ക്രിസ്റ്റീനെ കണ്ടു. അവള്‍ ആ സ്റ്റേജിന്റെ മൂലയില്‍ കീ ബോര്‍ഡ് വായിക്കുന്നുണ്ടായിരുന്നു. ഡല്‍ഹിയിലെ റെഡ് ഫോര്‍ഡിന്റെ മാത്യകയിലാണ് പണിതിരിക്കുന്നത്. ഈ ഇന്‍ഡ്യ ഫോര്‍ട്ട് ജൂലൈ 15 2019 ലാണ് തുറന്നത് ഉല്‍ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചത് ബഹുമാനപ്പെട്ട കേരളാ ഗവര്‍ണ്ണര്‍ പി. സദാശിവന്‍ ആയിരുന്നു. ഇന്‍ഡ്യ ഫോര്‍ട്ടില്‍ നിന്നു 6 ാം മത്തെ സ്റ്റേജായ വണ്ടര്‍ വിംഗ് കണ്ടു. ഈ സ്റ്റേജിന്റെ അകത്തു കയറാനുള്ള സമയം കിട്ടിയില്ല.

വണ്ടര്‍ വിംഗ്‌സ് ആധുനിക എയര്‍ ക്രാഫ്റ്റിന്റെ മോഡലില്‍ ഉണ്ടാക്കിയിരിക്കുന്ന ഒരു ക്രിയേറ്റിവ് സ്റ്റേജ് ആണ്. ഇതിന്റെ ഉള്ളിലാണ് എല്ലാം ദിവസവും കുട്ടികളുടെ മാജിക്ക് പരേഡ് നടത്തുന്നത് ഇതിനിടയില്‍ റജീനാ ഞങ്ങളെ അവിടെ തന്നെ പ്രവര്‍ത്തിക്കുന്ന കഫറ്റേറിയായില്‍ കൊണ്ടു പോയി ഉച്ചഭക്ഷണവും വാങ്ങി തന്നു. അവിടെ നല്ല തിരക്ക് കാണപ്പെട്ടു. ചില കുട്ടികളുടെയും മാതാപിതാക്കള്‍ ഈ കഫറ്റേറിയായില്‍ ജോലി ചെയ്യുന്നുണ്ട് ഭക്ഷണം കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ പോയത്Different Thought Center ( Education center) ഏഴാമത്തെ സ്റ്റേജാണ്. കമ്മ്യൂണിറ്റിക്ക് കൊടുക്കേണ്ട അറിവ് ഇവിടെ നിന്നു കിട്ടും. ഗര്‍ഭാവസ്ഥയില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം കുട്ടികളില്‍ ഉണ്ടാകുന്ന ഡിസെബിലിറ്റിയെ തടയാന്‍ അതുപോലെ സ്‌പെഷ്യല്‍ ആവശ്യം ഉള്ള കുട്ടികളോടു സമൂഹം കാണിക്കേണ്ട മര്യാദകളും അവരോടു എങ്ങിനെ പെരുമാറണം ഇതൊക്കെ പരിശീലിപ്പിക്കുന്നത് ഇവിടെയാണ്. ഈ സെന്റര്‍ 2019 നംവബര്‍ 7 ന് ബഹുമാനപ്പെട്ട കേരളാ സ്റ്റേറ്റ് ലജിസ്‌ലേറ്റിവ് അസംമ്പളി സ്പീക്കര്‍ ശ്രി. ശ്രീരാമക്യഷ്ണന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

പിന്നീട് ഞങ്ങള്‍ പോയത് അവിടെ പഠിക്കുന്ന കുട്ടികളുടെ അമ്മമാര്‍ ഉണ്ടാക്കി വച്ചിരിക്കുന്ന കൗതുകമുള്ള ഒരുപാടു സാധനങ്ങള്‍ കാണിക്കുവാന്‍ വേണ്ടിയിട്ടായിരുന്നു. പലതരം ആഭരണങ്ങള്‍ പൂവുകള്‍, അലങ്കാര വസ്തുക്കള്‍, നെറ്റിപ്പട്ടം തുടങ്ങിയ ഇവിടെയുണ്ടായിരുന്നു. അമ്മമാരുടെ കഴിവുകള്‍ എടുത്തുകാണിക്കുന്ന ഒരു വേദിയായിരുന്നു. കരിഷ്മ എന്നതാണതിന്റെ പേര്.. ഞങ്ങള്‍ കുറച്ചു എൈറ്റംസ് വില കൊടുത്തു വാങ്ങിച്ചു. പലരും ജോലിയില്‍ നിന്ന് നീണ്ട അവധി എടുത്ത് വീട് വിട്ട് ഇവിടെ അവരുടെ കുട്ടികള്‍ക്ക് വേണ്ടി വാടകക്ക് താമസിക്കുന്നവരാണ്.

ഒരോ ഷോയ്ക്കു വേണ്ടി പോകുന്ന പാതകള്‍ അതിമനോഹരമായി കാണപ്പെട്ടു. ഒരു പുതിയ ലോകത്തു കൂടി സഞ്ചരിക്കുന്ന ഒരു അനുഭൂതിയാണ് എനിക്ക് അനുഭവപ്പെട്ടത്. അതുപോലെ ഓരോ ഷോയ്ക്ക് മുന്‍മ്പ് അവിടെ നമ്മള്‍ എന്താണ് കാണാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഒരു വിവരണം തരുന്നുണ്ട്. നല്ല പ്രൊഫഷണല്‍ രീതിയിലാണ് ആ പെണ്‍കുട്ടികള്‍ ആംങ്കറിംഗ് ചെയ്യുന്നത്. നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ എനിക്ക് അവസരം കിട്ടിയില്ല. ഏന്റെ അഭിനന്ദനങ്ങള്‍ ഈ ഏഴുത്തില്‍ കൂടി അറിയിക്കുന്നു.

ഇത്രയും കണ്ടു കഴിഞ്ഞപ്പോള്‍ സമയം മൂന്നു മണി ആയി. ഇവിടെ ഞാന്‍ കണ്ടത് ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ മൂന്നൂറോളം ഭിന്നശേഷി കുട്ടികളുടെ പ്രവര്‍ത്തന രീതികളും കലാരംഗത്തെ അവരുടെ മികവുകളാണ്. ഈ രംഗത്ത് അവര്‍ക്ക് പരീശീലനം കിട്ടുന്നത് ഈ സെന്ററില്‍ നിന്നാണ് മാജിക്കിന് പ്രധാന്യം കൊടുക്കുന്ന ഒരു തീം പാര്‍ക്കാണ് മാജിക്ക് പ്ലാനറ്റ്. വിസ്മയ ലോകത്തെ് ആ കാഴ്ച കാണുവാന്‍ എനിക്ക് സാധിച്ചില്ല ഒരു ദിവസം തിരുവനന്തപുരത്ത് താമസിച്ചിരുന്നെങ്കില്‍ എനിക്ക് മാജിക്ക് പ്ലാനറ്റിലെ കളര്‍ഫൂള്‍ കാഴ്ചകള്‍ കൂടി കാണാമായിരുന്നു. അടുത്ത വരവിന് മാജിക്ക് പ്ലാനറ്റ് കാണണം എന്ന മോഹം മനസില്‍ കുറിച്ചിട്ടു.

മുതുകാട് സാര്‍ ഓഫിസില്‍ ഉണ്ട് എന്ന വിവരം കിട്ടിയത് അനുസരിച്ച് ഞങ്ങള്‍ അങ്ങോട്ടേക്ക് പോയി. സാര്‍ ഓഫീസിന്റെ വെളിയിലേക്ക് വന്നു. പെട്ടെന്ന് സാറിനോട് എന്താണ് പറയണ്ടത് എന്ന് ഒരു രൂപവും കിട്ടുന്നില്ല. ഫോട്ടോ എടുക്കുന്നതിന് സാര്‍ അനുവാദം തന്നു. ഞാന്‍ സാറിനോട് പറഞ്ഞത് ഇതാണ്. സാര്‍ ഞാന്‍ ഡാലസില്‍ നിന്നാണ് വന്നിരിക്കുന്നത് അപ്പോള്‍ എന്നോടു പറഞ്ഞു ഞാന്‍ അടുത്ത മാസം മാര്‍ച്ച് 2023 ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്നുണ്ട്. ക്രിസ്റ്റീന്‍ലുണ്ടായ നല്ല മാറ്റത്തെകുറിച്ച് റജീനയും സാറിനോട് ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നതു കണ്ടു.

പിന്നെ സാര്‍ പറഞ്ഞു ഓഫീസില്‍ ഒരുപാട് വര്‍ക്ക് ഉണ്ട് കാരണം അടുത്ത ആഴ്ചയില്‍ ഡിഫറന്റ് ആര്‍ട്ട് ഫെസ്റ്റ്‌വെല്ലിനു വേണ്ടി ഒരുപാട് ഒരുക്കങ്ങള്‍ ചെയ്യുവാനുണ്ട് അങ്ങിനെ കുറച്ചു സമയം സാറിന്റെ കൂടെ നില്‍ക്കാനും ഫോട്ടോ എടുക്കുവാനും സാധിച്ചു. ജീവിതത്തില്‍ എന്നും ഓര്‍ത്തു വയ്ക്കാന്‍ പറ്റിയ നിമിഷങ്ങളായിരുന്നു. ജീവിതത്തില്‍ അപൂര്‍വ്വമായി കിട്ടിയ ഒരു ഭാഗ്യമായ ഇതിനെ ഞാന്‍ കാണുന്നു.

ഇവിടെ അകത്തു കയറുന്നതിന് ഫീസും വാങ്ങിക്കുന്നില്ല. നമ്മള്‍ക്ക് അവിടെ സംഭാവന കൊടുക്കാനുള്ള അവസരം ഉണ്ട്. എന്റെ മനസില്‍ വന്ന ഒരു തുക സംഭാവന കൊടുത്തു അപ്പോള്‍ തന്നെ റസിപ്റ്റും തന്നു.

റജീനയോടെ് ഒരായിരം നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ വൈക്കത്തേക്ക് യാത്രയായി.. എല്ലാംവരും ഒരു പ്രവശ്യമെങ്കിലും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. ഭിന്ന ശേഷി കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ ഉചിതമായും പ്രത്യേക രീതിയിലും മിനുക്കിയെടുക്കുക എന്നതാണ് ഇവിടെ എനിക്കു കാണുവാന്‍ സാധിച്ചത്. ആ മാറ്റം ഇവിടുത്തെ കുട്ടികളില്‍ ദ്യശിക്കാന്‍ സാധിക്കും.

സ്നേഹത്തിന്റെ ഒരു മായാ ലോകമാണ് ഇവിടെ കാണാന്‍ കഴിഞ്ഞത് എന്നുള്ളതിന് ഒരു തര്‍ക്കവും ഇല്ല. അവിടെ സന്ദര്‍ശിക്കുന്നതിനു മുന്‍മ്പ് ഈ നമ്പറില്‍ 9447014800 , 9446540395 ബന്ധപ്പെടുന്നത് വളരെ ഉപകാരപ്രദമായിരിക്കും.

നമ്മുളുടെ കുട്ടുകാരുടേയോ ബന്ധുക്കളുടെ വീടുകളില്‍ ഇതുപോലെ ഉള്ള കുട്ടികള്‍ ഉണ്ടാകാം. അവരില്‍ ഒരുപാടു കഴിവുകള്‍ മറഞ്ഞിരുപ്പുണ്ട് എന്ന് ഈ സ്ഥലം സന്ദര്‍ശിച്ചു കഴിയുമ്പോള്‍ നമ്മള്‍ക്ക് മനസിലാകും അവരെ സമൂഹത്തില്‍ മുന്‍മ്പില്‍ കൊണ്ടുവരണം. അവരില്‍ മറഞ്ഞിരിക്കുന്ന സര്‍ഗാമകത എല്ലാം വെളിയില്‍ കൊണ്ടു വരാന്‍ ഈ സ്ഥാപനത്തിന് കഴിയുമെന്നുള്ളതിന് ഒരു സംശയവും ഇല്ല. ഈ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ നിങ്ങളില്‍ കുറെ പേര്‍ക്ക് എങ്കിലും ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ സന്ദര്‍ശിക്കാന്‍ തോന്നട്ടെ എന്ന് ആശിക്കുന്നു. ആ കുട്ടികള്‍ക്ക് കിട്ടുന്ന ഒരു വലിയ ഭാഗ്യവുമായിരിക്കും നിങ്ങളുടെ സന്ദര്‍ശനം. ഈ സ്ഥാപനത്തിന്റെ സ്ഥാപകനായ ഗോപിനാഥ് മുതുകാട് സാറിന് ഒരു വലിയ സലൂട്ട്. സാറിന് ദൈവം കൂടുതല്‍ കൂടുതല്‍ അനുഗ്രഹവും ആയുസും തരട്ടേ എന്നു പ്രാര്‍ത്ഥിക്കുന്നു.

Author