ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’; അഷ്ടമുടി കായലിനെ വീണ്ടെടുക്കാനുള്ള പദ്ധതികൾക്ക് തുടക്കം

Spread the love

അഷ്ടമുടി കായലിനെ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ആശ്രാമം ലിങ്ക് റോഡില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. സംസ്ഥാനത്ത് ശാസ്ത്രീയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും മാലിന്യം വേര്‍തിരിക്കുന്ന ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. കക്ഷി രാഷ്ട്രീയഭേദമന്യേ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വീടുകളില്‍ തന്നെ ഉറവിട മാലിന്യ സംസ്‌കരണം നടപ്പാക്കണം. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. എം സി എഫ്, ആര്‍ ആര്‍ എഫ് കള്‍ മേഖലാതലത്തില്‍ നടപ്പിലാക്കണം. കുരീപ്പുഴ ചണ്ടിഡിപ്പോ ബയോമൈനിങ്ങിലൂടെ നീക്കം ചെയ്തതും അഷ്ടമുടിയെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളും കേരളത്തിന് മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.’ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ എന്ന സന്ദേശമുയര്‍ത്തി കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിനാണ് തുടക്കമായത്. കടവുകളുടെ ശുചീകരണം, സിസിടിവി കാമറ സ്ഥാപിക്കല്‍, ഡ്രഡ്ജിങ്, ഫ്ളോട്ടിങ് ഗാര്‍ഡന്‍, മ്യൂസിക്കല്‍ ഫൗണ്ടന്‍ എന്നിവ ഉള്‍പ്പടെ 7.45 കോടി രൂപയുടെ പദ്ധതികള്‍ ഇതിൽ ഉൾപ്പെടുന്നു. മണിച്ചിത്തോട്ടില്‍ നിന്നും അഷ്ടമുടിയിലേക്കുള്ള ഓടയുടെ ഔട്ട്‌ലെറ്റില്‍ ഇറ്റി പി സ്ഥാപിക്കുന്നതിന് നാലു കോടി രൂപയും വിവിധ ഔട്ട്‌ലെറ്റുകളില്‍ ഇ റ്റിപി സ്ഥാപിക്കുന്നതിന് മൂന്ന് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.മന്ത്രി ജെ ചിഞ്ചുറാണി ചടങ്ങിൽ അധ്യക്ഷയായി. കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 12 ഓളം പഞ്ചായത്തുകളെ സംയോജിപ്പിച്ച് കണ്ടല്‍ക്കാട് സംരക്ഷണവുമായി മുന്നോട്ടുപോകുന്ന ബൃഹത് പദ്ധതികള്‍ കായല്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്നതില്‍ അഷ്ടമുടി കായലിന് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *