പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്?
പ്രതിപക്ഷ നേതാവ് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞത് (12/05/2023)
കൊല്ലം : യുവഡോക്ടര്‍ വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ക്കെ പൊലീസും സര്‍ക്കാരും വീണിടത്ത് കിടന്ന് ഉരുളുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്ന ഹൈക്കോടതി നിരീക്ഷണം കൃത്യമാണ്. എ.ഡി.ജി.പിയും പൊലീസും പറയുന്നതിന്
വിരുദ്ധമായാണ് എ.എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ജീവനക്കാര്‍ക്ക് ഒരു സംരക്ഷണവും നല്‍കാന്‍ പൊലീസിന് സാധിച്ചില്ല. വാതില്‍ അടച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കൊപ്പം പൊലീസുമുണ്ടായിരുന്നു. ഇത് കേരളത്തിലെ പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവമാണ്.
ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ രോഗി ഡോക്ടറെ ആക്രമിച്ചെന്നാണ് എഴുതിവച്ചിരിക്കുന്നത്. ഏത് രോഗിയാണ് ഡോക്ടറെ ആക്രമിച്ചതെന്ന് മനസിലായില്ല. ജനങ്ങള്‍ പരാതിപ്പെട്ടതനുസരിച്ച് പൊലീസ് പിടിച്ചുകൊണ്ട് വന്ന പ്രതിയാണ് ഡോക്ടറെ കൊലപ്പെടുത്തിയത്.
പൊലീസ് സേനയ്ക്ക് നണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ വരുത്തിവച്ചിട്ട് ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും ചേര്‍ന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവമുണ്ടായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്? എന്ത് വന്നാലും മിണ്ടാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയാണ്. ക്രൂരമായ കൊലപാതകം നടന്നിട്ടും അതിനെതിരെ നടപടിയെടുക്കാന്‍ പോലും മുഖ്യമന്ത്രി തയാറാകുന്നില്ല.
മാധ്യമങ്ങളും ദൃക്‌സാക്ഷികളും ഉള്ളതു കൊണ്ട് മാത്രമാണ് ജനങ്ങള്‍ സത്യം അറിഞ്ഞത്. അല്ലെങ്കില്‍ ഇവര്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചേനെ. ഡോക്ടര്‍ പ്രതിയെ ആക്രമിച്ചെന്നു വരെ പറഞ്ഞു പരത്തിയേനെ. എഫ്.ഐ.ആറില്‍ ഉള്‍പ്പെടെ വ്യാപകമായ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്. പൊലീസിനെ വെള്ള പൂശാനുള്ള എഫ്.ഐ.ആറാണ് എഴുതിവച്ചിരിക്കുന്നത്. കേരളത്തെ നടുക്കിയ കൊലപാതകത്തിന്റെ എഫ്.ഐ.ആര്‍ പോലും തെറ്റിച്ച് എഴുതിയാല്‍ പൊലീസില്‍ ജനങ്ങള്‍ക്ക് എങ്ങനെ വിശ്വാസമുണ്ടാകും?
ലഹരി ഉപയോഗം വര്‍ധിക്കുന്നെന്ന് നിയമസഭയില്‍ ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമാണ്. അന്ന് മുഖ്യമന്ത്രി അതിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചതു കൊണ്ടാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാമ്പയിന് പ്രതിപക്ഷം പിന്തുണ നല്‍കിയത്. വീണ്ടും ഇതേ വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നു. ലഹരിമാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ടെന്നാണ് അന്ന് ചൂണ്ടിക്കാട്ടിയത്. സി.പി.എം പ്രദേശിക നേതാക്കളുടെ സഹായത്തോടെയാണ് ഈ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് എവിടുന്നാണ് ലഹരി വരുന്നതെന്ന് കണ്ടുപിടിക്കാത്തതും.