പട്ടണങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് അവിടെത്തന്നെ കേന്ദ്രങ്ങൾ ഉണ്ടാകണം : മുഖ്യമന്ത്രി

Spread the love

ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായുള്ള ഊർജിത നടപടികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരികയാണെന്നും പട്ടണങ്ങളിലെ മാലിന്യ സംസ്‌കരണത്തിനുള്ള കേന്ദ്രങ്ങൾ പട്ടണങ്ങൾക്കുള്ളിൽത്തന്നെയാണു വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല വിദേശ രാജ്യങ്ങളിലും പട്ടണങ്ങളിലെ മാലിന്യ സംസ്‌കരണത്തിനുള്ള കേന്ദ്രങ്ങൾ പട്ടണങ്ങൾക്കുള്ളിൽത്തന്നെയാണു സ്ഥാപിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് വിളപ്പിൽശാലയിൽ ഒരു ദുരനുഭവമുണ്ടായെന്നു കരുതി ഇതിൽ നിന്നു മാറി നിൽക്കാനാവില്ല. ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ എല്ലായിടത്തുമുണ്ടാകണം. മാലിന്യ സംസ്‌കരണം അത്യാവശ്യ കാര്യമാണെന്ന് എല്ലാവരും പറയുമെങ്കിലും മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കാര്യം വരുമ്പോൾ ഇവിടെ വേണ്ട, മറ്റൊരിടത്താകാമെന്ന നിലപാടാണ്. ഇതിനു മാറ്റം വരണം – മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ സംഭവത്തിൽ നിന്നു പാഠം ഉൾക്കൊണ്ട് അതിവേഗത്തിൽ അവിടെയും കേരളത്തിന്റെ മറ്റിടങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനുള്ള നടപടിയുണ്ടാകും. മാലിന്യം വലിച്ചെറിയുന്ന രീതി അവസാനിപ്പിക്കണമെന്നും ഉറവിട മാലിന്യ സംസ്‌കരണത്തിൽ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോൺ ബ്രിട്ടാസ് എം.പിയാണ് ‘നാം മുന്നോട്ടി’ന്റെ അവതാരകൻ. പത്മശ്രീ ചെറുവയൽ രാമൻ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, പബ്ലിക് ഹെൽത്ത് മുൻ അഡീഷണൽ ഡയറക്ടർ ഡോ. എ.എസ്. പ്രദീപ് കുമാർ, മാലിന്യ സംസ്‌കരണ രംഗത്തെ വിദഗ്ധനായ ഡോ. സി.എൻ. മനോജ്, ചലച്ചിത്രതാരം അഡ്വ. ഷുക്കൂർ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന ‘നാം മുന്നോട്ട്’ പരിപാടിയുടെ പുതിയ എപ്പിസോഡ് ഇന്നു (മേയ് 14) മുതൽ വിവിധ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യും.

സംപ്രേഷണ സമയം: ഏഷ്യാനെറ്റ് ന്യൂസ് – ഞായർ വൈകീട്ട് 6:30, മാതൃഭൂമി ന്യൂസ് ഞായർ വൈകീട്ട് 8.30, കൈരളി ടിവി ശനിയാഴ്ച പുലർച്ചെ 12.30 (പുനഃസംപ്രേഷണം – ശനിയാഴ്ച രാവിലെ 6:30), കൈരളി ന്യൂസ് – ഞായറാഴ്ച രാത്രി 9:30 (പുനഃസംപ്രേഷണം ബുധനാഴ്ച വൈകീട്ട് 3:30), മീഡിയ വൺ ഞായറാഴ്ച രാത്രി 7:30, കൗമുദി ടിവി ശനിയാഴ്ച രാത്രി 8:00, 24 ന്യൂസ് – ഞായറാഴ്ച വൈകീട്ട് 5.30 (പുനഃസംപ്രഷണം പുലർച്ചെ ഒരു മണി), ജീവൻ ടിവി – ഞായറാഴ്ച വൈകീട്ട് 7:00, ജയ്ഹിന്ദ് ടിവി – ബുധനാഴ്ച വൈകീട്ട് 7:00, റിപ്പോർട്ടർ ടിവി – ഞായറാഴ്ച വൈകീട്ട് 6:30, ദൂരദർശൻ – ഞായറാഴ്ച രാത്രി 7:30, ന്യൂസ് 18 – ഞായറാഴ്ച രാത്രി 8:30.

Author

Leave a Reply

Your email address will not be published. Required fields are marked *