സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് 18 മുതല്‍ 24 വരെ ആശ്രാമം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംഘടിപ്പിക്കുന്നത് വിപുലമായ പരിപാടികള്‍. സര്‍ക്കാരിന്റെ വികസന- ജനക്ഷേമ- സേവനപ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഒപ്പം വിജ്ഞാന-വിനോദപ്രദമായ കാഴ്ചകളും രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഫുഡ് കോര്‍ട്ടുകളും ഒരുക്കുന്നു. വിസ്മയ-കൗതുക കാഴ്ചകള്‍ക്കൊപ്പം പ്രഗത്ഭ കലാകാര•ാരുടെ സാന്നിധ്യവും മേളയെ അവിസ്മരണീയമാക്കും. പ്രവേശനം സൗജന്യം.
മെയ് 18ന് വൈകിട്ട് നാലിന് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിന്ന് വര്‍ണാഭമായ ഘോഷയാത്രയോടെ മേളയ്ക്ക് തുടക്കമാകും. 4.30ന് ആശ്രാമം മൈതാനത്തെ പ്രദര്‍ശന നഗരിയിലെ സ്ഥിരം വേദിയില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. ജില്ലയിലെ എം.പി, എം എല്‍ എമാര്‍, മേയര്‍, ജില്ലാകളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കടുക്കും.
എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് പ്രദര്‍ശന-വിപണന മേള. 42000 സ്‌ക്വയര്‍ഫീറ്റില്‍ ശീതീകരിച്ച 200 ലധികം സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയില്‍ ഒരുക്കുന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും സേവനങ്ങളും 80 സ്റ്റാളുകളില്‍ അവതരിപ്പിക്കുന്നു. 131 കമേഴ്‌സ്യല്‍ സ്റ്റാളുകളില്‍ വിവിധ വകുപ്പുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും ഉത്പന്ന പ്രദര്‍ശനവും ന്യായവിലയ്ക്കുള്ള വില്പനയും നടത്തും.
മേളയില്‍ ഏഴു ദിവസങ്ങളിലായി വിവിധ സര്‍ക്കാര്‍- പൊതുമേഖലാ വകുപ്പുകള്‍ മുഖേന പൊതുജനങ്ങള്‍ക്കായി സൗജന്യ സേവനങ്ങള്‍ ഒരുക്കും. കൃഷി-മൃഗസംരക്ഷണം, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എക്‌സൈസ്, ആരോഗ്യം, തുടങ്ങി 44 വകുപ്പുകളുടെ പ്രത്യേക പ്രദര്‍ശനവുമുണ്ട്. ‘യുവതയുടെ കേരളം’, ‘കേരളം ഒന്നാമത്’ എന്നിവയാണ് ഈ വര്‍ഷത്തെ പ്രമേയം. യുവജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ കേന്ദ്രീകരിച്ച യൂത്ത് സെഗ്മെന്റാണ് മറ്റൊരു പ്രത്യേകത. വേറിട്ട രുചികളുമായി കുടുംബശ്രീ നേതൃത്വം നല്‍കുന്ന ഫുഡ് കോര്‍ട്ടും മുഖ്യ ആകര്‍ഷണമാകും.
കേരളം ഒന്നാമത് പ്രദര്‍ശനം, കിഫ്ബി വികസന പ്രദര്‍ശനം, ടൂറിസം പവലിയന്‍, ബി.ടു.ബി മീറ്റ്, സെമിനാറുകള്‍, അമ്യൂസ്‌മെന്റ് ഏരിയ, ഡോഗ് ഷോ, 360 ഡിഗ്രി സെല്‍ഫി ബൂത്ത്, സ്‌പോര്‍ട്‌സ് ഏരിയ, തത്‌സമയ മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ആക്ടിവിറ്റി കോര്‍ണറുകള്‍ തുടങ്ങിയവയും മേളയുടെ മാറ്റുകൂട്ടും.