റൂറൽ പോലീസ് ആസ്ഥാന മന്ദിരം തുറന്നു

Spread the love

സേനയ്ക്ക് അപമാനം വരുത്തിവെക്കുന്നവര്‍ പുറത്തുപോകും : മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക സമ്മാനമായി റൂറൽ പോലീസ് ആസ്ഥാനമന്ദിരം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കെട്ടിട സമുച്ചയത്തിന്റെ ശിലാഫലകം മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.

ജനങ്ങളുടെ സംരക്ഷകരായും സുഹൃത്തുക്കളായും നിയമ പരിപാലനം നടത്തേണ്ടവരാണ് പോലീസ്. സേനയ്ക്ക് അപമാനം വരുത്തിവെക്കുന്നവര്‍ക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും അവർ സേനയ്ക്ക് പുറത്തുപോകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സേനയുടെ പ്രവർത്തനങ്ങൾ നിക്ഷ്പക്ഷമായും സ്വതന്ത്രമായും നിർവഹിക്കുന്ന കാര്യത്തിൽ ബാഹ്യ ഇടപെടലുകൾ തടസ്സമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർദ്ധിച്ചുവരുന്ന സൈബർ ആക്രമണത്തിനെതിരെ കർക്കശ നടപടി ഉണ്ടാകണം. സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിൽ മുന്തിയ പരിഗണന നൽകണമെന്നും ആകസ്മികമായ സംഭവങ്ങൾ നേരിടുന്നതിന് സേന പ്രാപ്തമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സമർത്ഥവും ശാസ്ത്രീയ പരവുമായി കേസുകൾ തെളിയിക്കാൻ കഴിയുന്ന പോലീസാണ് കേരളത്തിൽ. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ് പോലീസിനുള്ളത്. ഇത് സേനയ്ക്ക് പുതിയ മുഖം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തിച്ചേരുന്ന സാംസ്കാരിക നഗരമായ തൃശ്ശൂരിൽ സാമൂഹ്യജീവിതം കൂടുതൽ ഭദ്രമാക്കേണ്ടത് അനിവാര്യതയാണ്. അതിൽ ഏറ്റവും പ്രധാനം ക്രമസമാധാന പരിപാലനമാണ്. ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുനത്താനും വലിയ സംഭാവന നൽകാനും പുതിയ റൂറൽ പോലീസ് ആസ്ഥാനമന്ദിരത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പോലീസിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യത്തിലും മികവേറിയ പോലീസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉള്ളത്. വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് സഹായമാകും വിധമാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *