മറ്റാരും സഹായത്തിനില്ലാത്ത സരസ്വതി ബർമ്മക്ക് കരുതലും കൈത്താങ്ങും അദാലത്തിലൂടെ ഏറെ നാളെത്തെ ആഗ്രഹമായ മുൻഗണന റേഷൻ കാർഡ് ലഭ്യമായി. മന്ത്രി പി. രാജീവിന്റെ കയ്യിൽ നിന്നും കാർഡ് ഏറ്റുവാങ്ങിയ സന്തോഷത്തോടെയാണ് അവർ അദാലത്ത് വേദിയായ ടൗൺ ഹാളിൽ നിന്നും മടങ്ങിയത്.
സ്വന്തമായി വീടും സ്ഥിര വരുമാനവുമില്ലാത്ത തനിക്ക് മുൻഗണന റേഷൻകാർഡ് ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് തൈക്കുടം സ്വദേശി സരസ്വതി ബർമ്മൻ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തിയത്. ബംഗാളിൽ ജനിച്ച് വളർന്ന സരസ്വതിക്ക് രണ്ട് പെണ്മക്കളും ഒരു മകനുമാണുള്ളത്. ബംഗാളിൽ ദുരിത പൂർണ്ണമായ ജീവിതം നയിച്ച ഇവരുടെ മക്കളെ പരിചയക്കാരായ മലയാളികളുടെ സഹായത്തോടെ കേരളത്തിൽ എത്തിക്കുകയും അഗതി മന്ദിരത്തിൽ ആക്കുകയും ചെയ്തു. ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പ്രായപൂർത്തിയായ പെൺ മക്കളുടെ വിവാഹം നടത്തി. തൊഴിൽ രഹിതനായ മകനും സരസ്വതിയും വാടക വീട്ടിലാണ് താമസം. സ്ഥിരമായി വരുമാനം ഇല്ലാത്തതിനാൽ കൃത്യമായി വാടക നൽകാൻ കൂടി കഴിയുന്നില്ലെന്നാണ് സരസ്വതി പറയുന്നത്. മുൻഗണന കാർഡ് ലഭിച്ചതിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സരസ്വതി.