ഹൂസ്റ്റൺ: കർണാടക തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുണ്ടായ ഉജ്ജ്വല വിജയത്തിൽ അമേരിക്കയിലും ആഘോഷം. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ കൂടിയ വിജയാഹ്‌ളാദ സമ്മേളനം ശ്രദ്ധേയമായി.
മെയ് 14 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോഡിലുള്ള നേർകാഴ്ച ന്യൂസ് ഓഫീസ് ഹാളിൽ നടന്ന സമ്മളനത്തിൽ ഹൂസ്റ്റണിലെ കോൺഗ്രസ് പ്രവർത്തകർ ആവേശപൂർവം പങ്കെടുത്തു. വന്നു ചേർന്നവർ ഒന്നടങ്കം കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഒഐസിസിയ്ക്കും സിന്ദാബാദ് വിളിച്ചു കൊണ്ട് സമ്മേളനത്തെ ആവേശഭരിതമാക്കി.
ഒഐസിസി യൂഎസ്എ നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച സമ്മേളനം നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ഉത്‌ഘാടനം ചെയ്തു. നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു.
2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദിയുടെ ഭരണത്തിനെതിരായ ശക്തമായ വെല്ലുവിളി ഉയർത്താനുള്ള ഊർജം ഈ തിരഞ്ഞെടുപ്പ് വിജയത്തിൽ കൂടി ലഭിച്ചിരിയ്ക്കുന്നു. കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിയ്ക്കുന്ന ബിജെ.പി ഭരണത്തിന്റെ അടിവേരിളകത്തക്കവണ്ണം “ബിജെപി മുക്ത ദക്ഷിണേന്ത്യ” പൂർ ണ്ണമായിരിക്കയാണ്. ഇതേ ഊർജ്ജവും ആവേശവും നിലനിർത്തി കോൺഗ്രസ് നേതൃത്വം മുന്നോട്ടു പോകുകയാണെങ്കിൽ ഇന്ത്യയിൽ കോൺഗ്രസ് നേതൃത്വത്തിൽ ഭരണം സുനിശ്ചിതമാണെന്ന് പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. കര്ണാടകയിലെ നേതാക്കളുടെ ഇടയിലെ ഒത്തൊരുമ, കൂട്ടായ്മ, വാർഡ് തലം മുതൽ മുകളിലോട്ടുള്ള എല്ലാ തലങ്ങളിലും ഉണ്ടായ ചിട്ടയായ പ്രവർത്തനം കർണാടകയിലെ ഉജ്ജ്വല വിജയത്തിന് കാരണമായി. 4000 മൈലുകളോളം കാൽനടയായി സഞ്ചരിച്ച് “:ഭാരത് ജോഡോ യാത്രയെ” സമ്പൂർണ വിജയമാക്കി മാറ്റിയ രാഹുൽ ഗാന്ധിയെ ജനങ്ങൾ ഹൃദയത്തിൽ ചേർത്ത് പിടിച്ചു കഴിഞ്ഞു. ഇനിയുള്ള മാസങ്ങളിൽ ബിജെപിയെ തുടച്ചു മാറ്റാനുള്ള കോൺഗ്രസ് പ്രവർത്തനങ്ങൾക്കു ഒഐസിസി യുടെ എല്ലാ പിന്തുണയും സമ്മേളനം വാഗ്ദാനം ചെയ്തു.
ഒഐസിസി റീജിയൻ, ചാപ്റ്റർ ഭാരവാഹികളായ പൊന്നു പിള്ള, ജോജി ജോസഫ്,. ബാബു കൂടത്തിനാലിൽ, ജോയ് തുമ്പമൺ, ഷീല ചെറു, അലക്സ് തെക്കേതിൽ, ജോർജ് കൊച്ചുമ്മൻ, അനുപ് ചെറുകാട്ടൂർ , ബിജു ചാലയ്ക്കൽ, സൈമൺ വാളാച്ചേരിൽ, മൈസൂർ തമ്പി ടോം വിരിപ്പൻ, വർഗീസ് ചെറു, ചാക്കോ തോമസ്, ഡാനിയേൽ ചാക്കോ, ജോർജ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
മദേഴ്‌സ് ഡേ ആശംസകളും പങ്കു വച്ചു. സ്റ്റാഫ്‌ഫോർഡ് സിറ്റിയിലെ റൺ ഓഫിൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കോൺഗ്രസ് സഹയാത്രികനായ കെൻ മാത്യുവിനു എല്ലാ വിജയങ്ങളും ആശംസിച്ചതോടൊപ്പം അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി ഊർജിതമായി പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു. മേയർ തിരഞ്ഞെടനുബന്ധിച്ച് ‘ഫേസ്ബുക്’. “സോഷ്യൽ മീഡിയ” പ്രചാരണങ്ങൾ സജീവമാക്കുന്നതിനും മറ്റു വിധത്തിലുള്ള സഹായങ്ങളും ചെയ്ത് അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനു തീരുമാനിച്ചു. കെൻ മാത്യു നന്ദി പറഞ്ഞു.
ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മാത്യു കൃതഞ്ജത അറിയിച്ചു.