കൃത്യതയോടെയും വ്യവസായ സൗഹൃദമായും നികുതി നിർവഹണം നിർവഹിക്കുന്നതിൽ ഓഡിറ്റിംഗിന് സുപ്രധാന പങ്കുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു മന്ത്രി. കൺകറന്റ് ഓഡിറ്റിംഗ് എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.
നാട്ടുരാജ്യങ്ങളുടെ കാലം മുതൽ വരുമാനത്തിൽ നിന്നും സാമൂഹിക വികസനത്തിനായി തുക നീക്കി വെക്കുന്ന രീതി നിലവിലുണ്ടായിരുന്നു. എന്നാൽ വ്യവസ്ഥകളിൽ കാതലായ മാറ്റങ്ങൾക്ക് വിധേയമാകാത്ത മേഖല കൂടിയാണ് നികുതി നിർവഹണം. ഇതിൽ മാറ്റമുണ്ടായതിന്റെ ഭാഗമായാണ് ജി എസ് ടി നിലവിൽ വന്നത്.
ജി എസ് ടി അഖിലേന്ത്യ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതിയെ പ്രതികൂലമായി ബാധിച്ചു. സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറയുകയും കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിലെ കുറവും പ്രതികൂലമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി എസ് ടി കോമ്പൻസേഷൻ എന്ന രീതിയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിക്കുന്ന തുക നൽകുന്ന കാലയളവ് ദീർഘിപ്പിക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിച്ചത്.