അഴിമതിക്കഥകളെല്ലാം പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് കണ്ണൂര്‍ ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം.

കണ്ണൂര്‍ : കള്ളക്കമ്പനികളെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തേണ്ട; അഴിമതിക്കഥകളെല്ലാം പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും.

അഴിമതി ആരോപണത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരം പറയാത്ത മുഖ്യമന്ത്രി വഴിവിട്ട് കരാര്‍ നേടിയ എസ്.ആര്‍.ഐ.ടി കമ്പനിയെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഭീഷണിപ്പെടുത്തായാലും

ആരോപണങ്ങള്‍ പിന്‍വലിക്കില്ലെന്നും ടെന്‍ഡര്‍ ഡോക്യുമെന്റിന് വിരുദ്ധമായ നടപടികളാണ് കരാറിന്റെ ആദ്യാവസാനം നടന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയുള്ള മറുപടിയാണ് നോട്ടീസ് അയച്ച കമ്പനിക്ക് നല്‍കിയിരിക്കുന്നത്. കള്ളക്കമ്പനികളെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. കോടതിയില്‍ പോയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കും.

പ്രതിപക്ഷം പുറത്തുവിട്ട ഏതെങ്കിലും ഒരു രേഖ വ്യാജമാണെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കുമോ? പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കൂടുതല്‍ അഴിമതികള്‍ കൂടി പുറത്ത് വരാനുണ്ട്. അത്കൂടി വന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട് മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്. അല്ലാതെ പാര്‍ട്ടി സെക്രട്ടറിയല്ല. ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് മിണ്ടാതിരിക്കുന്നത്.

50 കോടി രൂപയില്‍ തീരാവുന്ന പദ്ധതിയുടെ ടെന്‍ഡര്‍ തുക 151 കോടിയായി ഉയര്‍ത്തുകയും മെയിന്റനന്‍സിനായി 66 കോടി മാറ്റിവയ്ക്കുകയും ചെയ്തു. മറ്റ് രണ്ട് കമ്പനികളുമായി ചേര്‍ന്ന് കാര്‍ട്ടല്‍ രൂപീകരിച്ച് മത്സരം ഇല്ലാതാക്കി ഉയര്‍ന്ന തുകയ്ക്കാണ് എസ്.ആര്‍.ഐ.റ്റി കരാര്‍ നേടിയെടുത്തത്. ടെന്‍ഡര്‍ ഡോക്യുമെന്റില്‍ നിര്‍ദ്ദേശിക്കുന്നതു പോലെ ഈ മൂന്ന് കമ്പനികള്‍ക്കും സാങ്കേതികത്തികവോ സാമ്പത്തിക ഭദ്രതയോ ഇല്ല. പ്രധാന പ്രവൃത്തികളൊന്നും ഉപകരാര്‍ നല്‍കരുതെന്ന വ്യവസ്ഥയും ലംഘിച്ചു. ഇപ്പോള്‍ നോട്ടീസ് അയച്ച കമ്പനി മറ്റു കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി 6 ശതമാനം കമ്മീഷനായ 9 കോടി നോക്ക് കൂലിയും വാങ്ങി പദ്ധതിയില്‍ നിന്നും മാറി നില്‍ക്കുകയാണ്. പദ്ധതി നടപ്പാക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള പ്രസാഡിയോയാണ്. ഈ കമ്പനിക്കും ടെന്‍ഡര്‍ ഡോക്യുമെന്റില്‍ പറയുന്ന ഒരു യോഗ്യതയുമില്ല. പണം മുടക്കുന്ന കമ്പനിക്ക് 40 ശതമാനം ലാഭവിഹിതം നല്‍കുമ്പോള്‍ ഒന്നും ചെയ്യാതെ മാറി നില്‍ക്കുന്ന പ്രസാഡിയോ 60 ശതാമാനം ലാഭം കൈപ്പറ്റുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. ടെന്‍ഡറില്‍ ബ്രോക്കറായാണ് എസ്.ആര്‍.ഐ.ടി പ്രവര്‍ത്തിച്ചത്. പണം മുടക്കാതെ മാറി നിന്ന് 60 ശതമാനം ലാഭം കൈപ്പറ്റുന്ന പ്രസാഡിയോയാണ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും നടത്തിയത്. അതിന്റെയൊക്കെ മിനിട്‌സ് പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുവും രണ്ട് യോഗങ്ങളില്‍ പങ്കെടുത്തു.

കര്‍ണാടക തെതെരഞ്ഞെടുപ്പില്‍ 40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നതായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കേരളത്തില്‍ ലൈഫ് മിഷനില്‍ മാത്രം 46 ശതമാനം കമ്മീഷന്‍ കൈപ്പറ്റി. അഴിമതി ക്യാമറ ഇടപാടില്‍ 65 ശതമാനമാണ് കമ്മീഷന്‍. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ യു.ഡി.എഫ് നിയമനടപടി സ്വീകരിക്കും.

അഴിമതി ക്യാമറ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ എത്ര ആഴ്ചയായി? പ്രിന്‍സിപ്പല്‍ സെക്രട്ടറി അവധിയില്‍ പോയിരിക്കുകയാണ്. ഏത് ഏജന്‍സി അന്വേഷിച്ചാലും സര്‍ക്കാരിനെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കാനാകില്ല. അത്രമാത്രം നിയമലംഘനങ്ങളും കരാര്‍ ലംഘനങ്ങളുമാണ് നടന്നത്. ഇതു തന്നെയാണ് കെ ഫോണിലും. സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനും പോലെ അഴിമതി ക്യാമറ ഇടപാടും കെ ഫോണ്‍ അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നത്.

ഖജനാവില്‍ നിന്നും ഒരു രൂപ പോലും നഷ്ടമായില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. എസ്.ആര്‍.ഐ.ടിയും പ്രസാഡിയോയും റോഡപകടങ്ങള്‍ കുറയ്ക്കാന്‍ 726 ക്യമാറകള്‍ സൗജന്യമായാണോ സ്ഥാപിച്ചത്? അങ്ങനെയെങ്കില്‍ ഇരു കമ്പനികളുടെയും എം.ഡിമാര്‍ക്ക് സ്വീകരണം നല്‍കാനും ആരോപണം പിന്‍വലിക്കാനും യു.ഡി.എഫ് തയാറാണ്. ഒരു വര്‍ഷം കൊണ്ട് പിഴയായി ഈടാക്കുന്ന ആയിരം കോടി രൂപയാണ് ഈ കമ്പനികള്‍ക്ക് നല്‍കുന്നത്. ഇത് ഖജനാവിലേക്ക് പോകേണ്ട പണമാണ്.

എ.വി ഗോവിന്ദന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രസക്തിയും കര്‍ണാടകത്തിലെ വിജയവും രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന സ്വീകാര്യതയും കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയുമൊക്കെ സാദിഖലി തങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അതുതന്നെയാണ് സി.പി.എമ്മിനുള്ള മറുപടി.

യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലമാക്കുന്നതിനുള്ള ബഹുജന സമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 24 ടോപ് ഗിയറില്‍ പോകുകയാണ്. ഏതെങ്കിലും കക്ഷികളെ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നില്ല. അതു തന്നെയാണ് രമേശ് ചെന്നിത്തലയും പറഞ്ഞത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഈ മാസം 20-ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് സര്‍ക്കാരിനെതിരായ കുറ്റപത്രം സമര്‍പ്പിക്കും.

കോണ്‍ഗ്രസ് പുനസംഘടനയില്‍ കാലതാമസമുണ്ടായിട്ടുണ്ട്. പക്ഷെ വയനാട് നേതൃസംഗമത്തില്‍ പുനസംഘടനയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അത് കൃത്യമായി പാലിച്ചുകൊണ്ട് പുനസംഘടന പൂര്‍ത്തിയാക്കും. പാര്‍ട്ടിയുമായി എല്ലാ നേതാക്കളും സഹകരിക്കുന്നുണ്ട്. നേതാക്കള്‍ തമ്മിലുള്ള ഐക്യം താഴേത്തട്ടിലേക്കുമെത്തും. സി.പി.എമ്മിലേതു പോലെ പോക്കറ്റില്‍ നിന്നെടുക്കുന്ന പേപ്പര്‍ വായിക്കുന്നതല്ല കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും തീരുമാനം.

 

Author

Leave a Reply

Your email address will not be published. Required fields are marked *