പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനം .
തിരുവനന്തപുരം : അഴിമതി ക്യാമറ ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഒരു മറുപടിയും നല്‍കുന്നില്ല. അഴിമതിക്കെതിരായ നിയമനടപടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകുകയാണ്. മുഖ്യമന്ത്രി കള്ളക്കമ്പനികളെക്കൊണ്ട് നോട്ടീസ് അയപ്പിച്ച് പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഉന്നയിച്ച
ആരോപണങ്ങള്‍ ഏത് കോടതിയിലും തെളിയിക്കാനുള്ള രേഖകളുണ്ട്. പിണറായി സര്‍ക്കാരിന്റെ കാലത്തെ കൊള്ള സംബന്ധിച്ച് ഇനിയും വിവരങ്ങള്‍ പുറത്ത് വരാനുണ്ട്. അത്കൂടി പുറത്ത് വന്നാല്‍ മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. അഴിമതി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് കുറ്റപത്രം സമര്‍പ്പിക്കും.
യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലമാക്കുന്നതിന്റെ ഭാഗമായുള്ള ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ട് പോകുകയാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. മറ്റു കക്ഷികളുടെ കൂടി അനുവാദത്തോടെയെ അത്തരം ചര്‍ച്ചകള്‍ നടക്കൂ. ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് നേതാക്കള്‍ പ്രതികരിച്ചത്. കേരള കോണ്‍ഗ്രസ് വന്നാല്‍ നല്ലതാണെന്നാണ് അവര്‍ പറഞ്ഞത്. അതില്‍ ഒരു തെറ്റുമില്ല. ഒരു ചര്‍ച്ചയും നടത്താതെ, അതിന്റെ പേരില്‍ കേരള കോണ്‍ഗ്രസിനെ അപമാനിക്കുന്നത് ശരിയല്ല. ഒരു കാലത്തുമില്ലാത്ത കെട്ടുറപ്പോടെയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. നിയമസഭയിലുള്‍പ്പെടെ ഒരു പാര്‍ട്ടിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വയനാട് നേതൃയോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പുനസംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കും.