Spread the love

അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിപ്പിക്കുന്ന മലയാളം മിഷൻ പദ്ധതി ‘അനന്യ മലയാളം അതിഥി മലയാളം’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളീയ സമൂഹത്തിന്റെ ഭാഗമായിത്തന്നെ അതിഥി തൊഴിലാളികളെ കണ്ടുകൊണ്ടാണ് നാം മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിഥി തൊഴിലാളികൾ ഇന്ന് നാടിന്റെ ഭാഗമായി മാറി. ഏതു മേഖലയിലും നഗര-ഗ്രാമ ഭേദമെന്യേ അതിഥി തൊഴിലാളികൾ ഉണ്ട്. അവരിൽ 20 ലക്ഷം പേർ നിർമാണ മേഖലയിലും ഏഴ് ലക്ഷത്തോളം പേർ ഉൽപാദന മേഖലയിലും സേവനം നൽകുന്നുണ്ട്. ഉൽപാദന മേഖലയിൽ ഉള്ള ഭൂരിഭാഗവും കുടുംബമായി ആണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ മക്കളുടെ സ്‌കൂൾ കാര്യത്തിനും സർക്കാർ ഓഫീസ് മുഖാന്തരമുള്ള

പലവിധ ഇടപെടലുകൾക്കും മലയാള ഭാഷാ പഠനം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.കേരളീയ സമൂഹത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളെ കാണുന്നതിന്റെ തുടർച്ചയാണ് അനന്യ മലയാളം പദ്ധതി. അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയ വിവിധ പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു. അതിഥി തൊഴിലാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. അവർക്ക് താമസിക്കാൻ ഒരിടം എന്ന സ്വപ്നം പൂർത്തീകരിക്കാൻ അപ്നാ ഘർ പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ ആലയ പദ്ധതി, അതിഥി തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും ഉദ്ദേശിച്ച് നടപ്പാക്കിയ ആവാസ് പദ്ധതി, ശ്രമിക് ബന്ധു ഫെസിലിറ്റേഷൻ സെന്ററുകൾ എന്നിവ സംസ്ഥാന സർക്കാർ ആഭിമുഖ്യത്തിൽ നടപ്പാക്കിയ പദ്ധതികളാണ്. മാതൃഭാഷകളെ അരികുവൽക്കരിച്ചുകൊണ്ടുള്ള നിലപാട് അടുത്തിടെ ഉയരുന്നുണ്ട്. ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യം രാജ്യത്തിന്റെ വൈവിധ്യസമൃദ്ധിക്ക് എതിരാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *