വൈക്കം സത്യാഗ്രഹം : ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2023 മാര്‍ച്ച് മുപ്പതിന്, അഖിലേന്ത്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ.മല്ലികാര്‍ജ്ജുന ഖാര്‍ഗെ വൈക്കത്ത് ഉദ്ഘാടനം ചെയ്തു

Spread the love

കെ.പി.സി.സി ആമചാടി തേവന്‍ സ്മൃതി മണ്ഡപം ശ്രീ.ആനന്ദ്രാജ് അംബേദ്കര്‍ അനാശ്ചാദനം ചെയ്യും.

കേരള നവോത്ഥാനത്തിലെ അവിസ്മരണീയ സംഭവമാണ് വൈക്കം സത്യാഗ്രഹം. 1924 മാര്‍ച്ച് മുപ്പത്തിന് ആരംഭിച്ച് 1925 നവംബര്‍ 23 വരെ നീണ്ടു നിന്ന അയിത്തോച്ചാടനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനുമായി നടന്ന ഈ മഹത് സമരത്തിന്റെ ശതാബ്ദി 2023 മാര്‍ച്ച് 30 മുതല്‍ കെ.പി.സി.സി ആഘോഷിക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2023 മാര്‍ച്ച് മുപ്പതിന്, അഖിലേന്ത്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ.മല്ലികാര്‍ജ്ജുന ഖാര്‍ഗെ വൈക്കത്ത് ഉദ്ഘാടനം ചെയ്തു.
സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായ ശ്രീ.ആമചാടി തേവന്റെ സ്മൃതി മണ്ഡപം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ അനാശ്ചാദനം ചെയ്യുകയാണ്.
2023 മെയ് മാസം 29-ാം തീയതി 11.30 ന് തൃപ്പൂണിത്തുറ ആമചാടി ദ്വീപില്‍ നടക്കുന്ന സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെ സുധാകരന്‍ എം.പി അധ്യക്ഷത വഹിക്കും. സമ്മേളന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശന്‍ നിര്‍വ്വഹിക്കും.
ഭരണഘടന ശില്‍പി ഡോ.ബി.ആര്‍.അംബേദ്കറുടെ ചെറുമകന്‍ ശ്രീ.ആനന്ദ് രാജ് അംബേദ്കര്‍ സ് മൃതി മണ്ഡപം അനാശ്ചാദനം ചെയ്യും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
ആമചാടി ദ്വീപില്‍ ശ്രീ.തേവന്റെ ശവകുടിരവും വീടും കെ.പി.സി.സി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റിയും എറണാകുളം ഡി.സി.സിയും ചേര്‍ന്നാണ് നവീകരിച്ചത്.

ശ്രീ.ആമചാടി തേവന്‍ ജീവിത രേഖ

വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി അന്ധനാക്കപ്പെട്ട സമര സേനാനിയാണ് പുലയ സമുദായംഗമായ ശ്രീ.ആമചാടി തേവന്‍ എന്നറിയപ്പെട്ടിരുന്ന കണ്ണന്‍ തേവന്‍.
ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു തുരുത്താണ് ആമചാടി. 56 ഏക്കര്‍ വിസ്തീര്‍ണ്ണം വരുന്ന ഈ തുരുത്ത് വെട്ടിത്തെളിച്ച് അവിടെ താമസിച്ചതിനാലാണ് കണ്ണനെ ആമചാടി തേവന്‍ എന്നറിയപ്പെട്ടിരുന്നത്.
വൈക്കം സത്യഗ്രഹത്തിന് മുന്‍പുതന്നെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആളായിരുന്നു ശ്രീ.തേവന്‍. പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന തൃപ്പൂണിത്തുറ പൂത്തോട്ട ക്ഷേത്രത്തില്‍ താഴ്ന്ന ജാതി ശ്രേണിയില്‍പ്പെട്ട ആളുകളെ സംഘടിപ്പിച്ചു ശ്രീ.ടി.കെ.മാധവനൊപ്പം, അദ്ദേഹം ബലമായി കയറി ദര്‍ശനം നടത്തി. പൂത്തോട്ട കേസ് (പൂത്തോട്ടസംഭവം) എന്നറിയപ്പെടുന്ന ഈ കേസായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ ട്രയല്‍ റണ്‍.
ഇതിന്റെ പേരില്‍ അറസ്റ്റിലായ തേവന്‍, ജയില്‍ മോചിതനായപ്പോള്‍ വൈക്കം സത്യാഗ്രഹപ്പന്തലിലേക്കാണ് പോയത്.
ഒരു ദിവസം സത്യാഗ്രഹത്തില്‍ പങ്കാളിയായി ക്യാമ്പിലേക്കു മടങ്ങിയ തേവനെ സത്യാഗ്രഹത്തിനെതിരേ പ്രവര്‍ത്തിച്ച അക്രമികള്‍ ആക്രമിച്ചു. പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച്ചശക്തി ഇല്ലാതാക്കി. തേവന്റെ കൂടെ പാലക്കുഴ രാമന്‍ ഇളയതിന്റേയും കണ്ണില്‍ ഇതേ മിശ്രിതം ഒഴിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായ തേവന്‍ കഠിനമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയനായി കോട്ടയം സബ് ജയിലാണ് അടച്ചിരുന്നത്. വൈക്കം സത്യാഗ്രഹം അവസാനിച്ചതിനു ശേഷം മാത്രമായിരുന്നു തേവന് കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് കെ.പി.കേശവമേനോന്റെ കത്തില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞ ഗാന്ധിജി, വടക്കേ ഇന്ത്യയില്‍ നിന്നും കൊടുത്തയച്ച ചില പച്ചമരുന്നുകളുടെ സഹായത്തോടെയാണ് തേവന് നഷ്ടപ്പെട്ട കാഴ്ചശക്തി ഭാഗീകമായി വീണ്ടെടുക്കാനായത്.
സത്യഗ്രഹത്തിന് ശേഷം ഉദയംപേരൂര്‍ പുത്തന്‍കുളം ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു വന്നപ്പോള്‍ ഗുരുവിനെ ചെന്ന് കണ്ട തേവനെകുറിച്ച് ഗുരു പറഞ്ഞത്, ‘ഇത് തേവനല്ല ദേവനാണ്…’ എന്നാണ്. ജീവിതകാലം മുഴുവന്‍ അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ശ്രീ. തേവന്‍. 1968ല്‍ അദ്ദേഹം അന്തരിച്ചു.
പത്രസമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ.കെസുധാകരന്‍ എം.പിയോടൊപ്പം കെ.പി.സി.സി വൈസ് പ്രസിഡന്റും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ ശ്രീ.വി.പി സജീന്ദ്രന്‍, കണ്‍വീനര്‍ ശ്രീ.എം.ലിജു എന്നിവര്‍ പങ്കെടുത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *