സർവ്വകലാശാലകളുടെ പുരോഗതിയിൽ അനധ്യാപകരുടെ പങ്ക് ശ്ലാഘനീയം : പ്രൊഫ. എം. വി. നാരായണൻ

Spread the love

സർവ്വകലാശാലകളുടെ പുരോഗതിയിൽ അനധ്യാപകരുടെ പങ്ക് ശ്ലാഘനീയമാണെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. സർവ്വകലാശാലയിലെ അനധ്യാപകർക്കായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ച പഞ്ചദിന പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരങ്ങളും സാധ്യതകളും നിറഞ്ഞ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സർവ്വകലാശാല സമൂഹത്തിന് പുതിയ ദിശാബോധം നൽകുന്നതിൽ അനധ്യാപകരുടെ പ്രവർത്തനങ്ങൾക്ക് പ്രസക്തി ഏറെയുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും സമൂഹവും ഒന്നുചേർന്നുളള പ്രവർത്തനങ്ങൾക്ക് മാത്രമേ വിജ്ഞാന വിതരണത്തിൽ വിജയിക്കുവാൻ കഴിയൂ, പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.

പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, ഫിനാൻസ് ഓഫീസർ എസ്. സുനിൽ കുമാർ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ പ്രൊഫ. ടി. മിനി എന്നിവർ പ്രസംഗിച്ചു. വിവരാവകാശ നിയമത്തെക്കുറിച്ച് എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. ഡി. ബി. ബിനു, പട്ടിക ജാതി വിദ്യാർത്ഥികളുടെ ക്ഷേമ പദ്ധതികളെക്കുറിച്ച് പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ജെ. അരവിന്ദാക്ഷൻ ചെട്ടിയാർ, അസിസ്റ്റന്റ് ജില്ലാ ഓഫീസർ ഐ. ആർ. സരിൻ എന്നിവർ ക്ലാസ്സുകളെടുത്തു. കേരള സർക്കാരിന്റെ ഭാഷാ ശാസ്ത്ര വിദഗ്ധൻ ഡോ. ആർ. ശിവകുമാർ, ഡോ. പി. എം. അനിൽകുമാർ, ടി. എസ്. പ്രസാദ് എന്നിവർ വരും ദിവസങ്ങളിൽ വിവിധ സെഷനുകൾ നയിക്കും. 27ന് ശില്പശാല സമാപിക്കും.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അനധ്യാപകർക്കായി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ച പഞ്ചദിന പരിശീലന ശില്പശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Author

Leave a Reply

Your email address will not be published. Required fields are marked *