കെ.സുധാകരനെതിരായ കലാപാഹ്വാന കള്ളക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു – പ്രതിപക്ഷ നേതാവ്‌

Spread the love

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സുധാകരനെതിരെ എടുത്ത കള്ളക്കേസും എസ്.ഐയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറും അതിന്മേലുള്ള എല്ലാ തുടര്‍നടപടികളും സ്റ്റേ ചെയ്തത്.

കെപിസിസി അധ്യക്ഷന് വേണ്ടി ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ചന്ദ്രശേഖരനും അഡ്വ.സി.എസ്. മനുവും ഹാജരായി. സിപിഎം കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസിന്റെ പരാതിയെ തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 153 പ്രകാരം കലാപാഹ്വാനത്തിന് കള്ളക്കേസെടുത്തത്.

രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമായിയെടുത്ത കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്ത കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രതികരിച്ചു. സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും മറ്റു സിപിഎം നേതാക്കള്‍ക്കും എതിരെ നിരവധി കേസുകള്‍ എടുക്കേണ്ടി വരുമായിരുന്നു. എകെജി സെന്ററിന് പടക്കമെറിഞ്ഞ സംഭവത്തെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ നടത്തിയ പ്രകോപനംമൂലം കെപിസിസി ആസ്ഥാനം ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരേ വ്യാപക അക്രമണമാണ് നടന്നത്. ഭരണഘടനയെ അധിക്ഷേപിച്ച നേതാവിനെ വെള്ളപൂശി വീണ്ടും മന്ത്രിയാക്കിയ ഭരണകൂടമാണിത്. എസ്എഫ് ഐ നേതാക്കള്‍ അധ്യാപകര്‍ക്കെതിരെ പരസ്യമായ വധഭീഷണി മുഴക്കിയിട്ട് കേസെടുക്കാത്ത പോലീസാണ് കേരളത്തിലേത്. വ്യാജരേഖ ചമച്ചവരും ചോദ്യപേപ്പര്‍ ചോര്‍ത്തിയവരും പോലീസിനെ കായികമായി അക്രമിച്ചവരും പ്രിന്‍സിപ്പളിന്റെ കസേര കത്തിച്ചവരും നിയമത്തെ വെല്ലുവിളിച്ച് നടക്കുകയാണ്.

ജനകീയ വിഷയത്തില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനാണ് തനിക്കെതിരെ കേസെടുത്തത്. ബ്രഹ്‌മപുരം മാലിന്യ പ്രശ്‌നത്തില്‍ നിന്നും അതിന്റെ പിന്നിലെ അഴിമതിയില്‍ നിന്നും ജനശ്രദ്ധ തിരിക്കാനായിരുന്നു തനിക്കെതിരായ പരാതിയും തുടര്‍ന്നുള്ള പോലീസ് നടപടിയും. ഇത്തരം ഉമ്മാക്കി കണ്ടാലൊന്നും ഭയക്കുന്നവനല്ല താനല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *