പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം.
ഞാന്‍ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറയണം; മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ട്; കേസെടുത്താലും അഴിമതി ആരോപണങ്ങളില്‍ നിന്ന് പിന്‍മാറില്ല.
കൊച്ചി : മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് എനിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് ഉത്തരവ് നല്‍കിയിട്ടാണ് പോയത്. 2020-ല്‍ ഇതേ വിഷയം വന്നപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഞാന്‍ വെല്ലുവിളിച്ചിട്ടുണ്ട്. അതേ ഞാന്‍ തന്നെ വിജിലന്‍സ് അന്വേഷണം തെറ്റാണെന്ന് പറയുന്നതില്‍ അനൗചിത്യമുണ്ട്. അന്വേഷണം നടക്കട്ടെ. നേരത്തെ ഇതേ പരാതി വന്നപ്പോള്‍ പരിശോധിച്ച് കഴമ്പില്ലെന്ന് കണ്ട് മുഖ്യമന്ത്രിയുടെ തന്നെ അറിവോടെ വിജിലന്‍സ് തള്ളിക്കളഞ്ഞതാണ്. പ്രോസിക്യൂഷന്‍ അനുമതി ചോദിച്ച് സ്പീക്കര്‍ക്ക് കത്ത് കൊടുത്തപ്പോഴും നിയമസഭ സെക്രട്ടേറിയറ്റ് നിയമപരമായ പരിശോധനകള്‍ നടത്തി ആവശ്യം തള്ളിക്കളഞ്ഞു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു. അന്ന് എനിക്ക് ഒരു നോട്ടീസ് പോലും അയയ്ക്കാതെ അഡ്മിഷന്‍ സ്‌റ്റേജില്‍ തന്നെ ഹൈക്കോടതി പരാതി തള്ളിക്കളഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് പരാതിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. അവിടെയും ഒരു നോട്ടീസ് പോലും അയയ്ക്കാതെ പരാതി തള്ളി. മൂന്ന് വര്‍ഷമായിട്ടും ഒരു കേസും എടുക്കാതെ ഇപ്പോള്‍ കേസുമായി മുന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.
മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. ഒരു ലക്ഷം ഡോളര്‍ നല്‍കുന്ന ആളെ അടുത്തിരുത്തിയും അന്‍പതിനായിരം നല്‍കുന്നയാളെ തൊട്ടപ്പുറത്ത് ഇരുത്തിയും 25000 ഡോളര്‍ നല്‍കുന്നവനെ മുന്നിലിരുത്തിയും പണമില്ലാത്തവനെ പുറത്ത് നിര്‍ത്തിയും മുഖ്യമന്ത്രി നടത്തുന്ന പരിപാടിയും ലോകകേരള സഭയുടെ പേരില്‍ അമേരിക്കയില്‍ നടത്തിയ അനധികൃത പണപ്പിരിവും പ്രതിപക്ഷം എതിര്‍ത്തിരുന്നു. ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് കോടിക്കണക്കിന് രൂപയുടെ പിരിവ് നടത്തുന്നത്. അനധികൃത പിരിവിനെ വിമര്‍ശിച്ചപ്പോഴാണ് സി.പി.എമ്മിന്റെ മുഖപത്രം എനിക്കെതിരായ കേസ് പൊക്കിക്കൊണ്ട് വന്ന് അന്വേഷണം പ്രഖ്യാപിപ്പിച്ചത്. ഒരു ദുരന്തം ഉണ്ടായ സ്ഥലത്ത് എങ്ങനെയാണ് ദുരിതാശ്വാസം പ്രവര്‍ത്തനം നടത്തേണ്ടതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടായിരിക്കും ഈ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിക്കുക. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കും.
മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെതിരായ നിലനില്‍ക്കാത്ത കേസില്‍ വിജിലന്‍സ് കേസെടുക്കുന്നതിലൂടെ മുഖ്യമന്ത്രി എത്രത്തോളം ചെറുതായെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകും. അദാനി കേസില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതും അദ്ദേഹത്തിനെതിരെ കേസെടുത്തതും. അതുപോലെയാണ് പിണറായി വിജയനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിനെതിരെയും നിയമപരമായി നില്‍ക്കാത്ത കേസെടുത്ത് വിരട്ടാന്‍ നോക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതെല്ലാം ചെയ്യുന്നത്. കേസെടുത്തെന്ന വാര്‍ത്ത കേട്ടപ്പോള്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പേടിച്ചു പോയെന്ന് അമേരിക്കയില്‍ നിന്നും പിണറായി വിളിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ പറയണമെന്നൊരു അഭ്യര്‍ത്ഥനയുണ്ട്. പേടിച്ചെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് സന്തോഷമാകും. എത്രത്തോളം വൈര്യനിര്യാതന ബുദ്ധിയും അസഹിഷ്ണുതയുമാണ് മുഖ്യമന്ത്രിക്കെന്നതിന്റെ എറ്റവും വലിയ തെളിവാണിത്. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ അഴിമതി ആരോപണങ്ങളില്‍ നിന്നും ഞങ്ങള്‍ പിന്‍മാറില്ല.
എല്ലാ എം.എല്‍.എമാര്‍ക്കും വിദേശത്ത് പോകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വേണം. പലരും അത് എടുക്കാറില്ല. പക്ഷെ ഈ തീരുമാനം സര്‍ക്കുലര്‍ വഴി നിയമസഭാ സ്പീക്കര്‍ അറിയിച്ചതിന് ശേഷം വി.ഡി സതീശന്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെ വിദേശത്തേക്ക് പോയിട്ടില്ല. അതിന്റെ എല്ലാ ഫയലുമുണ്ട്. സി.പി.എമ്മിന്റെ മുഴുവന്‍ എം.എല്‍.എമാരും പോയിരിക്കുന്നത് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ഇല്ലാതെയാണ്. എനിക്കെതിരെ പലതും പറയുമെന്ന് അറിയാവുന്നത് കൊണ്ട് എല്ലാ വിദേശ യാത്രകളിലും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് എടുത്തിട്ടുണ്ട്. 81 തവണ വിദേശത്ത് പോയെന്നതാണ് മറ്റൊരു ആരോപണം. പാസ്‌പോര്‍ട്ട് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാമെന്നും അതിന്റെ പകുതി തവണയെങ്കില്‍ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഈ പണി നിര്‍ത്താമെന്നും നിയമസഭയില്‍ പറഞ്ഞിട്ടുള്ളതാണ്.