ഡാളസ് :സത്യസന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ അഖില നന്ദകുമാറിനെ പ്രതിചേർത്തു കേസെടുത്ത നടപടിയെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ശക്തമായി അപലപിക്കുകയും ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു . ഇത് തികച്ചും ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഭാരവാഹികൾ പുറത്തിറക്കിയ സംയുക്തമായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പത്രസ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന ഈ പ്രവണത അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഐ പി സി എൻ റ്റി പ്രസിഡൻറ് സിജു വി ജോർജ് ,സെക്രട്ടറി സാം മാത്യു,ട്രഷറർ ബെന്നി ജോൺ എന്നിവർ പറഞ്ഞു . സാംസ്കാരിക കേരളത്തിന് നാണക്കേടായ പ്രതിചേർക്കൽ നടപടിയിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ ബിജിലി ജോർജ് പറഞ്ഞു അഡ്വൈസറി ബോർഡ് അംഗങ്ങളായ സണ്ണി മാളിയേക്കൽ , ടി സി ചാക്കോ ,എന്നിവരും താങ്കളുടെ പ്രതിഷേധം അറിയിച്ചു. കേരളത്തിലെ മാധ്യമപ്രവർത്തകരുമായ നിരവധി മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഖില ഉൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർക്കു ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.