പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്

Spread the love

മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐസിയുവും.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഔട്ട്‌ബ്രേക്ക് ഉണ്ടായാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണം. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനതലത്തില്‍ വിലയിരുത്തി മേല്‍നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താല്‍ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ആശുപത്രികളിലെ സാഹചര്യം യോഗം വിലയിരുത്തി. പനി ക്ലിനിക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യകത മുന്നില്‍ കണ്ട് പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കണം. ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഉണ്ടായിരിക്കണം. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണം. ഡോക്‌സിസൈക്ലിന്‍, ഒ.ആര്‍.എസ്. എന്നിവ അധികമായി കരുതണം. മരുന്ന് സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വിലയിരുത്തി മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണം.

വീടിന് പുറത്തെന്ന പോലെ അകത്ത് നിന്നും ഡെങ്കിപ്പനി പരത്തുന്നതായി യോഗം വിലയിരുത്തി. വീട്ടിനകത്തെ ചെടിച്ചട്ടികള്‍, മണിപ്ലാന്റ്, ഫ്രിഡ്ജിന്റെ ട്രേ എന്നിവ കൊതുകുകള്‍ വളരുവാന്‍ കാരണമാകുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഓരോ വീട്ടുകാരും ശ്രദ്ധിക്കണം. കൊതുക് വളരുന്ന സാഹചര്യമുണ്ടാക്കുന്ന ഒരു തുള്ളി വെള്ളം പോലും വീട്ടിനകത്തും പുറത്തും കെട്ടി നിര്‍ത്താന്‍ അനുവദിക്കരുത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉറവിട നശീകരണമുള്‍പ്പെടെയുള്ള ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ചെയ്ത് നടപ്പിലാക്കണം. രോഗം പൊട്ടിപ്പുറപ്പെടുന്ന സ്ഥലങ്ങളില്‍ എത്രയും വേഗം ഉറവിട നശീകരണം ഉറപ്പാക്കണം. ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ പാത്രങ്ങളില്‍ സൂക്ഷിക്കുന്ന വെള്ളം മൂടിവയ്ക്കണം. ചില ആക്രിക്കടകളും നിര്‍മ്മാണ സ്ഥലങ്ങളും കൊതുകിന്റെ ഉറവിടമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ആക്രി സാധനങ്ങള്‍ നനയാതെ സൂക്ഷിക്കണം. നിര്‍മ്മാണ സ്ഥലങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യമുണ്ടാകരുത്. ഇവയുടെ ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇത് നിരീക്ഷിച്ച് നടപടി സ്വീകരിക്കണം. ചെളിയിലോ വെള്ളത്തിലോ ഇറങ്ങുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *