സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഒരു വാര്‍ഡില്‍ ചുരുങ്ങിയത് 20 പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനത്തിനുള്ള വേദി ഉറപ്പാക്കുകയും അവിടെ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുകയും ചെയ്യും. ആദ്യഘട്ടത്തില്‍ ആരംഭിക്കുന്ന യോഗ ക്ലാസുകളുടെ തുടര്‍ച്ചയായി പരമാവധി വാര്‍ഡുകളില്‍ ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനം മൂലം വര്‍ധിക്കുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക് മുതലായവയെപ്പറ്റി കൃത്യമായ അവബോധം നല്‍കുന്നതിനും അവയെ പ്രതിരോധിക്കുന്നതിന് ഉതകുന്ന യോഗ പരിശീലനത്തോടു കൂടിയ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനും ആയുഷ് യോഗ ക്ലബുകള്‍ വളരെയേറെ സഹായിക്കും. വിവിധ എന്‍.ജി.ഒ.കള്‍, യോഗ അസോസിയേഷനുകള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കും.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗ്രാമ, നഗര വ്യത്യാസങ്ങളില്ലാതെ എല്ലായിടങ്ങളിലും യോഗയുടെ സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. യോഗ ജീവിതചര്യയുടെ ഭാഗമാക്കുന്നതിന് ആയുഷ് വകുപ്പ് വലിയ പ്രാധാന്യം നല്‍കി വരുന്നു. ആയുഷ് വകുപ്പിന്റെ കീഴിലുള്ള 593 സ്ഥാപനങ്ങളില്‍ യോഗ പരിശീലകരെ നിയമിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ayushyogaclub@gmail.com എന്ന മെയിലില്‍ ബന്ധപ്പെടുക.

Author

Leave a Reply

Your email address will not be published. Required fields are marked *