യുഡിഎഫ് സായാഹ്ന സദസ്സ് ജൂൺ 20ന്

Spread the love

പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന
നിരന്തരമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കുന്ന സമരമാണ് ജൂൺ 20ന് നിയോജകമണ്ഡലം തലത്തിൽ നടക്കുന്ന അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തിൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് യുഡിഎഫ് സംഘടിപ്പിക്കും. എഐ ക്യാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, കെ – ഫോൺ ഇടപാടിലെ വൻ അഴിമതിയിൽ അന്വേഷണം നടത്തുക,മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗണിൽ നടന്ന തീപിടുത്തം അന്വേഷിക്കുക, മയക്കുമരുന്നിന്റെ വ്യാപനം തടയുക,വന്യമൃഗ ആക്രമണം തടയുന്നതിനും രൂക്ഷമായ

വിലക്കയറ്റം നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കുക,മാധ്യമപ്രവർത്തകർക്കെതിരായ പ്രതികാര നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെയുള്ള വിജിലൻസ് അന്വേഷണത്തിലും കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായക്രൈംബ്രാഞ്ച് നടപടിയിലും പ്രതിഷേധിച്ചുമാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പ്രതിപക്ഷ നേതാക്കൾക്കെതിരായ എൽഡിഎഫ് സർക്കാരിന്റെ വേട്ടയ്ക്കെതിരെ ശക്തമായ പ്രതിരോധം യുഡിഎഫ് തീർക്കും . എൽഡിഎഫ് സർക്കാരിന്റെ എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസും അതിന്റെ ഗുണഭോക്താക്കൾ അദ്ദേഹത്തിൻ്റെ ബന്ധുക്കളുമാണ്.അന്വേഷണങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കുകയാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.

അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരുവനന്തപുരം വലിയതുറയിൽ നിർവഹിക്കും.കണ്ണൂരിൽ നടക്കുന്ന പ്രതിഷേധം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.മലപ്പുറം നിയോജകമണ്ഡലത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയും തൊടുപുഴയിൽ പിജെ ജോസഫും കോഴിക്കോട് യുഡിഎഫ് കൺവീനർ എം എം ഹസനും ഹരിപ്പാട് രമേശ് ചെന്നിത്തലയും പിറവത്ത് അനൂപ് ജേക്കബും പാലായിൽ മാണി സി കാപ്പനും നെടുമങ്ങാട് സി പി ജോണും തൃശ്ശൂരിൽ ഷിബു ബേബി ജോണും കൊല്ലത്ത് വിവിധ നിയോജകമണ്ഡലങ്ങളിൽ എൻ കെ പ്രേമചന്ദ്രനും ദേവരാജനും കൊച്ചിയിൽ രാജൻ ബാബുവും സായാഹ്ന സദസ്സുകൾ ഉദ്ഘാടനം ചെയ്യും. വിവിധ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന സായാഹ്ന സദസ്സ് എംപിമാരും എംഎൽഎമാരും യുഡിഎഫിന്റെ മുതിർന്ന നേതാക്കളും ഉദ്ഘാടനം ചെയ്യുമെന്നും ഹസ്സൻ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *