വ്യവസായം ഈസിയായി; കെ-സ്വിഫ്റ്റിലൂടെ ഞൊടിയിടയിൽ അനുമതികൾ

Spread the love

രജിസ്റ്റർ ചെയ്തത് 63,​263 സംരംഭകർ*ക്ലിയറൻസ് നേടിയത് 36,713 എം.എസ്.എം.ഇകൾ
വ്യവസായ സൗഹൃദമായ കേരളത്തിൽ സംരംഭകത്വം കൂടുതൽ ജനകീയവും സുഗമവുമാക്കുകയാണ് കെഎസ്‌ഐഡിസി. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ ഇതുവരെ ക്ലിയറൻസ് നേടിയത് 36,713 എം.എസ്.എം.ഇകൾ. 63,263 സംരംഭകരാണ് ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വകുപ്പിൽ നിന്നുള്ള വിവിധ അനുമതിക്കായി സമർപ്പിച്ച 5,469 അപേക്ഷകളിൽ 3,431 അപേക്ഷകൾക്ക് ഇതുവരെ അനുമതി നൽകി.വ്യവസായം തുടങ്ങുന്നതിനുള്ള ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ 2019 ലാണ് കെ-സ്വിഫ്റ്റ് പോർട്ടൽ ആരംഭിച്ചത്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സജ്ജമാക്കിയിട്ടുള്ള ഏകജാലക ക്ലിയറൻസ് വെബ് പോർട്ടലായ കെ-സ്വിഫ്റ്റിലൂടെ സർക്കാരിന് കീഴിലുള്ള 21 വകുപ്പുകളിൽ നിന്നുള്ള 85 ലേറെ അനുമതികൾ ഒരൊറ്റ വെബ് പോർട്ടലിലൂടെ നേടിയെടുക്കാം. ആവശ്യമായ വിവരങ്ങളും രേഖകളും അടക്കം ശരിയായ രീതിയിൽ അപേക്ഷ സമർപ്പിച്ചാൽ സംസ്ഥാന നിയമങ്ങളുടെ കീഴിലുള്ള അനുമതികളെല്ലാം 30 ദിവസത്തിനുള്ളിൽ കെ-സ്വിഫ്റ്റ് വഴി തീർപ്പു കൽപ്പിക്കും. 30 ദിവസത്തിനുള്ളിൽ അനുമതി ലഭ്യമായില്ലെങ്കിൽ കൽപ്പിത അനുമതികൾ നൽകുന്നതിന് പോർട്ടലിൽ സംവിധാനമുണ്ട്. അപേക്ഷകൾ വച്ചു താമസിപ്പിക്കാനോ സംരംഭകനെ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ഓഫീസുകൾ കയറ്റിയിറക്കാനോ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. പുതിയ സംരംഭങ്ങൾക്ക് അനുമതി നൽകുന്നതിനോടൊപ്പം നിലവിലുള്ള വ്യവസായങ്ങളുടെ അനുമതികൾ പുതുക്കുന്നതിനും കെ-സ്വിഫ്റ്റ് മുഖേനെ സാധിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *