സഹകരണ സംഘം ഭേദഗതി ബില്ല്: നിയമസഭാ സെലക്റ്റ് കമ്മിറ്റി മഹാരാഷ്ട്ര സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

Spread the love

സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലുള്ള നിയമസഭാ സെലക്ട് കമ്മിറ്റി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറുമായി ചർച്ച നടത്തി. മഹാരാഷ്ട്ര വിധാൻ സഭയിൽ നടന്ന ചർച്ചയിൽ സമിതി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള സെലക്റ്റ് കമ്മിറ്റിയാണു ജൂൺ 19, 20 തീയതികളിൽ മഹാരാഷ്ട്രയിൽ സന്ദർശനം നടത്തുന്നത്. പഠനത്തിന്റെ ഭാഗമായി സെലക്റ്റ് കമ്മിറ്റി കേരളത്തിൽ നിരവധി യോഗങ്ങൾ കൂടുകയും പൊതുജനങ്ങളിൽ നിന്നും സഹകരണ മേഖലയിൽ അടുത്തിടപെടുന്നവരിൽനിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഏറ്റവുമധികം സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനം എന്ന നിലയിലാണു മഹാരാഷ്ട്ര സന്ദർശിച്ചു പഠനം നടത്തുന്നത്.സ്പീക്കറുമായി നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും കേരള നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെക്കുറിച്ചും വിശദമായ ചർച്ച നടന്നു. കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും ബില്ലിനെക്കുറിച്ചും കേരള സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വിശദീകരിച്ചു.സമിതി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, സണ്ണി ജോസഫ്, പി. അബ്ദുൽ ഹമീദ്, വി. ജോയി, ടി. മധുസൂദനൻ, കെ.കെ. രമ, ശാന്തകുമാരി. കെ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി. ആർ. സുനിൽകുമാർ, തോമസ് കെ. തോമസ് എന്നിവരും മഹാരാഷ്ട്ര നിയമസഭാ സെക്രട്ടറി ഡോ. വിലാസ് അത്‌ലെ, കേരള സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, ഡെപ്യുട്ടി രജിസ്ട്രാർ അയ്യപ്പൻ, മഹാരാഷ്ട്ര സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ജൂൺ 20 ന് മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി അതുൽ സാവെയുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. മുംബൈയിലെ വിവിധ സഹകരണ സംഘങ്ങൾ സന്ദർശിക്കുകയും ചെയ്യും.

Author

Leave a Reply

Your email address will not be published. Required fields are marked *