ജെഇഇ അഡ്വാന്‍സ്ഡ്: പ്രഖര്‍ ജെയിന്‍ കേരളത്തില്‍ ഒന്നാമത്

Spread the love

ദേശീയതലത്തില്‍ 21-ാം റാങ്ക്.

കൊച്ചി: ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷയില്‍ ദേശീയ തലത്തില്‍ 21-ാം റാങ്ക് നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രഖര്‍ ജെയിന്‍ കേരളത്തില്‍ ഒന്നാമതെത്തി. 360ല്‍ 312 മാര്‍ക്കു നേടിയാണ് പ്രഖറിന്റെ തിളക്കമേറിയ വിജയം. ദല്‍ഹിയില്‍ സ്വദേശിയായ പ്രഖറും കുടുംബവും രണ്ടു വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പിയൂഷ് ജെയിനാണ് പിതാവ്. ഡോ. സുരഭി ജയിനാണ് മാതാവ്. സഹോദരന്‍ പ്രണവ ജെയിന്‍ എന്‍ഐടി ട്രിച്ചിയില്‍ നിന്ന് ഈയിടെ ബിടെക്ക് പൂര്‍ത്തിയാക്കി. 300ല്‍ 290 മാര്‍ക്കോടെ ജെഇഇ മെയിനില്‍ ദേശീയ തലത്തില്‍ പ്രഖറിന് 59-ാം റാങ്ക് ലഭിച്ചിരുന്നു.

ബോംബേ ഐഐടിയില്‍ പ്രവേശനം നേടുകയാണ് ലക്ഷ്യമെന്ന് പ്രഖര്‍ ജെയിന്‍ പറഞ്ഞു. വികസിച്ചു വരുന്ന സാങ്കേതിക വിദ്യകളായ ഡേറ്റ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ സ്‌പെഷലൈസ് ചെയ്യാനാണ് താല്‍പര്യമെന്നും പ്രഖര്‍ പറഞ്ഞു. ജെഇഇ അഡ്വാന്‍സ്ഡ് തയാറെടുപ്പിനായി ദിവസവും ഏകദേശം 12 മണിക്കൂറോളമാണ് പഠനത്തിനായി പ്രഖര്‍ ചെലവിട്ടിരുന്നത്. ദേശീയ തലത്തില്‍ മുന്‍നിര പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ ഫിറ്റ്ജീ (FIITJEE) കൊച്ചിയിലായിരുന്നു പരിശീലനം. ഫിറ്റ്ജീ സംഘടിപ്പിച്ച മോഡല്‍ പരീക്ഷകളും പരിശീലനവും വഴി ലഭിച്ച ആത്മവിശ്വാസം ഈ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നും പ്രഖര്‍ പറഞ്ഞു. എട്ടാം ക്ലാസ് മുതല്‍ ഫിറ്റ്ജീയുടെ പരിശീലനം ലഭിച്ചിട്ടുണ്ട്.

ചിട്ടയോടെയുള്ള പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്ന പ്രഖറിന് കരാട്ടെയില്‍ ഡബിള്‍ ബ്ലാക്ക് ബെല്‍റ്റുണ്ട്. ജില്ലാ ബാഡ്മിന്റന്‍ ചാംപ്യനുമാണ്. നാഷനല്‍ കെമിസ്ട്രി ഒളിംപ്യാഡിലും നാഷനല്‍ മാതമാറ്റിക്‌സ് ഒളിംപ്യാഡിലും യോഗ്യത നേടിയിരുന്നു. കൂടാതെ കെവിപിഐ, എന്‍ടിഎസ്ഇ സ്‌കോളര്‍ഷിപ് പരീക്ഷകളിലും മികവ് പുലര്‍ത്തിയിട്ടുണ്ട്.

പിതാവ് പിയൂഷ് ജെയിന്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് വന്നതോടെയാണ് പ്രഖറും കൊച്ചിയിലെത്തിയത്. പഠനാന്തരീക്ഷവും സ്ഥലവും മാറുമ്പോള്‍ ഉണ്ടാകാവുന്ന പ്രതീകൂല സാഹചര്യങ്ങളുണ്ടായിട്ടും പ്രഖറിന് മികച്ച വിജയം നേടാന്‍ കഴിഞ്ഞു. ദിവസവും ആറ് മണിക്കൂര്‍ ഉറക്കം ഉറപ്പാക്കിയിരുന്നു. പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ മാനസികരോഗ്യത്തിലും നല്ല ശ്രദ്ധവേണമെന്നാണ് പരീക്ഷ എഴുതുന്ന പ്രഖറിന് പറയാനുള്ളത്.

മികച്ച അധ്യാപകരുടെ പിന്തുണയും സ്മാര്‍ട് വര്‍ക്കുമാണ് പ്രഖറിന്റെ ഈ നേട്ടത്തിനു പിന്നിലെന്ന് ഫിറ്റ്ജീ കൊച്ചി മേധാവിയും ഫിസിക്‌സ് അധ്യാപകനുമായ അരവിന്ദ് കാന്ത് ഗുപ്ത പറഞ്ഞു. അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് പ്രഖറിന്റെ നേട്ടത്തിനു പിന്നിലെന്നും മത്സരപരീക്ഷകള്‍ക്കൊരുങ്ങുന്ന വി്ദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാതൃകയാണെന്നും എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെ പി പറഞ്ഞു.

Anju V Nair

Author

Leave a Reply

Your email address will not be published. Required fields are marked *