വ്യാജ ആരോപണത്തിലൂടെ പൊതുസമൂഹത്തിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
പോക്സോ കേസിൽ അതിജീവിത നൽകിയ രഹസ്യമൊഴി ഗോവിന്ദൻ മാഷ് എങ്ങനെയറിഞ്ഞു? അതിജീവിത അത്തരത്തിലുള്ള പരാമർശം നടത്തിയിട്ടില്ല എന്നാണ് പോക്സോ കേസ് നടത്തിയ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞത്. ആര് പറഞ്ഞതാണ് വിശ്വസിക്കേണ്ടത്?
എന്റെ സാന്നിധ്യത്തിലാണ് ഈ സംഭവം നടന്നതെന്ന് പറയുന്ന ഗോവിന്ദന്‍ മാഷ് തന്റെ ഒപ്പം ഉണ്ടായിരുന്നതു പോലെയാണ് സംസാരിക്കുന്നതെന്ന് സുധാകരൻ പരിഹസിച്ചു.
കേസിന് പിറകിലുള്ള ശക്തി ആരാണെന്ന്
കണ്ടെത്താന്‍ ഞാന്‍ ഇതുവരെ പാടുപെടുകയായിരുന്നു. കാരണം
പരാതി കൊടുത്തവരിൽ ആർക്കും താനുമായി നേരിട്ട് ബന്ധമില്ല. കണ്ട് പരിചയം പോലുമില്ല. തന്നെ കേസിൽ പ്രതിയാക്കാൻ ഇവരെ പ്രേരിപ്പിക്കുന്ന വികാരം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഇതിന്റെ പിന്നിൽ സി.പി.എമ്മാണെന്ന് ഇന്നെനിക്ക് ബോധ്യമായി. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾക്ക് ഈ പറയുന്ന ചെറുപ്പക്കാരുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഒരു തെളിവ് തനിക്കെതിരെ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിൽ തന്റെ പൊതുജീവിതം അവസാനിപ്പിക്കുമെന്ന വാക്ക് ആവർത്തിക്കുന്നു. മനസാ വാചാ കർമണാ ഈ സംഭവത്തിൽ പങ്കില്ല.
സാമ്പത്തികമായോ സാന്നിധ്യംകൊണ്ടോ ഒരു പങ്കാളിത്തവുമില്ല. സുധാകരന് ഇതിൽ യാതൊരു പങ്കുമില്ലെന്ന് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട മോൻസൺ തന്നെ പറഞ്ഞു. മൊഴി കൊടുത്ത പെൺകുട്ടിയും തന്റെ പേര് പറഞ്ഞിട്ടില്ല. എന്നിട്ടും അതിജീവിത തൻറെ പേര് പരാമർശിച്ചു എന്നൊക്കെ പറയുന്നത് സി.പി.എമ്മിന്റെ പ്രചാരണ തന്ത്രമാണ്, പിന്നിൽ രാഷ്ട്രീയമാണ്. എന്ത് നാണംകെട്ട, നെറികെട്ട പ്രവർത്തി ചെയ്യാനും സി.പി.എം. തയ്യാറാകുമെന്ന് ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയോടെ വ്യക്തമാണ്. കണ്ണൂരിൽ നിന്ന് കൊണ്ടുപോയി മുഖ്യമന്ത്രിയുടെ ഓഫീസിൽ അവതരിപ്പിച്ച സെക്രട്ടറിയുടെ ചരിത്രമൊന്ന് പരിശോധിക്കണം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയോട് പറയാനുള്ളത്. എന്നെപ്പോലൊരാളെ പ്രതിക്കൂട്ടിൽനിർത്താൻ നാണമുണ്ടോ? ഒരു രാഷ്ട്രീയ നേതാവിന് അഭിമാന ബോധംവേണം. തറവാടിത്തവും മിതത്വവും വേണം. അർഥശൂന്യമായ ജൽപ്പനങ്ങൾ നടത്തുന്ന ഗോവിന്ദൻ മാഷ് പറഞ്ഞതിനെ പുച്ഛിച്ച് തള്ളുന്നുവെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് ഓർഡർ അനുവദിക്കേണ്ടത് കേന്ദ്രസർക്കാരാണ്. കണ്ണൂർ വിമാനത്താവളം റൂറൽ മേഖലയിലാണെന്ന് കാട്ടി കേന്ദ്രസർക്കാർ അനുമതി നിഷേധിക്കുകയാണ്. എന്നാൽ ഈ വസ്തുത തെറ്റാണെന്നും കണ്ണൂർ കോർപ്പറേഷന്റെ സമീപത്താണ് വിമാനത്താവളം സ്ഥിതിചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യോമയാന മന്ത്രിയെ നേരിൽ കണ്ടു തന്നെ താൻ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റിലും വ്യോമയാന മന്ത്രിക്ക് മുന്നിലും പല ഘട്ടത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതാണ്. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.