പ്രവാസി സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും നിക്ഷേപം സ്വീകരിക്കാനും ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രങ്ങളിൽ ആദ്യത്തേത് ദുബായിൽ പ്രവർത്തനമാരംഭിച്ചു. ഈ വർഷം 20,000 തൊഴിലവസരം സ്റ്റാർട്ടപ്പുകളിൽ ഉണ്ടാകുമെന്ന് ഇൻഫിനിറ്റി കേന്ദ്രം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യഘട്ടത്തിൽ യുഎസ്എ, യുഎഇ, ആസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലാണ് ഇൻഫിനിറ്റി കേന്ദ്രങ്ങൾ തുറക്കുന്നത്. സ്റ്റാർട്ടപ്പുകൾ വന്നതോടെ ഈ മേഖലയിൽ മാത്രമല്ല, സമൂഹത്തിലെ യുവജനങ്ങളിലാകെ വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിച്ചു കഴിഞ്ഞാൽ ഉടൻ തൊഴിലെന്നാണ് നേരത്തെ ആലോചിക്കാറുള്ളത്. തൊഴിൽദാതാക്കളാകുക എന്ന വിപ്ലവകരമായ മാറ്റം സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സംസ്ഥാനത്ത് ഉണ്ടാക്കി. ഈ മാറ്റം എങ്ങിനെ നമ്മുടെ നാട്ടിൽ യുവജനങ്ങളിൽ ഗുണകരമായ വിധത്തിൽ നടപ്പാക്കാൻ കഴിയും എന്നതാണ് ഐടി വകുപ്പ് പരിശോധിക്കുന്നത്. സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് ലോകത്തെയാകെ കേരളവുമായി ബന്ധിപ്പിക്കുകയാണ്. ഈ കാര്യത്തിൽ വലിയ പിന്തുണയാണ് യുഎഇയിൽ നിന്ന് ലഭിക്കുന്നത്. കേരളത്തിന്റെ ഐടി രംഗത്തെ ഏത് ചുവടുവയ്പിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. അന്താരാഷ്ട സ്ഥാപനങ്ങളിലെ മലയാളി മേധാവികളുമായി ബന്ധപ്പെട്ട് ഈ കമ്പനികളുടെ സാന്നിദ്ധ്യം കേരളത്തിൽ ഉറപ്പിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
യുഎഇയിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്ററിന്റെ പങ്കാളിയായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റുമായുള്ള ധാരണാപത്രം കെഎസ്യുഎം സിഇഒ അനൂപ് അംബിക, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകന്‍ സിബി സുധാകരന് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ കൈമാറി.
ദുബായ് താജിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, യുഎഇയിലെ ഇന്ത്യൻ അമ്പാസിഡർ സുജോയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസുലർ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി, ആസ്റ്റർ ഡിഎം എംഡി ആസാദ് മൂപ്പൻ, ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി കെ മാത്യൂസ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ഐടി സെക്രട്ടറി രത്തൻ യു കേൽക്കർ, കേരള സ്റ്റാർട്ട്അപ്പ് മിഷൻ സിഇഒ അനൂപ് അംബിക, തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചു.