മോന്സണ് മാവുങ്കല്‍ കേസുമായി ബന്ധപ്പെടുത്തി തന്നെ തേജോവധം ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ആരോപിച്ചതിനു സമാനമായി വ്യാജവാര്‍ത്തയുണ്ടാക്കി പ്രചരിപ്പിച്ച റിപ്പോര്‍ട്ടര്‍ ചാനലും ചാനല്‍ മേധാവി നികേഷ് കുമാറും പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ സ്വീകരിച്ചതുപോലെ മാനനഷ്ടക്കേസുള്പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ എം.വി.ഗോവിന്ദനെതിരെയും സ്വീകരിക്കുമെന്നു സുധാകരന് വ്യക്തമാക്കി.
2021 ല്‍ റിപ്പോര്‍ട്ടര്‍ ചാനലല്‍ അതിജീവിതയുടെ പരാമര്‍ശം തെറ്റായി നല്‍കിയതിനാണ് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ ലഭിച്ച പരാതികള്‍ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന് കീഴിലുള്ള കമ്മിറ്റി പരിശോധിക്കുകയും വാര്‍ത്തയ്ക്ക് ആധാരമായ തെളിവ് നല്കാന്
ചാനല്‍ മേധാവി നികേഷ് കുമാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് നല്കാത്തതിനാല് വ്യാജ വാര്‍ത്ത നല്‍കിയതിന് ക്ഷമാപണം നടത്താന്‍ കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവിട്ടു.
തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമായി മാപ്പ് രേഖപ്പെടുത്തി രണ്ടുദിവസം ചാനലില്‍ സ്ക്രോള്‍ ചെയ്തിരുന്നു. ഇക്കാര്യം അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്ന എം.വി.ഗോവിന്ദന് മറക്കരുതെന്നു സുധാകരന് ചൂണ്ടിക്കാട്ടി.