സര്‍ക്കാര്‍ വേട്ടയാടലിനെതിരേ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭത്തിലേക്ക്

Spread the love

എതിര്‍ശബ്ദങ്ങളെ വേട്ടയാടുന്ന പിണറായി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കിരാതമായ ഫാസിസ്റ്റ് നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭങ്ങളിലേക്കു കടക്കുകയാണെന്ന് സംഘടനാചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍.

പിണറായി വിജയനെ വിമര്‍ശിച്ചതിന് പ്രതിപക്ഷനേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും മാധ്യമങ്ങളെയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാരും സിപിഎമ്മും സര്‍വശക്തിയും സന്നാഹവും ഉപയോഗിച്ച് ആഞ്ഞുശ്രമിക്കുകയാണ്. കെപിസിസി പ്രസിഡന്റിനെ പീഡനക്കേസില്‍ കുടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ടിറങ്ങിയത് കണ്ട് ജനങ്ങള്‍ മൂക്കത്ത് വിരല്‍വച്ചു. നിരപരാധികളെ വേട്ടയാടുന്നതില്‍ ഇപ്പോള്‍ ബിജെപിപോലും സിപിഎമ്മിനെ നമിക്കുകയാണ്.

മാധ്യമങ്ങള്‍ ഇതുപോലെ വേട്ടയാടപ്പെട്ട മറ്റൊരു കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവരും വാര്‍ത്ത അവതരിപ്പിക്കുന്നവരുമൊക്കെ ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ്. വാര്‍ത്തയുടെ സ്രോതസ് അറിയാന്‍ അവരെ ഭീഷണിപ്പെടുത്തുന്നു. പിണറായിക്കെതിരേ ആരും ഒന്നും ശബ്ദിക്കാന്‍ പാടില്ല എന്ന തിട്ടൂരം പോലീസ് അച്ചട്ടായി നടപ്പാക്കുകയാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരേ ജനാധിപത്യ കേരളത്തിന്റെ പ്രതിഷേധം ആളിക്കത്തുമെന്ന് ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.

എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നടപടികള്‍ക്കെതിരയേുള്ള ജനകീയ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ജൂണ്‍ 30ന് മണ്ഡലം ആസ്ഥാനങ്ങളില്‍ വമ്പിച്ച പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിക്കും. ജൂലൈ 4ന് രാവിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് പങ്കെടുക്കുന്ന വമ്പിച്ച ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. ഓരോ ജില്ലയിലും അയ്യായിരം പേര്‍ വീതം പങ്കെടുക്കും.താഴെത്തട്ടില്‍നിന്ന് പ്രക്ഷോഭങ്ങള്‍ക്കു തുടക്കമിട്ടശേഷം പിന്നീട് സംസ്ഥാനതല പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *