സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി എലിയറക്കലില്‍ ആരംഭിക്കുന്ന കൗശല്‍ കേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ. കെ.യു ജനീഷ്കുമാര്‍ എംഎല്‍എ നിർവഹിച്ചു. തൊഴില്‍ രംഗത്തും മറ്റും സുപ്രധാന മേഖലകളിലും കോന്നിയിലെ കുട്ടികളെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ കഴിയുന്ന സുപ്രധാനമായ ചുവടുവയ്പ്പാണ് കൗശല്‍ കേന്ദ്രത്തിന്റെ നിര്‍മാണത്തിലൂടേ യാഥാര്‍ഥ്യമാകുന്നതെന്ന് എന്ന് എംഎല്‍എ പറഞ്ഞു.സംസ്ഥാനത്തെ അഞ്ചാമത്തെ കൗശല്‍ കേന്ദ്രമാണ് കോന്നിയില്‍ ഒരുങ്ങുന്നത്. ലോകപ്രശസ്ത സര്‍വകലാശാലകളിലെ പാഠ്യപദ്ധതികള്‍ കോര്‍ത്തിണക്കികൊണ്ടുള്ള നാല് കോഴ്സുകളാണ് ആരംഭഘട്ടത്തില്‍ കേന്ദ്രത്തില്‍ നല്‍കുന്നത്. അഭിരുചിക്കനുസരിച്ച് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള മികച്ച കരിയര്‍ സെല്‍, ലാംഗ്വേജ് ലാബ്, ഡിജിറ്റല്‍ ലൈബ്രറി, നൈപുണ്യ പരിശീലന കേന്ദ്രം എന്നീ സജ്ജീകരണങ്ങള്‍ ഒരുക്കും. വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകള്‍, ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍, വിദ്യാഭ്യാസ വായ്പകള്‍, സ്കോളര്‍ഷിപ്പുകള്‍, ഫെല്ലോഷിപ്പുകള്‍ എന്നിവയുടെ വിവരങ്ങളും ഇവിടെ ലഭ്യമാകും. സാധാരണക്കാരുടെ മക്കള്‍ക്ക് ലോകത്തിന്റെ ഏതു കോണിലും വിദ്യാഭ്യാസവും തൊഴിലും ചെയ്യാനുള്ള സാഹചര്യം ഒരുക്കും.
കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടി. വി വിനോദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീമണിയമ്മ, കേസ് മാനേജര്‍ ഓപ്പറേഷന്‍സ് സുബിന് ദാസ്, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.