ലോക കേരളസഭ ബാക്കിവയ്ക്കുന്നത് : ജെയിംസ് കൂടല്‍ (ലോക കേരളസഭാ അംഗം)

Spread the love

അമേരിക്കയില്‍ ആഘോഷമായി കൊണ്ടാടിയ ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിന് തിരശീല വീഴുമ്പോള്‍ ബാക്കിയാകുന്നത് എന്തൊക്കെ? വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍വന്ന സഭ നല്ലതോ ചീത്തയോ, സഭാ സമ്മേളനത്തിന്റെ മുഴുവന്‍ പ്രസക്തിയും ടൈം സ്‌ക്വയറില്‍ മാത്രം ഒതുങ്ങിയോ? ആരവം ഒതുങ്ങിയ ആഘോഷപ്പറമ്പില്‍ നിന്ന് ഇങ്ങനെയൊക്കെ ചിന്തിക്കാതെ ഇരിക്കുന്നത് എങ്ങനെയാണ്?

ലോക കേരളസഭ എന്ന ആശയത്തെ അംഗീകരിക്കുകയും അതിന്റെ ആവശ്യകതയെ ശരിവയ്ക്കുകയും ചെയ്യുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അത് ചര്‍ച്ച ചെയ്യാനും അവരില്‍ നിന്ന് ജന്മനാട്ടിലേക്ക് സംരംഭകരെ കണ്ടെത്താനുമൊക്കെ ഇത്തരം നൂതന സംരംഭങ്ങള്‍ നല്ലതു തന്നെ. പക്ഷേ ഇതിന്റെ നടത്തിന്റെ പ്രായോഗികതയിലേക്ക് എത്തുമ്പോഴാണ് വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതും ഇതേ വിഷയം ഉന്നയിച്ചായിരുന്നു. ദൂര്‍ത്ത് സഭയിലേക്ക് ഞങ്ങളില്ലെന്ന പ്രതിപക്ഷത്തിന്റെ സമരവാചകം അന്ന് കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. സമാനമായ അവസ്ഥയിലൂടെയാണ് അമേരിക്കയില്‍ നടന്ന ലോക കേരളസഭയും കടന്നു പോയത്. സംഘാടനത്തിലെ പിഴവും അനാവശ്യവിവാദങ്ങളും സഭയുടെ ശോഭ പൂര്‍ണമായും ഇല്ലാതെയാക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നെത്തുന്നതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് അമേരിക്കന്‍ മലയാളികള്‍. പക്ഷെ അത്തരമൊരു വരവിന്റെ പ്രൗഢി പൂര്‍ണമായും ഇല്ലാതായിപ്പോയത് മലയാളി സമൂഹത്തെ കുറച്ചൊന്നുമല്ല നിരാശരാക്കുന്നത്. പ്രതീക്ഷിച്ച നേട്ടങ്ങളും പ്രഖ്യാപനങ്ങളുമില്ല. തുടക്കം മുതല്‍ വിവാദങ്ങള്‍ തലപൊക്കി ചിരിക്കുകയും ചെയ്തു. ഇതിനെ ദൂരീകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞുമില്ല. സത്യത്തില്‍ ലോക കേരളസഭ കൊണ്ട് ടൈം സ്‌ക്വയറിനെ അടുത്തറിയാന്‍ കുറേ മലയാളികള്‍ക്ക് സാധിച്ചു. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ടൈം സ്‌ക്വയറിന്റെ പുത്തന്‍ കാഴ്ചകളെ നമ്മുടെ നാട്ടിലുള്ളവര്‍ കണ്ടറിഞ്ഞു.

വിനോദസഞ്ചാരത്തിന്റെ അനന്തമായ സാധ്യതകളുടെ പറുദ്ദീസയാണ് ടൈം സ്‌ക്വയര്‍. കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകളും അനുഭവങ്ങളും അവിടം നമുക്ക് പകരും. ലോകത്തിലെ ഏതു ലഹരിയും ഇവിടെ നുരഞ്ഞുപൊന്തും. എല്ലാത്തരം ആളുകളേയും സംതൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ് ഈ അത്ഭുതലോകത്തുള്ളത്. അതുകൊണ്ടുതന്നെ അമേരിക്കയിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണം ഇവിടമാണ്. ഉറക്കമില്ലാത്ത ഈ തെരുവില്‍ മുഖ്യമന്ത്രിക്ക് വേദിയൊരുക്കിയത് ആരുടെ പിന്‍ബുദ്ധിയാണോ? തീര്‍ത്തും അപ്രസക്തമായ വേദി. കേരള ടൂറിസത്തിന്റെ സാധ്യതകള്‍ പ്രകടമാക്കാന്‍ മാത്രം ഉപയോഗിക്കേണ്ട വേദിയാണിത്. അത്തരത്തിലൊന്ന് അവിടെ അരങ്ങേറിയിരുന്നുവെങ്കില്‍ വലിയൊരു വിഭാഗം ആളുകള്‍ ആകര്‍ഷ്ടരായി കേരളത്തിലേക്ക് ഒഴുകിയെത്തുമായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്വം കൊണ്ട് സമ്പന്നമാണല്ലോ അവിടം. അവിടെയാണ് പ്രാദേശിക ഭാഷയായ നമ്മുടെ മലയാളത്തില്‍ മുഖ്യമന്ത്രി നിന്നു പ്രസംഗിച്ചത്. രാഷ്ട്രീയമില്ലാതെ സംസാരിച്ചാല്‍ മുഖ്യമന്ത്രി നമ്മള്‍ എല്ലാവരുടേതുമാണ്. അങ്ങനെ നമ്മുടെ കേരളാ മുഖ്യനെ ഇത്തരത്തില്‍ അപഹാസ്യനാക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.

അമേരിക്കന്‍ മേഖല സമ്മേളത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ ആരൊക്കെ എന്നതു സംബന്ധിച്ചും തുടക്കം മുതല്‍ ആശങ്കയായിരുന്നു. യാതൊരു മാനദണ്ഡങ്ങളും കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളുമില്ലാതെ പലരും അംഗങ്ങളായി. അയോഗ്യത കല്‍പ്പിക്കേണ്ട പലരും അകത്തു കടന്നപ്പോള്‍ യോഗ്യരായ പലരും പുറത്തു നില്‍ക്കുന്ന കാഴ്ചയും കണ്ടു. സഭയുടെ ശോഭ കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍കൊണ്ടും അമേരിക്കന്‍ മേഖല സമ്മേളനം ചരിത്രത്തില്‍ രേഖപ്പെടുത്തട്ടെ.

Author

Leave a Reply

Your email address will not be published. Required fields are marked *