പരിശീലനം പൂർത്തിയാക്കി 104 കെ.എ.എസ്. ഉദ്യോഗസ്ഥർ സർവീസിലേക്ക്

Spread the love

കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലേക്കു പ്രവേശനം ലഭിച്ച ആദ്യ ബാച്ചിലെ 104 ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കി വിവിധ തസ്തികകളിൽ നിയമിതരാകുന്നു. 2021ലെ കേരളപ്പിറവി ദിനത്തിലാണ് ആദ്യ ബാച്ച് കെ.എ.എസ്. ഉദ്യോഗസ്ഥർക്കു പി.എസ്.സി. നിയമന ശുപാർശ നൽകിയത്. തുടർന്നായിരുന്നു തിരുവനന്തപുരം ഐ.എം.ജി.യുടെ നേതൃത്വത്തിൽ 18 മാസത്തെ പരിശീലനം.രണ്ടു ഘട്ടങ്ങളിലായാണ് കെ.എ.എസ്. ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായത്. 2021 ഡിസംബർ 24 മുതൽ 2022 ഡിസംബർ 23 വരെയുള്ള ആദ്യ ഘട്ടത്തിൽ ഫൗണ്ടേഷൻ കോഴ്സ്, കോർ കോഴ്സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിൽ ഭരണ സംവിധാനത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള വിശദമായ ക്ലാസുകളും സെക്ടറർ സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, ടെക്നോപാർക്കിലെ ഫാബ് ലാബ്, സ്റ്റാർട്ടപ്പ് മിഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് ഇൻ കേരള എന്നിവിടങ്ങളിൽ ഫീൽഡ് വിസിറ്റ്, കേരള ദർശൻ എന്ന പേരിൽ കിലെ, ഐ.ഐ.എം. കോഴിക്കോട് എന്നിവിടങ്ങളിൽ ഇൻസ്റ്റിറ്റിയൂഷണൽ ട്രെയിനിങ്, സാംസ്‌കാരിക, ചരിത്ര, വാണിജ്യ, ഭരണ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലെ സന്ദർശനം എന്നിവയുമൊരുക്കി.
2023 ജനുവരി മുതൽ ജൂൺ വരെയുള്ള രണ്ടാം ഘട്ട പരിശീലനത്തിൽ സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകൾ, ഡയറക്ടറേറ്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേരള ഹൈക്കോടതി, അഡ്വക്കറ്റ് ജനറൽ ഓഫിസ്, ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ, തൃശൂരിലെ പൊലീസ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലും കെ.എ.എസ്. ട്രെയിനികളെ അറ്റാച്ച് ചെയ്തു ഭരണ നിർവഹണ രീതികൾ പരിചയപ്പെടാൻ സൗകര്യമൊരുക്കി.പരിശീലന പൂർത്തീകരണ പ്രഖ്യാപനം ജൂൺ 27നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉച്ചയ്ക്കു 12നു നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കര നാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലാണു പരിശീലന പൂർത്തീകരണ പ്രഖ്യാപന ചടങ്ങ്. റവന്യൂ മന്ത്രി കെ. രാജൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, കെ.ആർ. ജ്യോതിലാൽ, എ. ജയതിലക്, ഐ.എം.ജി. ഡയറക്ടർ കെ. ജയകുമാർ, കോഴ്സ് കോ-ഓർഡിനേറ്റർ ഡോ. എസ്. സജീവ് എന്നിവർ പങ്കെടുക്കും. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും.

Author

Leave a Reply

Your email address will not be published. Required fields are marked *