രോഗ പ്രതിരോധത്തിനും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ കേരള സിഡിസി യാഥാര്‍ത്ഥ്യമാകുന്നു

Spread the love

ധാരണാപത്രം കൈമാറി.

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി-പകര്‍ച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ മാതൃകയില്‍ കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (K-CDC) യാഥാര്‍ത്ഥ്യമാകുന്നു. ജനറല്‍ ഹോസ്പിറ്ററിന് സമീപം പബ്ലിക് ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിനോടനുബന്ധിച്ചാണ് കെ-സിഡിസി പ്രവര്‍ത്തിക്കുക. കെ-സിഡിസി രൂപീകരണത്തിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമായി ധാരണാപത്രം കൈമാറി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ഐഐപിച്ച് ഡയറക്ടര്‍ ഡോ. ശ്രീധര്‍ കദം, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കെ-സിഡിസി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എസ്.എ. ഹാഫിസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് കെ-സിഡിസിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുതായി രൂപപ്പെടുന്ന പകര്‍ച്ചവ്യാധികളും അതില്‍ നിന്നുമുള്ള ആരോഗ്യ സംരക്ഷണവും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കോവിഡ് മഹാമാരി സമയത്താണ് യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മാതൃകയില്‍ സംസ്ഥാനത്ത് ഒരു സ്ഥാപനം ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടത്തത്. 2021ലെ ബഡ്ജറ്റില്‍ ഇതിനുള്ള തുക അനുവദിക്കുകയും സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കെ-സിഡിസി യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ സുരക്ഷ, പകര്‍ച്ചവ്യാധി മുന്‍കൂട്ടിയുള്ള നിര്‍ണയം, രോഗത്തിന്റെ ഗതിയറിയുക, പൊതുജനാരോഗ്യ ഡേറ്റ മാനേജ്‌മെന്റ്, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ നയ ശുപാര്‍ശകള്‍, മറ്റ് ഗവേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും ‘വണ്‍ ഹെല്‍ത്ത്’ എന്ന സമീപനം വളര്‍ത്തിയെടുക്കുക, സുസ്ഥിരമായ ഒരു പ്രവര്‍ത്തന മാതൃക വികസിപ്പിക്കുക എന്നിവയാണ് കെ-സിഡിസിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

‘ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവര്‍ത്തിക്കുക’ എന്നതാണ് കെ-സിഡിസിയുടെ പ്രധാന മുദ്രാവാക്യം. സംസ്ഥാനത്തിന്റെ പ്രാദേശിക സാന്നിദ്ധ്യം, വിവരശേഖരണം, ഏകോപനം എന്നിവ ദ്രുതഗതിയിലാക്കുന്നതിന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെ-സിഡിസി സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. മാത്രവുമല്ല, മറ്റ് സംസ്ഥാനങ്ങളുടെയും പകര്‍ച്ചവ്യാധി നിയന്ത്രണം, രോഗപ്രതിരോധം, ആരോഗ്യ സംരക്ഷണം എന്നിവയില്‍ ദേശീയ പ്രാധാന്യമുള്ള ഒരു കേന്ദ്രമായി കെ-സിഡിസി മാറുന്നതാണ്.

ആരോഗ്യ മേഖലയുടെ അടിസ്ഥാനപരമായ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ വിവിധ മേഖലകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് ആരോഗ്യ പരിപാലനത്തിന്റെ എല്ലാ മേഖലകളിലും മികച്ച നവീകരണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഒരു ആശയകേന്ദ്രമായി കെ-സിഡിസി പ്രവര്‍ത്തിക്കുക. കൂടാതെ ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അടിയന്തിര പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായിരിക്കുമിത്.

Author

Leave a Reply

Your email address will not be published. Required fields are marked *