ഡോ. വി. വേണു സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയാകും

Spread the love

ടൂറിസം, സാംസ്‌കാരിക രംഗങ്ങളിൽ മികച്ച ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥൻ.
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ നിയമിക്കാൻ സർക്കാർ തീരുമാനം. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ജൂൺ 30നു സർവീസിൽനിന്നു വിരമിക്കുന്ന ഒഴിവിലാണു നിയമനം. 1990 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. വി. വേണു ഇപ്പോൾ ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ്.സംസ്ഥാനത്തിന്റെ ടൂറിസം, സാംസ്‌കാരിക രംഗങ്ങളിൽ ഭരണപരവും ക്രിയാത്മകവുമായ മികച്ച ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥനാണു ഡോ. വി. വേണു. സംസ്ഥാന ടൂറിസം ഡയറക്ടറായും ടൂറിസം വകുപ്പ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ച കാലത്താണു സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വാണിജ്യപരമായ മികച്ച നേട്ടമുണ്ടാക്കുകയും ശക്തമായ സ്വകാര്യ – പൊതുമേഖലാ ബന്ധം കെട്ടിപ്പടുക്കുകയും ചെയ്തത്.’കേരള ട്രാവൽ മാർട്ട്’ എന്ന ആശയത്തിനു പിന്നിൽ അദ്ദേഹമായിരുന്നു. ഉത്തരവാദിത്ത ടൂറിസത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിനു പ്രേരണ നൽകിയതും അദ്ദേഹമായിരുന്നു. ‘ആൻ ഇൻട്രൊഡക്ഷൻ ടു ദ ബിസിനസ് ഓഫ് ടൂറിസം’ എന്ന പേരിൽ അദ്ദേഹമെഴുതിയ പുസ്തകം ടൂറിസം വിദ്യാർഥികൾക്ക് ആധികാരിക ഗ്രന്ഥമാണ്.2007 മുതൽ 2011 വരെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. ഇക്കാലത്താണ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള ആരംഭിച്ചത്. കേരളം മ്യൂസിയം എന്ന പേരിൽ പുതിയ മ്യൂസിയം നിർമിക്കുന്നതും ഇക്കാലത്താണ്. സംസ്ഥാനത്തെ മ്യൂസിയങ്ങൾ, പുരാരേഖകൾ എന്നിയുടെ സംരക്ഷണത്തിനും നവീകരണ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.2018ലെ പ്രളയത്തിനു ശേഷം സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു. സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ശക്തമായ നേതൃത്വം നൽകി. ഡോ. വേണു റീബിൽഡ് കേരള ഇനിഷ്യേറ്റിവിന്റെ ചീഫ് എക്‌സിക്യൂട്ടിവായി സേവനമനുഷ്ഠിക്കുമ്പോഴാണ് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പുനർനിർമാണം സംബന്ധിച്ചു ലോകബാങ്കുമായി സുപ്രധാന ചർച്ചകൾ നടത്തിയത്.2022ലാണ് ഡോ. വി. വേണു സംസ്ഥാന ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. പരിസ്ഥിതി വകുപ്പിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. സംസ്ഥാന തീരദേശ പരിപാലന പദ്ധതിയെ ജനസൗഹാർദ്ദപരമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്. പദ്ധതിയെ പ്രാദേശിക ആവശ്യങ്ങളോടു ചേർന്നു നിൽക്കുന്ന തരത്തിൽ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *