കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ കേരളത്തിൽ 72 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സിയുടെ പൊൻകുന്നത്തെ യാത്രാ ഫ്യൂവൽസ് മന്ത്രി ഉദ്ഘാടനം ചെയ്തു. ഒന്നര വർഷം മുൻപ് ആരംഭിച്ച ഈ പദ്ധതിയിൽ ഇപ്പോൾ 14 ഔട്ട്ലെറ്റുകളാണ് ഉള്ളത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഏറ്റവും വലിയ ഡീലർ ആയി കെ.എസ്.ആർ.ടി.സി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് ഇന്ധനവിതരണ രംഗത്ത് കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യമുറപ്പിക്കലാണ് ‘യാത്ര ഫ്യൂവൽസ്’ വിഭാവന ചെയ്യുന്നത്. ഇന്ധനവിതരണരംഗത്ത് കെ.എസ്.ആർ.ടി.സിയുടെ ന്യൂനത സംരംഭമായ യാത്ര ഫ്യൂവൽസിന്റെ കോട്ടയം ജില്ലയിലെ ആദ്യ ഔട്ട്ലെറ്റാണ് പൊൻകുന്നത്തേത്. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണപാക്കേജ് 2.0ന്റെ ഭാഗമാണു പദ്ധതി. ഹരിത ഇന്ധനങ്ങളായ സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് ഫാസ്റ്റ് ചാർജ്ജിംഗ് എന്നിവയും ഭാവിയിൽ ഈ ഔട്ട്ലെറ്റുകൾ വഴി ലഭ്യമാകും.എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പുതിയ ഔട്ട്ലെറ്റ് ഉടൻ ആരംഭിക്കും. സർക്കാർ ഉടമസ്ഥതയിൽ പമ്പുകൾ ആരംഭിക്കുമ്പോൾ മായമില്ലാത്തതും അളവിലോ തൂക്കത്തിലോ കുറയാതെ ഇന്ധനം ലഭിക്കുമെന്നതിനാൽ കൂടുതൽ പൊതുജനങ്ങൾ ഇത്തരം പമ്പുകളെ ആശ്രയിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.പമ്പുകൾ തുടങ്ങാനായി കെ.എസ്.ആർ.ടി.സിക്ക് മുതൽ മുടക്കില്ല. കമ്മീഷൻ ഇനത്തിലും സ്ഥലത്തിന്റെ വാടകയായും ലഭിക്കുന്ന തുകയിലൂടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കാം. കെ.എസ്.ആർ.ടി.സിയിൽ അധികം വരുന്ന ജീവനക്കാരെ ഇത്തരം പമ്പുകളിൽ വിവിധ ജോലികൾക്കായി നിയോഗിക്കുകയും ചെയ്യാമെന്നും മന്ത്രി പറഞ്ഞു.പൊൻകുന്നം – മുണ്ടക്കയം – വള്ളിയൻകാവ് വഴിയുള്ള പുതിയ ബസ് സർവീസിന് ജൂൺ 27 നും, പൊൻകുന്നം – ചെങ്ങളം -പള്ളിക്കത്തോട് – കൊടുങ്ങൂർ – എടത്വാ ബസ് സർവീസിന് അടുത്ത മാസം മൂന്നിനും തുടക്കമാവുമെന്നും മന്ത്രി അറിയിച്ചു.