മണിപ്പൂരിലെ ഗുരുതരമായ ആശങ്കകൾ : ലീല മാരേട്ട്

Spread the love

ജനങ്ങളെ മതപരമായി വിഭജിച്ച് ബി ജെ പിക്ക് വോട്ട് നേടുകയെന്ന രാഷ്ട്രീയ കൗശലത്തിന്റെ ഇരയാണ് മണിപ്പൂര്‍ ജനതയെന്ന് വ്യക്തമാക്കുന്ന വസ്തുതകളാണ് ഓരോ ദിനവും മണിപ്പൂരിൽ നിന്നും ഉണ്ടാകുന്ന സംഭവവികാസങ്ങൾ കൊണ്ട് മനസിലാകുന്നത് . മണിപ്പൂർ
കലാപം തുടങ്ങി ഇത്രയും നാൾ പിന്നിട്ടിട്ടും ഒരു പരിഹാരവും ഉണ്ടാക്കാന്‍ ബി ജെ പി നേതൃത്വം നൽകുന്ന സംസ്ഥാന സര്‍ക്കാറിനോ കേന്ദ്ര സര്‍ക്കാറിനോ സാധിച്ചിട്ടില്ല. സമാധാനശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ സമിതി രൂപവത്കരിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല.ഇത്രയും ദീര്‍ഘമായി നില്‍ക്കുന്ന കലാപം രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലൊന്നുമില്ല. ശക്തമായ കേന്ദ്ര സര്‍ക്കാറുണ്ടെന്നും സംസ്ഥാനം കൂടി ബി ജെ പി ഭരിക്കുന്നതിനാല്‍ മികച്ച സര്‍ക്കാറാണെന്നും അവകാശപ്പെടുന്നവര്‍ക്ക് മണിപ്പൂര്‍ വിഷയത്തില്‍ എന്ത് മറുപടിയാണ് പറയാനുള്ളത്. ഈ വിഷയത്തില്‍ ഒരു വാക്ക് ഉച്ചരിക്കാതെയാണ്

പ്രധാനമന്ത്രി അമേരിക്കയിലേക്ക് വന്നതും പോയതും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. ഏറ്റവും ഒടുവില്‍ അദ്ദേഹം നടത്തിയ മന്‍ കി ബാത്തില്‍ ഇതു സംബന്ധിച്ച നിലപാട് പ്രഖ്യാപിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ജനങ്ങള്‍ ശാന്തരായിരിക്കണമെന്നെങ്കിലും പറയാന്‍ അദ്ദേഹത്തെ വിമുഖനാക്കുന്ന ഘടകമെന്താണ്? സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യേണ്ടതായിരുന്നുവല്ലോ. നിരവധി വിഷയങ്ങളെ കുറിച്ച് വാചാലനാകുന്ന അദ്ദേഹത്തിന്റെ മനസ്സില്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെ മനുഷ്യര്‍ നിതാന്ത ഭയത്തില്‍ കഴിയുന്നുവെന്ന സത്യം കടന്നു വരുന്നില്ലെന്നാണോ മനസ്സിലാക്കേണ്ടത്. മണിപ്പൂരിലെ പ്രതിപക്ഷ എം എല്‍ എമാര്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം മുഖം നല്‍കിയില്ല. അനുമതി കാത്ത് ഡല്‍ഹിയില്‍ കഴിഞ്ഞ അവര്‍ക്ക് നിരാശയായിരുന്നു ഫലം. തീയാളുന്നത് കണ്ടു കൊണ്ട് അദ്ദേഹം വിമാനം കയറുകയും ചെയ്തു. മണിപ്പൂരില്‍ നിന്നുള്ള പ്രതിപക്ഷത്തിന്റെ ഒരു സംഘവും ഭരണ കക്ഷിയായ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിന്നുള്ള രണ്ട് സംഘങ്ങളുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരം തേടിയിരുന്നത്. പ്രാദേശിക വികാരത്തില്‍ നിന്ന് വംശീയതയിലേക്ക് വഴിമാറിയ കലാപം ഇപ്പോള്‍ കടുത്ത വര്‍ഗീയ നിറം കൈവരിച്ചിരിക്കുന്നു.

ബി ജെ പി സര്‍ക്കാറിന്റെ വിവേചനപരവും നിരുത്തരവാദപരവുമായ സമീപനങ്ങളാണ് സംഘര്‍ഷത്തിന്റെ പ്രത്യക്ഷ കാരണമായത്. പക്ഷപാതപരമായി മെയ്തികളെ പിന്തുണക്കുകയും ഏറെയും ക്രിസ്തുമത വിശ്വാസികളായ കുകികളെ എല്ലാ അര്‍ഥത്തിലും തഴയുകയുമാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍, മെയ്തി വിഭാഗത്തെ പട്ടിക വര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശം പ്രശ്നത്തിന് അടിയന്തര കാരണമായി. ജനങ്ങള്‍ രണ്ടായി പിളരുമെന്ന് ഉറപ്പുണ്ടായിട്ടും എന്തിനാണ് ഈ സംവരണ നയം സര്‍ക്കാര്‍ പുറത്തെടുത്തിട്ടത്.

ഈ സംവരണ നയം തങ്ങളുടെ വാസമേഖലയായ പര്‍വത, വനാതിര്‍ത്തി മേഖലയിലേക്ക് മെയ്തികള്‍ കടന്നു കയറുന്നതിന് ഇടയാക്കുമെന്ന് സ്വാഭാവികമായും കുകി, നാഗാ വിഭാഗങ്ങള്‍ ഭയക്കുന്നു. കുകികള്‍ക്കിടയിലെ ചില തീവ്ര ഗ്രൂപ്പുകള്‍ ഇത് അവസരമായെടുത്തു. കുകികളെ നുഴഞ്ഞുകയറ്റക്കാരും വനം കൊള്ളക്കാരുമായി ചിത്രീകരിക്കുന്നതാണ് മറ്റൊരു പ്രശ്നം. വനഭൂമി സര്‍വേ നടത്തുന്നതിന്റെ യഥാര്‍ഥ ലക്ഷ്യം തങ്ങളെ സ്വന്തം ഭൂപ്രദേശത്തില്‍ നിന്ന് കുടിയൊഴിപ്പിക്കലാണെന്ന് കുകി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരിൽ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനവും അവരെ പ്രകോപിപ്പിച്ചു. ദീര്‍ഘകാലമായി നില നില്‍ക്കുന്ന മെയ്തി- കുകി സംഘര്‍ഷത്തിന്റെയും സംശയത്തിന്റെയും തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന കലാപമെന്ന വിലയിരുത്തല്‍ തിരുത്താന്‍ സമയമായിരിക്കുന്നുവെന്നാണ് മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സൂക്ഷ്മമായി പഠിച്ചാല്‍ മനസ്സിലാകുന്നത്.

ഇപ്പോള്‍ അവിടെ നടക്കുന്നത് വര്‍ഗീയ കലാപം തന്നെയാണ്. ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നത്. മെയ്തി വിഭാഗത്തിലുള്ള ക്രിസ്ത്യാനികളും ആക്രമിക്കപ്പെടുന്നുവെന്നത് ഇതിന് തെളിവാണ്. പള്ളികളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. പുരോഹിതന്‍മാര്‍ക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതി സംജാതമാകുന്നു . സംവരണ വിഷയത്തിലെ കോടതി വിധി മറയാക്കി കലാപം സൃഷ്ടിക്കുകയും അതിന്റെ പഴുതില്‍ ക്രിസ്ത്യന്‍ വേട്ടക്ക് കളമൊരുക്കുകയും ചെയ്യുകയെന്ന എവിടെയോ എഴുതപ്പെട്ടുവെന്ന് വേണം മനസ്സിലാക്കാന്‍.

മണിപ്പൂർ കലാപ മേഖലയിൽ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ്സ് എം പിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ പറയുന്നതും ഇതേ വിഷയം തന്നെയാണ് . മണിപ്പൂര്‍ ട്രൈബല്‍ ഫോറം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല ഹരജിയിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിട്ടും ഹരജി അടിയന്തരമായി കേള്‍ക്കാന്‍ പരമോന്നത കോടതി തയ്യാറായില്ലെന്നത് വല്ലാത്ത നിരാശയുണ്ടാക്കുന്നു. ഈ തീക്കളി ഭരണകക്ഷിയായ ബി ജെ പി അവസാനിപ്പിക്കാതെ ഏത് സുരക്ഷാ വിഭാഗത്തെ ഇറക്കിയിട്ടും കാര്യമില്ല. സമാധാന സമിതിയുണ്ടാക്കിയിട്ടും ഫലമില്ല എന്ന തിരിച്ചറിവ് ഉണ്ടായാൽ നന്ന്.

ലീല മാരേട്ട്
(ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ്)

Author

Leave a Reply

Your email address will not be published. Required fields are marked *