മണിപ്പൂര്‍- പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യത്തിന് അപമാനം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കൊച്ചി: മണിപ്പൂരിൽ നാളുകളായി തുടരുന്ന കലാപത്തിലും, കൊലപാതകങ്ങളിലും പ്രധാനമന്ത്രിയുടെ നിഷ്ക്രിയ സമീപനവും, മൗനവും ഇടപെടലുകള്‍ നടത്താത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചോട്ടവും ജനാധിപത്യഭരണത്തിന് അപമാനമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

വിവിധ ഗോത്രങ്ങള്‍ തമ്മിലുള്ള അക്രമങ്ങളെന്ന് ന്യായവാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവിധ ഗോത്രങ്ങളിലെ ക്രൈസ്തവര്‍ മാത്രം എങ്ങനെ കലാപ ഇരകളാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സർക്കാരനാവുന്നില്ല. ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും

മാത്രമാണ് തകര്‍ക്കപ്പെട്ടത്. ഭരണനേതൃത്വങ്ങളുടെ നിഷ്‌ക്രിയ സമീപനം മണിപ്പൂര്‍ കലാപം സർക്കാർ പിന്തുണയുള്ള ആസൂത്രിത കലാപ അജണ്ടയെന്നു വ്യക്തമാക്കുന്നു. സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിനും ജനജീവിതം പൂര്‍വ്വസ്ഥിതിയിലെത്തിക്കുന്നതിനും പാലായനം ചെയ്യപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും അടിയന്തര ശ്രമങ്ങളുണ്ടാകണം.

മണിപ്പൂരില്‍ പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും സമാധാനത്തിനായി പ്രാര്‍ത്ഥിച്ചും ജൂലൈ 2ന് ഞായറാഴ്ച കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തിരിക്കുന്ന മണിപ്പൂര്‍ ദിനാചരണത്തില്‍ ഇന്ത്യയിലെ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളും ബഹുജനസംഘടനകളും രാജ്യത്തുടനീളം പങ്കുചേരും. മണിപ്പൂരില്‍ നിന്ന് പലായനം ചെയ്യപ്പെടുന്ന ക്രൈസ്തവ സഹോദരങ്ങളെ ഇന്ത്യയിലെ വിവിധ കത്തോലിക്കാ രൂപതകള്‍ ദത്തെടുക്കും. വിദ്യാര്‍ത്ഥികളായവരെ ദത്തെടുക്കുവാന്‍ വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ടെന്ന് വി.സി. സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി

Author

Leave a Reply

Your email address will not be published. Required fields are marked *