മണിപ്പൂര്‍ കലാപം- കേരളത്തിലെ ബിജെപിക്കാര്‍ ഓടിയൊളിച്ചെന്ന് സുധാകരന്‍

Spread the love

റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും കുരിശുമല കയറിയും ക്രിസ്മസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന കേരളത്തിലെ ബിജെപിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല നടക്കുമ്പോള്‍ ഓടിയൊളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആട്ടിന്‍തോലിട്ട ചെന്നായുടെ തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവര്‍പോലും ഇനി അടുപ്പിക്കാനാവാത്ത വിധം അകന്നുപോയി.

രണ്ടു മാസമായി മണിപ്പൂര്‍ കത്തിയെരിയുകയും 120 പേരെ കൊന്ന് ക്രിസ്ത്യന്‍ സമൂഹത്തെ വേട്ടയാടിയിട്ടും പ്രധാനമന്ത്രി അതീവഗൗരവമുള്ള ഈ വിഷയത്തില്‍ ഇടപെട്ടില്ല. മണിപ്പൂരില്‍നിന്നെത്തിയ ജനപ്രതിനിധികളെയോ, പ്രതിപക്ഷ സംഘടനകളെയോ കാണാതെ അദ്ദേഹം അമേരിക്കയ്ക്കു പറന്നു. ഇത്രയും നിഷ്ഠൂരമായ സംഭവത്തെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ല.

അതേസമയം, മണിപ്പൂരില്‍ സ്‌നേഹയാത്രയുമായി എത്തിയ രാഹുല്‍ ഗാന്ധിയെ ബിജെപി സര്‍ക്കാര്‍ റോഡില്‍ തടഞ്ഞെങ്കിലും ആയിരക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരന്നുനിന്ന് വരവേറ്റു. പ്രധാനമന്ത്രി പോകാത്തിടത്ത് രാഹുല്‍ ഗാന്ധി പോകണ്ട എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെയും മണിപ്പൂര്‍ സര്‍ക്കാരിന്റെയും തീരുമാനം. ഇതിനെ മറികടന്ന് ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ ഇരുവിഭാഗവും ഊഷ്മളമായി സ്വീകരിച്ചു. വര്‍ഗീയ അജണ്ടയുള്ള പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു സ്വീകാര്യത ലഭിക്കില്ല.

249 ക്രിസ്ത്യന്‍ പള്ളികള്‍ വര്‍ഗീയകലാപം ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ തകര്‍ത്തെന്നാണ് ഇംപാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോന്‍ ചൂണ്ടക്കാട്ടിയത്. മെയ്‌തെയ് വിഭാഗക്കാരനായ മുഖ്യമന്ത്രി ഭരിക്കുന്ന മണിപ്പൂരില്‍ പട്ടാളത്തിന്റെ അയ്യായിരത്തിലധികം തോക്കുകളും അവരുടെ യൂണിഫോമുമൊക്കെ ആ വിഭാഗത്തിലുള്ളവര്‍ക്ക് ലഭിച്ചത് യാദൃച്ഛികമല്ല. മണിപ്പൂരില്‍ നടക്കുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ നടക്കുന്ന ആസൂത്രിതമായ വംശഹത്യയാണ്. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്കു സമാനമാണിത്.

15 വര്‍ഷം മണിപ്പൂരില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ബോബി സിംഗ് ഭരിച്ചപ്പോള്‍ അവിടെ കലാപം ഉണ്ടായിട്ടില്ല. ഇതിനു മുമ്പ് 2001ല്‍ കലാപം ഉണ്ടായപ്പോള്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നു. ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഭരണമേറ്റ 2017 മുതലാണ് മണിപ്പൂര്‍ കലാപഭരിതമായത്. രണ്ടു മാസമായിട്ടും കലാപം നിയന്ത്രിക്കാന്‍ കഴിവില്ലാത്ത മണിപ്പൂര്‍ മുഖ്യമന്ത്രി അടിയന്തരമായി രാജിവച്ച് മാതൃക കാട്ടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *