ഡോക്ടര്‍മാരുടെ മികച്ച സേവനം ഉറപ്പാക്കാന്‍ സമൂഹത്തിന്റെ പിന്തുണയാവശ്യം: മന്ത്രി വീണാ ജോര്‍ജ്

Spread the love

ജൂലൈ 1 ഡോക്‌ടേഴ്‌സ് ദിനം.

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ മികച്ച സേവനം ഉറപ്പാക്കാന്‍ സമൂഹത്തിന്റെ പിന്തുണയാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യപരമായി ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് ഡോക്‌ടേഴ്‌സ് ഡേയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഡോക്ടര്‍മാരുടെ സേവനത്തിന്റെ മാഹാത്മ്യം ഏറ്റവുമധികം ബോധ്യപ്പെട്ട കാലഘട്ടം കൂടിയാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം ചെറുക്കാന്‍ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഇതുകൂടാതെ ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. എല്ലാ ഡോക്ടര്‍മാര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.

വെല്ലുവിളികള്‍ അതിജീവിച്ചുകൊണ്ട് നിസ്വാര്‍ത്ഥ സേവനത്തിലൂടെ നാടിന്റെ പുരോഗതിയ്ക്കായി പോരാടുന്ന ഡോക്ടര്‍മാരെ ആദരിക്കാനാണ് ഡോക്‌ടേഴ്‌സ് ദിനം ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിന് ജനിച്ച് 1962 ജൂലൈ ഒന്നിന് മരണമടഞ്ഞ ഡോ. ബി.സി. റോയ്‌യുടെ സ്മരണാര്‍ത്ഥമാണ് ജൂലൈ ഒന്നിന് ഡോക്‌ടേഴ്‌സ് ദിനം ആചരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗജന്യമായി രോഗികളെ പരിശോധിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

ഇത്തവണത്തെ ഡോക്‌ടേഴ്‌സ് അവാര്‍ഡ് പുതിയ മാര്‍ഗരേഖയനുസരിച്ചായിരിക്കും. കോവിഡ് സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡിലും അവാര്‍ഡ് തുകയിലും മാറ്റം വരുത്താന്‍ തീരുമാനിച്ചു. ഇതിനായി മാര്‍ഗരേഖ തയ്യാറാക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 15ന് അവാര്‍ഡ് വിതരണം ചെയ്യുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *