ഈ വർഷത്തെ വനമഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാളെ ( ജൂലൈ 1 ,ശനിയാഴ്ച ) രാവിലെ 10.30 ന് തേക്കടിയിൽ നിർവഹിക്കും. 1950 മുതൽ ജൂലൈ ആദ്യവാരങ്ങളിൽ നടത്തിവരുന്ന വനം, പരിസ്ഥിതി സംരക്ഷണ പ്രചാരണ പരിപാടിയാണ് വനമഹോത്സവം. ‘പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വർഷങ്ങൾ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാഥിതിയായിരിക്കും. വാഴൂർ സോമൻ എം. എൽ. എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നടത്തും. എം.ൽ.എമാരായ എം.എം മണി, അഡ്വ.എ. രാജ, പി.ജെ. ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസ്, ജില്ലാ കളക്ടർ ഷീബ ജോർജ് , മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും .
വനമഹോത്സവത്തോടനുബന്ധിച്ച് മനുഷ്യ-വന്യജീവി സംഘർഷ പരിഹാരത്തിനായുള്ള പ്രായോഗിക മാർഗങ്ങൾ രൂപപ്പെടുത്തുന്നതിനായി ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സെമിനാർ, പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വർഷത്തെ നാൾവഴികൾ ഉൾപ്പെടുത്തി ഫോട്ടോ പ്രദർശനം, വനവാസി സമൂഹത്തിന്റെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളിൽപ്പെട്ട 72 ഓളം വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള എന്നിവ സംഘടിപ്പിക്കും. ഇതോടൊപ്പം പെരിയാർ തടാകത്തിലെ തനത് മൽസ്യങ്ങളുടെ വൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന ആഫ്രിക്കൻ മുഷി നിർമാർജ്ജന യജ്ഞം, തദ്ദേശീയ ഇനം വൃക്ഷത്തെ നടീൽ, വിതരണം എന്നിവയും ഉണ്ടാകും.