കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ കള്ളക്കേസെടുത്ത പിണറായി സര്‍ക്കാരിന്റെ നടപടയില്‍ പ്രതിഷേധിച്ചും മാധ്യമകൂച്ചുവിലങ്ങിനും എതിരേ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കുമാണ് മാര്‍ച്ച് നടത്തിയത്. കനത്ത മഴയെ അവഗണിച്ച് പതിനായിരങ്ങളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. സമാധാനപരമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പലയിടത്തും പോലീസ് പ്രകോപനം സൃഷ്ടിച്ചു.
കൊല്ലത്തും കാസര്‍ഗോഡും മലപ്പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ കാസര്‍കോട് ഡിസിസി പ്രസിഡന്റ് പികെ ഫൈസലിന് തലക്ക് പരിക്കേറ്റു. വിവിധ ഇടങ്ങളില്‍ ഉണ്ടായ പോലീസ് അതിക്രമത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്ത് വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പടെ പോലീസ് കയ്യേറ്റം ചെയ്തു. കനത്ത മഴയെതുടര്‍ന്ന് ആലപ്പുഴയിലെ എസ്പി ഓഫീസ് മാര്‍ച്ച് മറ്റൊരു ദിവസത്തേക്ക് മറ്റിവെച്ചു.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നിര്‍വഹിച്ചു. കൊല്ലത്ത് പിസി വിഷ്ണുനാഥ് എംഎല്‍എയും പത്തനംതിട്ടയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ഇടുക്കിയില്‍ കെ.സി.ജോസഫും എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും തൃശ്ശൂരില്‍ രമേശ് ചെന്നിത്തല എംഎല്‍എയും പാലക്കാട് വികെ ശ്രീകണ്ഠന് എംപിയും മലപ്പുറത്ത് എ.പി അനില്‍കുമാര്‍ എംഎല്‍എയും കോഴിക്കോട് കെ.മുരളീധരന് എംപിയും വയനാട് ടി.സിദ്ധിഖ് എംഎല്‍എയും കണ്ണൂരില്‍ എഐസിസി സെക്രട്ടറി വിശ്വനാഥന് പെരുമാളും കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും എസ്പി ഓഫീസ് മാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു.