മലയാളത്തിലെ നിരവധി ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവായ അച്ചാണി രവിയെന്ന രവീന്ദ്രനാഥന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.
മലയാളത്തിന് നല്ല സംവിധായകരെയും നല്ല സിനിമകളും നല്‍കിയ നിര്‍മ്മാതാവിയിരുന്നു അച്ചാണി രവി. വിപണന തന്ത്രത്തിലുപരി കലാമൂല്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത നിര്‍മ്മാതാവ്. ജനറല്‍ പിക്‌ചേഴ്‌സ് നിര്‍മ്മിച്ച 14 സിനിമകള്‍ക്കും 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചതാണ് അതിനുള്ള തെളിവ്.
സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭം മുഴുവന്‍ കലാ, സാംസ്‌കാരികരംഗത്ത് ചെലവഴിച്ച മനുഷ്യ സ്‌നേഹി. കൊല്ലം നഗരത്തില്‍ പബ്‌ളിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, സോപാനം കലാകേന്ദ്രം, ചില്‍ഡ്രന്‍സ് ലൈബ്രറി, ആര്‍ട്ട് ഗാലറി, ബാലഭവന്‍ കെട്ടിടം, തിയേറ്ററുകള്‍ അങ്ങനെ നിരവധി സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. കൊല്ലത്തിന്റെ കശുവണ്ടിപ്പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനൊപ്പമാണ് അദ്ദേഹം സിനിമാരംഗത്തും സജീവമായത്.
അച്ചാണി രവിയുടെ നിര്യാണം സിനിമ, സാംസ്‌കാരിക മേഖലയുടെ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക്‌ചേരുന്നു.