മുപ്പത്തിയെട്ട് പുള്ളികള്‍ – ലാലി ജോസഫ് (ചെറുകഥ )

Spread the love

ഒന്ന് രണ്ട് മൂന്ന് നാല് ഇത്രയും എണ്ണികഴിഞ്ഞപ്പോള്‍ അവള്‍ എന്‍റെ മുന്‍മ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി. കഷ്ടം നല്ല ആവേശത്തോടെ എണ്ണി തുടങ്ങിയതായിരുന്നു. ഇനിയും ആദ്യം മുതലേ തുടങ്ങണമല്ലോ.. ഇങ്ങിനെ ചിന്തിച്ചു നിന്നപ്പോള്‍ ദേ അവള്‍ കയറി വരുന്നു.

എന്‍റെ മുന്‍മ്പില്‍ ആദ്യം നിന്ന സ്ഥലത്തു തന്നെ വന്നു നിന്നു. റെസ്റ്റു റൂമില്‍ പോയി വന്നതായിരിക്കും.. എന്‍റെ കണ്ണുകള്‍ അവളുടെ പുറത്ത് തറച്ചു നിന്നു. അവളുടെ മുതുകത്ത് ഉള്ള കറുത്ത മറുകിലും പിന്നെ അവിടവിടെ വ്യാപിച്ചു കിടക്കുന്ന കറുത്ത പുള്ളിക്കുത്തും ഞാന്‍ നിശബ്ദമായി എണ്ണാന്‍ തുടങ്ങി. പള്ളിയാണെന്നോ കുര്‍ബ്ബാന നടക്കുകയാണെന്നോ ഉള്ള ചിന്തകളെല്ലാം ഒരു നിമിഷം എന്‍റെ മനസില്‍ നിന്ന് വിട്ടു പോയി.

മനുഷ്യനല്ലേ എത്ര നേരം അള്‍ത്താരയിലേക്കു തന്നെ നോക്കി നില്‍ക്കാന്‍ പറ്റും. അപ്പോഴാണ് എന്‍റെ മുന്‍മ്പില്‍ അവള്‍ പ്രത്യക്ഷപ്പെട്ടത്. നല്ല മോടിയായിട്ട് വസ്ത്രധാരണം ചെയ്താണ് അവള്‍ വന്നിരിക്കുന്നത്. സാരിയാണ് വേഷം. കഴുത്ത് വളരെ താഴ്ത്തി വെട്ടിയ ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. പുറംപോക്ക് ഭൂമി എന്നൊക്കെ ആള്‍ക്കാര്‍ ഇങ്ങിനെ പുറം കാണിച്ചു വരുന്നവരെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ട്.

എന്‍റെ മുന്‍മ്പില്‍ വളരെ വ്യത്തിയായി ഈ പുറംപോക്ക് ഭൂമി കാണിച്ചു നിന്നപ്പോള്‍ അവിടെ കണ്ട കുത്തും പുള്ളികളും എണ്ണണമെന്ന് എനിക്ക് തോന്നിയതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇല്ലന്ന് തന്നെയാണ് എനിക്കു തോന്നുന്നത്.

ദേ പെട്ടെന്ന് അവള്‍ ഇരിക്കുന്നു. അപ്പോഴാണ് മനസിലായത് അച്ചന്‍ അവിടെ പ്രസംഗം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പ്രസംഗത്തില്‍ അച്ചന്‍ പറയുന്നു മനുഷ്യന്‍ ബലഹീനനാണ് തെറ്റുകള്‍ മനുഷ്യസഹജമാണ്. തെറ്റുകള്‍ ചെയ്യാത്തവരായി ആരും ഇല്ല. ആ തെറ്റുകള്‍ ഏറ്റു പറഞ്ഞ് പശ്ചാത്തപിക്കുമ്പോഴാണ് നമ്മള്‍ ദൈവത്തിന് ഇഷ്ടമുള്ളവരായി മാറുന്നത്. ഹോ ആശ്വസമായി ഇനി ഇപ്പം ഇതൊരു തെറ്റാണെങ്കില്‍ തന്നെ പശ്ചാത്തപിച്ചാല്‍ മതിയല്ലോ. അഞ്ചു പൈസയുടെ നഷ്ടമില്ലല്ലോ. പ്രസംഗം കഴിഞ്ഞ് വീണ്ടും എഴുന്നേറ്റപ്പോള്‍ ദേ വീണ്ടും അവളുടെ സാരി ബ്ലൗസിന്‍റെ മുകളിലത്തെ ലൈനില്‍ ക്യത്യമായി അവള്‍ വച്ചിട്ടുണ്ട്. ഇവളെന്താ ഞാന്‍ ഇവളുടെ പുറംമ്പോക്കു ഭൂമി കണ്ടോളും എന്ന് ഒരു മൗന സമ്മതം തന്നതു പോലെ തോന്നി.

വീണ്ടും പുള്ളികള്‍ എണ്ണാനുള്ള ആഗ്രഹം ജനിച്ചു. കര്‍ത്താവേ എന്നോടു പൊറുക്കണെ എന്നൊരു പ്രാര്‍ത്ഥനയും നടത്തി വീണ്ടും ഞാന്‍ മുതുകത്തെ മറുക് എണ്ണല്‍ ജോലിയിലേക്ക് കടന്നു. ക്യത്യം മുപ്പത്തിയെട്ട്. ഇനി കണ്ണുകള്‍ മാറ്റിപിടിക്കാം എന്നു തീരുമാനിച്ചു. കൈകള്‍ കൂപ്പി അള്‍ത്താരയിലേക്കു ദ്യഷ്ടി പതിപ്പിച്ചു. ദൈവമേ വേണ്ടാത്ത വിചാരങ്ങള്‍ ഒന്നും എന്നില്‍ ഉണ്ടാവരുതേ!!. അച്ചന്‍ തിരിഞ്ഞു നിന്ന് പ്രാര്‍ത്ഥനാശകലങ്ങള്‍ ഉരുവിടുന്നുണ്ട്,
അല്പം സമയം കഴിഞ്ഞപ്പോള്‍ വീണ്ടും ഞാന്‍ എണ്ണിയ നമ്പര്‍ മനസിലേക്കു വന്നു. മുപ്പത്തിയെട്ടു പുള്ളികുത്തുകള്‍. പല പ്രാവശ്യം എണ്ണി ആ നമ്പര്‍ ഞാന്‍ ഉറപ്പു വരുത്തികഴിഞ്ഞിരുന്നു.

കുര്‍ബ്ബാന കഴിഞ്ഞു ജനം പിരിഞ്ഞു. വീട്ടീല്‍ വന്ന് എന്‍റെ സഹധര്‍മ്മിണിയോടു ഞാന്‍ കുര്‍ബ്ബാനക്ക് ഇടയില്‍ നടത്തിയ മറുക് എണ്ണല്‍ കഥ പറഞ്ഞു കേള്‍പ്പിച്ചു.

എന്ത് വ്യത്തികേടാണ് നിങ്ങള് ചെയ്തത് പള്ളിയില്‍ പോകുന്നത് പ്രര്‍ത്ഥിക്കാനാണ് അല്ലാതെ!!!!!! പറഞ്ഞത് മുഴുവനും ആക്കാതെ അവള്‍ നടന്നകന്നു.

ഇതൊക്കെ വീട്ടില്‍ അവതരിപ്പിച്ച എന്‍റെ ഒരു മന്ദബുദ്ധി അല്ലാതെ എന്തു പറയാനാണ്?
പെണ്ണിന്‍റെ കൈയ്യില്‍ എന്തെങ്കിലും കിട്ടിയാല്‍ കൊടുങ്കാറ്റിനേക്കാട്ടിലും വേഗത്തില്‍ പറക്കും എന്ന് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ളത് എത്ര ശരിയാണ്.

അടുത്ത ഞായറാഴ്ച കുര്‍ബ്ബാന കഴിഞ്ഞു വീട്ടീല്‍ വന്നപ്പോള്‍ എന്‍റെ ഭാര്യ പറയുകയാണ്.. അതേയ് ഞാന്‍ ആ കാര്യം അവളോടു ചോദിച്ചു. ഏതു കാര്യം? ആകാംക്ഷയോടെ ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി.

38 പുള്ളികുത്തിന്‍റെ കാര്യം.. നിങ്ങള്‍ ഇത്ര പെട്ടന്ന് മറന്നോ? എന്‍റെ സൂസി അത് കഴിഞ്ഞ ഒരു അധ്യായം അല്ലേ!! നീ അതു പറഞ്ഞു പ്രശ്നം ആക്കീയോ?

എന്‍റെ കയ്യും കാലും തളരുന്നതു പോലെ തോന്നി. പള്ളിയില്‍ ഞാന്‍ ഒരു മാന്യനായ വ്യക്തി ആയിട്ടാണ് എന്നെ എല്ലാംവരും കാണുന്നത്. ഭാര്യ നിര്‍ത്താതെ പറഞ്ഞു കൊണ്ടേയിരിക്കുകയാണ് ٹ.ഞാന്‍ വിചാരിച്ചു അതു കേള്‍ക്കുമ്പോള്‍ അവള്‍ക്ക് ഒരു ജാള്യത തോന്നും എന്ന്.

നമ്മള്‍ പലതും മുന്‍കൂട്ടി കരുതുന്നതു പോലെ അല്ല യാഥാര്‍ദ്ധ്യത്തില്‍ സംഭവിക്കുന്നത്. എന്തൊരു തൊലിക്കട്ടിٹ. ഏതാണ്ടും വലിയ കാര്യം ചെയ്തതു പോലെയുള്ള ഒരു മട്ടും ഭാവയുംٹ ആകാംക്ഷയുടെ മുള്‍മുനയില്‍ ഞാന്‍ എത്തി നീ വളച്ചു കെട്ടാതെ ഒന്നു തെളിച്ചു പറയ്. അന്ന് സംഭവിച്ചത് അവിടെ ഉപേക്ഷിച്ചു പോരാത്ത എന്‍റെ വിഡ്ഡിത്തം ഓര്‍ത്തപ്പോള്‍ എനിക്ക് എന്നോടു തന്നെ ദേഷ്യം തോന്നി. ഒരോന്നും ഉണ്ടാക്കി വച്ചിട്ട്ٹ. അവള്‍ പിന്നെയും അവിടേയും ഇവിടേയും തൊടാതെ എന്തൊക്കയോ പുലമ്പുന്നുണ്ട്.

ഇത്രയും ആയപ്പോള്‍ എന്‍റെ കട്രോള്‍ പോകുമോ എന്നു ഞാന്‍ ഭയപ്പെട്ടു,, നീ ഒന്നു കാര്യം തെളിച്ചു പറയ് സൂസി, മനുഷ്യനെ ടെന്‍ഷ്യന്‍ അടിപ്പിക്കാതെٹഅതേയ് അവളോടു ഞാന്‍ വളരെമയപ്പെട്ട രീതിയില്‍ ഈ കാര്യം അവതരിപ്പിച്ചു.

അപ്പോള്‍ അവള്‍ക്ക് ഭയങ്കര സന്തോഷം അവള്‍ നിങ്ങളെ അന്യേഷിച്ചു അവിടെ നടക്കുന്നതു കണ്ടു.. എന്തിനാണന്നോ ബാക്കി മറുകോ പുള്ളികുത്തോ പുറത്തു ഉണ്ടെങ്കില്‍ എണ്ണാന്‍ വേണ്ടി.. പറഞ്ഞതു തന്നെ അബദ്ധമായി പോയെന്നു തോന്നി. ഇങ്ങിനേയും ഉണ്ടോ മനുഷ്യര്!!!!

ഓ രക്ഷപ്പെട്ടു.. ഞാന്‍ വിചാരിച്ചു ഈ സംഭവം വലിയ ഒരു സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന്. ഏതായാലും വളരെ ശാന്തവും സമാധാനവുമായി പര്യവസാനിച്ചതിന്‍റെ ഒരു സന്തോഷത്തില്‍ ഒരു മൂളിപാട്ടും പാടി ഞാന്‍ സ്ഥലം കാലിയാക്കി. പുലിയെ പോലെ വന്നതു എലിയെ പോലെ പോയി . പിന്നെ എന്നെ കാണുമ്പോള്‍ നമ്മുടെ കഥാനായികക്ക് വളരെ സന്തോഷം ഞാന്‍ ഏതാണ്ട് നല്ല കാര്യം അവള്‍ക്കു വേണ്ടി ചെയ്തതു പോലെയാണ് അവളുടെ മട്ടും ഭാവവും കണ്ടാല്‍..

എനിക്ക് ഒരു കാര്യം മനസിലായി നമ്മള്‍ വലിയ പൊട്ടിതെറിയും മാലപ്പടക്കവും ഒക്കെ ഉണ്ടാകും എന്ന് വിചാരിക്കുന്ന സംഭവങ്ങള്‍ എത്ര നിസാരമായിട്ടാണ് അവസാനിക്കുന്നത്.
ആ സംഭവത്തിനു ശേഷം പള്ളിയിലേക്ക് കാലു കുത്തുമ്പോഴൊക്കെ ഈ പുള്ളിയാണ്
മനസിലേക്ക് ഓടി എത്തുന്നത്. മനസ് എന്നു പറയുന്നതും ഒരു വല്ലാത്ത പുള്ളിതന്നെയാ.

Short Story  – Laly Joseph –  ([email protected])

Author

Leave a Reply

Your email address will not be published. Required fields are marked *