അറ്റ്ലാന്റ: സ്വതന്ത്ര ഭാരതത്തിൽ നിലവിൽവന്ന ജനാധിപത്യം ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു എന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യം യാഥാർഥ്യമാകണമെങ്കിൽ സമൂഹം ജാതിചിന്ത വെടിയണമെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലിത്ത പ്രസ്താവിച്ചു.മതേതര ഭാരതം നേരിടുന്ന വെല്ലുവിളികളെ അധികരിച്ചു അറ്റ്ലാന്റയിൽ നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപോലിത്ത. ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർഗ്ഗീയ കലാപങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന മലയാളി സമൂഹവും സഭകളും നാളെ ഇതേ പ്രതിസന്ധിയിലൂടെ കടന്നു പോയാൽ സഹായിക്കാൻ ഒരു പക്ഷെ ആരും ഉണ്ടാവില്ലെന്നു തിരിച്ചറിയേണ്ടതുണ്ട് എന്നും കൂറിലോസ് മെത്രാപോലിത്ത പറഞ്ഞു.
ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്, അറ്റ്ലാന്റാ ചാപ്റ്ററിന്റെയും സത്യം മിനിസ്ട്രീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോ. സി.വി. വടവന മോഡറേറ്റർ ആയിരുന്നു. മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂർ, പ്രഭാഷകൻ പാസ്‌റ്റർ ജെയ്‌സ് പാണ്ടനാട്, പാസ്‌റ്റർ റെജി ശാസ്താംകോട്ട, ബിനു വടശ്ശേരിക്കര എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മണിപ്പൂരിൽ നടക്കുന്ന വംശഹത്യകളിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം സെമിനാറിൽ അവതരിപ്പിച്ചു പാസ്സാക്കി. സംഘർഷം പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളോടു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാസ്‌റ്റർ സിബി കുരുവിള സംസാരിച്ചു. പ്രകാശ് ജോസഫ് (വേൾഡ് മലയാളീ കൗൺസിൽ), ജോയി കരിക്കാടൻ (മുൻ മലയാള മനോരമ ഉദ്യോഗസ്ഥൻ) എന്നിവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്കുവെച്ചു. പൊതുയോഗത്തിൽ IAPC പ്രസിഡന്റ് ജോമി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം ടി. സാമുവേൽ സ്വാഗതവും ട്രെഷറർ ഗ്രേസി തര്യൻ കൃതജ്ഞതയും രേഖപ്പെടുത്തി. കോർ എപ്പിസ്കോപ്പ ബോബി ജോസഫ്, റവ. ജോർജുകുട്ടി മാത്യു, പാസ്‌റ്റർ മാത്യു വർഗ്ഗിസ്, ജോസഫ് വർഗ്ഗിസ് (IAPC), ഷാജി മാത്യു (WMC), കോശി മത്തായി (WMC)എന്നിവർ ഉൾപ്പെടെ നിരവധി പേർ സെമിനാറിലും യോഗത്തിലും പങ്കെടുത്തു.
റിപ്പോര്‍ട്ട് : നിബു വെള്ളവന്താനം
ഫോട്ടോ:
സെമിനാറിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് സംസാരിക്കുന്നു. സി.വി വടവന, അച്ചൻകുഞ്ഞു ഇലന്തൂർ, ജെയ്സ് പാണ്ടനാട്, ബിനു വടശ്ശേരിക്കര എന്നിവർ വേദിയിൽ.