ജനകൂട്ടത്തിന് നടുവില്‍ ജീവിച്ച ഉമ്മന്‍ചാണ്ടിയെ മരണശേഷവും ജനകൂട്ടം അനുഗമിക്കുന്ന അത്യപൂര്‍വ്വ കാഴ്ചയാണ് കഴിഞ്ഞ രണ്ടു പകലും ഒരു രാത്രിയും നാം കണ്ടത്. വിലാപയാത്രയിലെ ഓരോ ദൃശ്യവും ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് എത്രയേറെ പ്രിയപ്പെട്ടവനായിരുന്നതിന്റെ നേര്‍സാക്ഷ്യപ്പെടുത്തലായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുമായി ക്ഷമയോടെ മണിക്കൂറോളം ഉമ്മന്‍ചാണ്ടിയെ ഒരുനോക്ക് അവസാനമായി കാണാന്‍ വഴിവക്കത്ത് കാത്തിരുന്നവര്‍ ലക്ഷങ്ങളാണ്. പുതുപ്പള്ളി ജനസാഗരമായി മാറി. തന്നെ കാണാനെത്തുന്ന അവസാനത്തെയാളെയും കണ്ടുമടങ്ങുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ശൈലി. എന്നാല്‍ അസാമാന്യ ജനത്തിരക്കു കാരണം ഉമ്മന്‍ ചാണ്ടിയെ ഒരു നോക്കുകാണാന്‍ കഴിയാതെ പോയവരുമുണ്ട്. അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രക്ക് തിരുവനന്തപുരത്ത് നിന്നും കോട്ടയം പുതുപ്പള്ളിവരെയുള്ള 158 കി.മീ താണ്ടാന്‍ രണ്ടുപകലും ഒരു രാത്രിയും വേണ്ടിവന്നു. ഇത്തരമൊരു വിടവാങ്ങല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇതൊരു ചരിത്ര സംഭവമാണ്.
ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്റെ വിലാപയാത്രയിലും സംസ്‌കാരചടങ്ങുകളിലും നേരിട്ടും അല്ലാതെയും പങ്കെടുത്ത എല്ലാവരോടും കെപിസിസിയുടെ അഗാധമായ നന്ദിയും സ്നേഹവും അറിയിക്കുന്നു. അദ്ദേഹം നമ്മേ വിട്ടുപിരിഞ്ഞെങ്കിലും ഓര്‍മ്മകള്‍ക്ക് മരണമില്ല.
ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനു നല്കിയ സംഭാവനകള്‍ നന്ദിയോടെ അനുസ്മരിക്കുന്നു. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തുകൂടി പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന ഉമ്മന്‍ചാണ്ടി കേരളത്തില്‍ കോണ്‍ഗ്രസിനെ ഊര്‍ജ്ജസ്വലമായ സംഘടനയാക്കി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായും എഐസിസി ജനറല്‍ സെക്രട്ടറിയായും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അംഗമായും പാര്‍ട്ടിയെ ജനകീയമാക്കി.
യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മുന്നണിയെ ശക്തവും കെട്ടുറപ്പുള്ളതുമാക്കി. രണ്ടുവണ മുഖ്യമന്ത്രിയായും ആഭ്യന്തരം,ധനകാര്യം,തൊഴില്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തും സംസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്കി. പാവപ്പെട്ടവരേയും ദരിദ്രരേയും ചേര്‍ത്ത് നിര്‍ത്തി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. അതേസമയം, ഒരു ക്രാന്തദര്‍ശിയെപ്പോലെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് കുതിപ്പേകാന്‍ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം തുടങ്ങിയ വന്‍കിട പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കി.
4 തവണയായി അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടി 11.50 ലക്ഷം പേരുടെ കണ്ണീരൊപ്പി ചരിത്രത്തില്‍ ഇടംപിടിച്ചു. ഐക്യരാഷ്ട്രസംഘടന പൊതുജനസേവനത്തിനുള്ള അവാര്‍ഡ് നല്കി ഉമ്മന്‍ ചാണ്ടിയ ആദരിച്ചു. രാജ്യത്ത് ഈ അവാര്‍ഡിനര്‍ഹനായ ഏക മുഖ്യമന്ത്രിയാണ് ഇദ്ദേഹം.
കക്ഷിരാഷ്ട്രീയ ഭേദമന്യ വലിപ്പ ചെറുപ്പവ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുകയും സ്‌നേഹിക്കുകയും ചെയ്ത നേതാവാണ് ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വ്യക്തിത്വത്തിന് ഉടമയായ ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരു നേതാവിനെ സമൂഹത്തിന് സംഭാവന ചെയ്തതില്‍ കോണ്‍ഗ്രസിന് അഭിമാനമുണ്ട്. ഉമ്മന്‍ചാണ്ടിക്ക് പകരക്കാരന്‍ ഉമ്മന്‍ചാണ്ടി മാത്രം. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.
സ്നേഹപൂര്‍വം
കെ സുധാകരന്‍
കെപിസിസി പ്രസിഡന്റ്