ഡിമെൻഷ്യ: ഹോം നഴ്‌സുമാർക്കും കെയർഗിവേഴ്സിനും ശാസ്ത്രീയ പരിശീലനം നൽകുമെന്ന് മന്ത്രി

Spread the love

ഡിമെൻഷ്യ (സ്മൃതിനാശം) യെക്കുറിച്ച് ശാസ്ത്രീയമായ അറിവ് പകരൽ, ഡിമെൻഷ്യ ബാധിച്ചവരെ പരിചരിക്കുന്ന ഹോംനഴ്‌സുമാർ, കെയർഗിവേഴ്സ് എന്നിവർക്ക് ശാസ്ത്രീയമായ പരിശീലനപദ്ധതി, അവരുടെ രജിസ്‌ട്രേഷൻ എന്നിവ നടപ്പാക്കുമെന്ന് സംസ്ഥാന സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷൻ സംഘടിപ്പിക്കുന്ന ഡിമെൻഷ്യ സൗഹൃദ കേരളം എന്ന ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

2030 ഓടെ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 25 ശതമാനം വയോജനങ്ങൾ ആകുമെന്നാണ് കരുതുന്നത്. അത് മുൻകൂട്ടിക്കണ്ട് വയോജനങ്ങൾക്ക് എല്ലാവിധ സുരക്ഷയും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഡിമെൻഷ്യ ഏറ്റവും ഗുരുതരമായി വയോജനങ്ങളെ ബാധിക്കുന്നു. അതിനാൽ തന്നെ വളരെ ഗൗരവമായ രീതിയിൽ രോഗത്തെ അധിസംബോധന ചെയ്യേണ്ടതുണ്ട്.
സ്മൃതിനാശം ബാധിച്ചവരുടെ ചികിത്സ, പരിരക്ഷ, പുനരധിവാസം എന്നിവ വിശദമായി ചർച്ച ചെയ്തു ഏകീകൃത രൂപമുണ്ടാക്കാൻ വേണ്ടിയാണ് രണ്ടു ദിവസത്തെ പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. പരിശീലനത്തിൽ നിന്ന് ഉരുത്തിരിയുന്ന ആശയങ്ങൾ എല്ലാ വയോജനങ്ങളിലേക്കും എത്തുന്ന രീതിയിൽ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

മെമ്മറി ക്ലിനിക്കുകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉണ്ടാക്കാനുള്ള സംവിധാനം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാന വയോജന കമ്മീഷൻ യാഥാർഥ്യമാകുന്നതോടെ ഹോം നഴ്‌സുമാർ, കെയർഗിവേഴ്സ് എന്നിവരുടെ രജിസ്‌ട്രേഷൻ,

ഡിമെൻഷ്യയെക്കുറിച്ച് സമൂഹത്തിന് ശാസ്ത്രീയമായ അറിവ് പകരൽ, ശാസ്ത്രീയ പരിശീലനം എന്നിവ നടപ്പാക്കും. ഉന്നതമായ മാനവികബോധം സൂക്ഷിക്കുന്ന സമൂഹമെന്ന നിലയിൽ കേരളത്തിന് വയോജനങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് പുറംതിരിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് രംഗത്തെ ഡോ. എം ആർ രാജഗോപാൽ, സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷിബു എ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ഉമ്മുക്കുൽസു, അമരവിള രാമകൃഷ്ണൻ, ഷെരീഫ് പി എന്നിവർ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *